ഓരോ 4.25 മിനിറ്റിലും ഒന്ന് വിൽക്കുന്നു, ടാറ്റയുടെ കുട്ടിയാനയുടെ പുത്തൻ വേരിയന്റ് എത്തി! ഇനി ലോഡ് കൂടുതൽ കയറും
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് തങ്ങളുടെ ഐതിഹാസിക വാഹനമായ എയ്‌സിന്റെ 21 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയ എയ്‌സ് ഗോൾഡ് പ്ലസ് XL മോഡൽ പുറത്തിറക്കി. ലാസ്റ്റ് മൈൽ ലോജിസ്റ്റിക്‌സിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലൈറ്റ് കൊമേഴ്‌സ്യൽ വാഹന നിരയെ വിപുലീകരിക്കുകയാണ് ഇതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. ഉയർന്ന ലോഡ് വഹിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ വേരിയന്റായതിനാൽ തന്നെ വിൽപ്പന കൂടുതൽ പിടിക്കാനും മോഡലിനായേക്കും. സിഎൻജി, പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് എന്നിങ്ങനെ വൈവിധ്യപരമായ ഫ്യുവൽ ഓപ്ഷനുകളിൽ ലഭ്യമാവുന്ന അപൂർവ വാഹനം കൂടിയാണ് എയ്‌സ് സീരീസ്.
നീളമുള്ള ബോഡി, കൂടുതൽ കാർഗോ സ്‌പെയ്‌സ് എന്നിവയുള്ള വാണിജ്യ വാഹനം തിരയുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് എയ്‌സ് ഗോൾഡ് പ്ലസ് XL. ഒപ്പം ഭാരമേറിയ വസ്തുക്കൾ വഹിക്കാനും കഴിയുമെന്നതിനാൽ കൊടുക്കുന്ന കാശ് വസൂലാവുകയും ചെയ്യും. 8 അടി നീളമുള്ള ലോഡ് ബോഡിയും 1 ടൺ പേലോഡ് ശേഷിയുമാണ് പുത്തൻ വേരിയന്റിൽ ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

ടാറ്റ എയ്‌സിനെ തങ്ങളുടെ ബിസിനസുകൾക്കായി ആശ്രയിക്കുന്ന സംരംഭകരെ ചുറ്റിപ്പറ്റിയുള്ള രാജ്യവ്യാപകമായ സംരംഭമായ 'ഇക്കിസ് സാൽ ബെമിസാൽ' എന്ന കമ്പനിയുടെ ക്യാമ്പയിനൊപ്പമാണ് പുതിയ മോഡൽ വരുന്നത്. ഇതിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് 21,000 രൂപ വരെ അധിക ആനുകൂല്യങ്ങളും ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ എയ്‌സ് ഗോൾഡ് പ്ലസ് XL പുറത്തിറക്കിയതോടെ ഇന്ത്യയിലെ ഏറ്റവും പരിവർത്തനാത്മകമായ വാണിജ്യ വാഹനത്തിന്റെ അടുത്ത അധ്യായത്തിലേക്ക് തങ്ങൾ മുന്നേറുകയാണെന്ന് ടാറ്റ പറഞ്ഞു.
ഉയർന്ന ലോഡ് ഉപയോഗങ്ങളിൽ എയ്സിനുള്ള പ്രസക്തി വ്യാപിപ്പിച്ചുകൊണ്ട് ഇന്നത്തെ സംരംഭകർക്ക് കൂടുതൽ കാര്യക്ഷമത, വിശ്വാസ്യത, ഉടമസ്ഥതയുടെ അഭിമാനം എന്നിവ നൽകുന്നതിനാണ് എയ്സ് ഗോൾഡ് പ്ലസ് XL രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ടാറ്റ മോട്ടോർസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും ബിസിനസ് തലവനുമായ പിനാകി ഹൽദാർ പറഞ്ഞു. 21 വർഷമായി, ഓരോ 4.25 മിനിറ്റിലും ഒരു എയ്സ് വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് ടാറ്റയുടെ കണക്കുകൾ.
