ക്ലച്ചിനെ പേടിക്കാതെ നല്ല മൈലേജിൽ ഓടിക്കാം, ആൾട്രോസ് സിഎൻജി ഓട്ടോമാറ്റിക്കുമായി ടാറ്റ; വില 8.69 ലക്ഷം
സേഫ്റ്റിയിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന ടാറ്റ മോട്ടോർസ് എപ്പോഴും ജനകീയ തീരുമാനങ്ങൾ കൈക്കൊള്ളുന്നവരാണ്. സാധാരണക്കാരെ ഇലക്ട്രിക് വാഹനങ്ങളും സ്വപ്നം കാണാൻ പഠിപ്പിച്ച കമ്പനി ഇപ്പോൾ എല്ലാത്തരം ഫ്യുവൽ സാങ്കേതികവിദ്യയിലും ചുവടുറപ്പിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ, സിഎൻജി, വൈദ്യുതി എന്നീ ഫ്യുവൽ ഓപ്ഷനുകളിലെല്ലാം ടാറ്റ കാറുകൾ വാങ്ങിക്കാനാവും. സിഎൻജി വാങ്ങിയാൽ ബൂട്ട് സ്പേസ് പോവില്ലേയെന്ന കാരണത്താൽ മുഖംതിരിച്ച് നിന്നവരെ പോലും വണ്ടറടിപ്പിക്കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു. പിന്നെ രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കാറുകളും പുറത്തിറക്കിയതിന്റെ ക്രെഡിറ്റും ടാറ്റയ്ക്ക് മാത്രമുള്ളതാണ്.
ഇപ്പോഴിതാ ആ നിരയിലേക്ക് ആൾട്രോസ് സിഎൻജി ഓട്ടോമാറ്റിക്കും അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഫാക്ടറി ഫിറ്റഡ് സിഎൻജി പവർട്രെയിനിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് എന്ന ഖ്യാതിയും ഇതോടെ ആൾട്രോസിന് സ്വന്തമായി. ആൾട്രോസ് iCNG എഎംടിയുടെ എക്സ്ഷോറൂം വില 8.69 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അഞ്ച് വ്യത്യസ്‌ത വേരിയന്റുകളിലായി മോഡൽ തെരഞ്ഞെടുക്കാനും സാധിക്കും.

ആൾട്രോസ് iCNG എഎംടി പ്യുവർ, പ്യുവർ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, അക്കംപ്ലീഷ്‌ഡ് S എന്നീ വേരിയന്റുകളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 8, 69,990 രൂപ, 8,99,990 രൂപ, 9,56,990 രൂപ, 9,81,990 രൂപ, 10,76,990 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. പെട്രോൾ, സിഎൻജി ഓപ്ഷനുകൾക്കൊപ്പം ഡീസൽ എഞ്ചിൻ ഇപ്പോഴും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ വളരെ ചുരുക്കം ഹാച്ച്ബാക്കുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്.
മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ എഎംടി ഗിയർബോക്സ് മാറ്റിനിർത്തിയാൽ ആൾട്രോസ് സിഎൻജിയിൽ കൂടുതൽ മാറ്റങ്ങളൊന്നുമില്ല. പ്രീമിയം ഹാച്ച്ബാക്കിൽ ടാറ്റയുടെ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ തുടർന്നും ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആളുകളെ ഹാപ്പിയാക്കുന്ന കാര്യമാണ്. ഇതിലൂടെ വാഹനത്തിന് 210 ലിറ്റർ ബൂട്ട് കപ്പാസിറ്റി വരെ ലഭിക്കുന്നതാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.

5-സ്പീഡ് എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 72.5 bhp കരുത്തിൽ പരമാവധി 103 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെട്രോൾ മോഡിലാണെങ്കിൽ 87 bhp പവറിൽ 115 Nm ടോർക്ക് വരെ നിർമിക്കാൻ കാറിനാവുന്നതാണ്. മാനുവൽ പോലെ സിഎൻജി എഎംടി പതിപ്പിലും അതേ ECU സാങ്കേതികവിദ്യയുണ്ട്. ഇത് സിഎൻജി മോഡിൽ നേരിട്ട് സ്റ്റാർട്ട്-അപ്പ് ചെയ്യാനും സിഎൻജി ടാങ്കുകൾ കാലിയായിക്കഴിഞ്ഞാൽ പെട്രോളിലേക്ക് യാന്ത്രികമായി മാറാനും അനുവദിക്കുന്ന ടെക്നിക്കാണ്.
ഫീച്ചറുകളുടെ കാര്യത്തിൽ ആൾട്രോസ് സിഎൻജി മാനുവലിലെ അതേ ഫീച്ചറുകൾ തന്നെയാണ് ടാറ്റ മോട്ടോർസ് പുതിയ എഎംടി പതിപ്പിലും അവതരിപ്പിച്ചിരിക്കുന്നത്. ടോപ് വേരിയന്റിൽ ടയർ പ്രഷർ മോണിറ്ററിംഗ്, ഓൾ എൽഇഡി ലൈറ്റിംഗ്, 16 ഇഞ്ച് അലോയ് വീലുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറകൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളെല്ലാം ഒരുക്കിയിട്ടുണ്ട്.

എന്നിരുന്നാലും, പെട്രോൾ, ഡീസൽ മോഡലുകളിൽ ലഭ്യമായ ഡ്രൈവ് മോഡുകൾ, ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് തുടങ്ങിയ ഫീച്ചറുകളൊന്നും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പുകളിൽ ലഭിക്കുന്നതല്ല. കൂടാതെ കണക്റ്റഡ് കാർ ടെക്നോളജി, എയർ പ്യൂരിഫയർ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ തുടങ്ങിയ സംവിധാനങ്ങൾ ലഭിക്കുന്ന ഫുള്ളി ലോഡഡ് അക്കംപ്ലിഷ്ഡ് പ്ലസ് S വേരിയന്റിൽ ആൾട്രോസ് സിഎൻജി ഇപ്പോഴും ലഭ്യമല്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications