ഒറ്റ വർഷംകൊണ്ട് പണിതിറക്കിയത് അരലക്ഷം എസ്‌യുവികൾ, സ്കോഡയുടെ ലോട്ടറിയായി കൈലാക്
ഒക്‌ടാവിയ, റാപ്പിഡ് തുടങ്ങിയ സെഡാനുകളാണ് സ്കോഡ (Skoda) എന്ന ബ്രാൻഡിന് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്തത് എങ്കിൽ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളെ സാധാരണക്കാരിലേക്ക് അടുപ്പിച്ചത് ഇന്ത്യ 2.0 തന്ത്രത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ മൂവർ സംഘമാണ്. അതായത് കുഷാഖ്, സ്ലാവിയ, കൈലാക് എന്നിവരാണെന്ന് സാരം. സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് എത്തിയ മലയാളി പേരിട്ട കൈലാക് (Skoda Kylaq) ശരിക്കും ഒരു ഗെയിം ചേഞ്ചറായിരുന്നു. സ്കോഡ അതുവരെ സ്വപ്നം പോലും കാണാത്ത വിൽപ്പന കണക്കുകളാണ് മോഡൽ കമ്പനിക്കായി കൊണ്ടുവന്നത്.
2025 കലണ്ടർ വർഷത്തിൽ സ്കോഡ റെക്കോർഡ് വിൽപ്പന നേടിയതും കൈലാക്കിൻ്റെ ബലത്തിലായിരുന്നു. കുറഞ്ഞ വില, നല്ല പെർഫോമൻസ്, അന്യായ സേഫ്റ്റി അങ്ങനെയെല്ലാം കൂടി ഒന്നിച്ച് കിട്ടുന്ന സ്കോഡ എസ്‌യുവി അപൂർവങ്ങളിൽ അപൂർമാണ്. ഇപ്പോഴിതാ ഇന്ത്യയിൽ ഉത്പാദനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 50,000 യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് സ്കോഡ കൈലാക് സ്പോർട് യൂട്ടിലിറ്റി വാഹനം.

മഹാരാഷ്ട്രയിലെ ചക്കനിലുള്ള കമ്പനിയുടെ പ്ലാൻ്റിലാണ് ഉയർന്ന തലത്തിലുള്ള പ്രാദേശിക ഉറവിടത്തോടെ ഈ എസ്‌യുവി നിർമിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തോടുള്ള സ്കോഡ-ഫോക്‌സ്‌വാഗൺ ബ്രാൻഡിൻ്റെ ശക്തമായ പ്രതിബദ്ധതയെ കൂടിയാണ് ഇത് എടുത്ത് കാണിക്കുന്നത്. സ്കോഡയുടെ ആദ്യത്തെ സബ്-4 മീറ്റർ എസ്‌യുവിയാണ് കൈലാക്. 2025-ൽ വാർഷികാടിസ്ഥാനത്തിൽ 36 ശതമാനം വളർച്ചയാണ് കൈലാക് നേടിയത്.
2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള പ്രതിമാസ വിൽപ്പന ഡാറ്റ പ്രകാരം സ്കോഡ കൈലാക്ക് 46,872 യൂണിറ്റുകൾ മൊത്തം വിറ്റഴിച്ചിട്ടുണ്ട്. അതായത് പ്രതിമാസം എസ്‌യുവിയുടെ ശരാശരി 3,906 യൂണിറ്റുകൾ നിരത്തിലെത്തുന്നുണ്ടെന്ന് സാരം. 2025 ലെ മൊത്തം വിൽപ്പനയ്ക്കും 50,000 യൂണിറ്റ് നാഴികക്കല്ലിനും ഇടയിലുള്ള കുറവ് 2026 ജനുവരിയിലെ ഉത്പാദനവും വിതരണവും കൊണ്ട് മറികടക്കും. കൈലാക്കിൻ്റെ നിർമാണത്തെ പിന്തുണയ്ക്കുന്നതിനായി സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ ചക്കൻ പ്ലാൻ്റിലെ ശേഷി 30 ശതമാനം വർധിപ്പിച്ചു.

പ്രാദേശികവൽക്കരണ നിലവാരം ഉയർത്തുന്നതിനായി കമ്പനി ആഭ്യന്തര വിതരണക്കാരുമായുള്ള പങ്കാളിത്തവും വികസിപ്പിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള നിരവധി ഇന്ത്യൻ മോഡലുകൾക്ക് അടിസ്ഥാനമായിരിക്കുന്ന MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് കൈലാക്കും നിർമിച്ചിരിക്കുന്നത്. സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ തത്വങ്ങളുമായി പൊരുത്തപ്പെടുന്നതിനായി നിർമിച്ച ഈ എസ്‌യുവി ആദ്യ കാഴ്ച്ചയിൽ ബേബി കുഷാഖിനെ പോലെ തോന്നിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്.
ബട്ടർഫ്ലൈ ഗ്രില്ലിന്റെ ആധുനിക രൂപമാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുന്നുമുണ്ട്. സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ ടോപ്പ് വേരിയൻ്റുകളിൽ 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആരേയും നിരാശപ്പെടുത്താത്ത രീതിയിലാണ് വാഹനത്തെ കമ്പനി ഒരുക്കിയിരിക്കുന്നത്.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സീറ്റുകൾ, ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയെല്ലാമാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കിയിട്ടുള്ള വാഹനം കൂടിയാണിത്.
സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS പോലുള്ള സേഫ്റ്റി ഫീച്ചറുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. വില കൂടിയെങ്കിലും ഇനിയും ആളുകൾ സ്വന്തമാക്കുവാനായി എത്തുമെന്നതിൽ കമ്പനിക്ക് ആശങ്കകളൊന്നുമില്ല. നിർമാണ ചെലവുകളിലുണ്ടായ വർധനവാണ് ഇത്തരത്തിലൊരു വിലക്കയറ്റത്തിലേക്ക് ഇപ്പോൾ നയിച്ചിരിക്കുന്നത്.
1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ കൈലാക്കിൻ്റെ ഹൃദയം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എസ്‌യുവിക്ക് വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. ടോപ്പ് സ്പീഡ് 188 കിലോമീറ്ററായി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ നിജപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