നിലവിൽ രാജ്യത്തുടനീളമുള്ള 26 ലക്ഷത്തിലധികം ഉടമകളുടെ വിശ്വാസവും ബഹുമാനവും വിശ്വസ്തതയും നേടിക്കൊണ്ട് ടാറ്റ എയ്‌സ് കുതിക്കുകയാണ്. ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്ലൂയിഡിന്റെ ആവശ്യകത ഇല്ലാതാക്കുന്ന അഡ്വാൻസ്ഡ് ലീൻ നോക്‌സ് ട്രാപ്പ് സാങ്കേതികവിദ്യയാണ് മോഡലിൽ ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു. ഇതിന്റെ ഫലമായി കുറഞ്ഞ ഓണർഷിപ്പ് കോസ്റ്റ്, മെച്ചപ്പെട്ട പ്രവർത്തന സമയം, കൂടുതൽ മനസമാധാനം എന്നിവ ഉടമകൾക്ക് ലഭിക്കുന്നു.
എല്ലാ ദിവസവും തങ്ങളുടെ വാഹനത്തെ ആശ്രയിക്കുന്ന സംരംഭകർക്ക് ഇതെല്ലാം പ്രധാന പരിഗണനകളാണ്. 700 സിസി ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എയ്സ് ഗോൾഡ് പ്ലസ് XL മോഡലിൽ പ്രവർത്തിക്കുന്നത്. 22 bhp പവറിൽ പരമാവധി 55 Nm ടോർക്ക് നൽകുന്ന വാഹനം സ്ഥിരതയുള്ളതും വിശ്വസനീയവുമായ പ്രകടനത്തിനായുമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ മെച്ചപ്പെടുത്തലുകൾ ഒരുമിച്ച് ചേരുന്നതോടെ വാങ്ങിയാൽ വേറെ ടെൻഷനൊന്നും വേണ്ടേവേണ്ട.
ടാറ്റ മോട്ടോർസിന്റെ ചെറുകിട വാണിജ്യ വാഹന ശ്രേണിയുടെ ഭാഗമാണ് എയ്‌സ് ഗോൾഡ് പ്ലസ് XL. ഇതിൽ എയ്‌സ് പ്രോ, എയ്‌സ്, ഇൻട്ര, യോദ്ധ എന്നിവ ഉൾപ്പെടുന്നു. 750 കിലോഗ്രാം മുതൽ 2 ടൺ വരെ പേലോഡ് ശേഷിയുള്ള വിശാലമായ ശ്രേണി ഈ നിരയിൽ ഉൾപ്പെടുന്നത്. കൂടാതെ ഡീസൽ, പെട്രോൾ, സിഎൻജി, ബൈ-ഫ്യൂവൽ, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതിനാൽ വൈവിധ്യമാർന്ന ആളുകൾക്ക് വാഹനം അനുയോജ്യമാവുന്നുണ്ട്.
ടാറ്റ മോട്ടോർസിന്റെ 2.0 എന്ന ലൈഫ് സൈക്കിൾ സപ്പോർട്ട് പ്രോഗ്രാമും, 2,500+ സർവീസ്, സ്‌പെയർ ഔട്ട്‌ലെറ്റുകളുടെ രാജ്യവ്യാപക ശൃംഖലയും, പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാരുടെ സ്റ്റാർ ഗുരു ഇക്കോസിസ്റ്റവും ഉടമസ്ഥതയുടെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കൾക്ക് പിന്തുണ ഉറപ്പാക്കുന്നുണ്ട്. അതിനാൽ കാര്യമമായ മിടുക്കനൊരു ലൈറ്റ് കൊമേഴ്സ്യൽ വാഹനം തിരയുന്നവർക്കെല്ലാം എയ്‌സ് സീരീസിനെ കണ്ണുംപൂട്ടി വിശ്വസിക്കാവുന്നതാണ്.


Click it and Unblock the Notifications