5-സ്റ്റാർ സേഫ്റ്റിയുള്ള ഒന്നാന്തരം കാർ, പക്ഷേ ഇനി വാങ്ങാൻ പോകുന്നവർ പൈസ കൂടുതൽ കരുതിക്കോ
പുതുവർഷപ്പിറവിയോടെ കാറുകൾക്കെല്ലാം വില വർധിപ്പിക്കുന്ന തിരക്കിലാണ് വാഹന നിർമാതാക്കളെല്ലാം. ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയും മോഡൽ നിരയിൽ വില പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി കഴിഞ്ഞിരിക്കുകയാണ്. പുതിയ കുഷാഖിൻ്റെ വരവിനോടൊപ്പം ഇനി പഴയ മോഡലുകൾ വാങ്ങണമെങ്കിൽ പുതുക്കിയ വില നൽകണമെന്ന വാശിയിലാണ് ബ്രാൻഡ്. രാജ്യത്തെ ഏറ്റവും സേഫ്റ്റിയുള്ള സെഡാനുകളിൽ ഒന്നായ സ്ലാവിയയുടെ പരിഷ്ക്കരിച്ച് വില എങ്ങനെയാണെന്ന് ഈ ലേഖനത്തിലൂടെ വിശദീകരിക്കാം. വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ പുതിയ വില അറിയാതെ ഷോറൂമിലേക്ക് ഓടാൻ നിൽക്കേണ്ട. ബേസ് വേരിയൻ്റിൻ്റെ വിലയിൽ കൈവെക്കാതെയാണ് സ്കോഡ സ്ലാവിയയുടെ വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
കാർവാലെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സ്കോഡ സ്ലാവിയ മോണ്ടി കാർലോ 1.0 ലിറ്റർ ഓട്ടോമാറ്റിക്, 1.5 ലിറ്റർ ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് യഥാക്രമം 33,690 രൂപയും 29,207 രൂപയുമാണ് വർധിച്ചിപ്പിച്ചിരിക്കുന്നത്. പ്രസ്റ്റീജ് 1.0 ലിറ്റർ ഓട്ടോമാറ്റിക്, സ്‌പോർട്‌ലൈൻ 1.5 ലിറ്റർ ഓട്ടോമാറ്റിക് എന്നിവയ്ക്ക് 27,690 രൂപയും 25,897 രൂപയും ഇനി മുതൽ അധികം മുടക്കേണ്ടതായി വരും. കാറിൻ്റെ മറ്റ് മോഡലുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

സ്ലാവിയയുടെ വില പുതുക്കി നിശ്ചയിച്ചതോടെ പുതുക്കിയ എക്സ്ഷോറൂം വില ഇപ്പോൾ 10 മുതൽ 17.99 ലക്ഷം രൂപ വരെയാണ്. ഫോക്‌സ്‌വാഗൺ-സ്കോഡ ഗ്രൂപ്പിന്റെ സംയുക്ത പങ്കാളിത്തത്തിൽ ഇന്ത്യക്കായി പ്രത്യേകം പണിത MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ന് രാജ്യത്ത് വിൽപ്പനയിലുള്ള ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമിത കാറുകളിലൊന്നാണ് സ്കോഡയുടെ സി-സെഗ്മെന്റ് പ്രീമിയം സെഡാൻ.
വില കൂടിയെങ്കിലും ഫീച്ചറുകളിലോ മെക്കാനിക്കലായോ സെഡാന് മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, സബ് വൂഫറോടുകൂടിയ 8-സ്പീക്കർ സൗണ്ട് സിസ്റ്റം, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലുമിനേറ്റഡ് ഫുട്‌വെൽ ഏരിയ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓട്ടോ വൈപ്പറുകൾ തുടങ്ങിയവയെല്ലാം സ്ലാവിയലുണ്ട്.

അതോടൊപ്പം തന്നെ ഇലക്ട്രിക്കലായി തുറക്കാവുന്ന സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, വയർലെസ് ചാർജിംഗ്, കീലെസ് എൻട്രി പോലുള്ള അധിക ഫീച്ചറുകളും സ്കോഡ സ്ലാവിയയിൽ ഒരുക്കിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ സേഫ്റ്റിയുടെ കാര്യത്തിലും മികച്ച വാഹനമാണിത്. ക്രാഷ് ടെസ്റ്റുകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയാണ് ഈയൊരു അവകാശവാദവും സ്ലാവിയ ഉന്നയിക്കുന്നത്.
6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് സ്ലാവിയയുടെ സുരക്ഷക്കായി യൂറോപ്യൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിഎസ്ജി, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ എന്നിവയുമായി ജോടിയാക്കിയ 1.0, 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനുകളിൽ ഈ മോഡൽ ലഭ്യമാണ്.

സ്ലാവിയ, കുഷാഖ് 1.5 ടിഎസ്ഐ എന്നിവയിലെ മാനുവൽ ട്രാൻസ്മിഷൻ ചോയ്‌സുകൾ കമ്പനി കഴിഞ്ഞ വർഷം നിർത്തലാക്കിയിരുന്നു. ക്ലച്ച് ചവിട്ടി ഗിയർ മാറി പോവണമെന്നുള്ളവർക്ക് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ തെരഞ്ഞെടുക്കേണ്ടതായുണ്ട്. അടുത്തിടെ കുഷാഖിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ച കമ്പനി ഈ വർഷം അവസാനത്തോടെ പ്രീമിയം സെഡാനായ സ്ലാവിയയുടെ മുഖംമിനുക്കിയ മോഡലും പുറത്തിറക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








