ടാറ്റയിൽ നിന്നും ഈ ചതി പ്രതീക്ഷിച്ചില്ല! എല്ലാ കാറുകൾക്കും വില കൂട്ടാൻ ടാറ്റ! ജൂലൈ മുതൽ കൂടുതൽ മുടക്കണം
പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് അങ്ങനെ രാജ്യത്ത് ലഭിക്കുന്ന എല്ലാത്തരം ഇന്ധനത്തിലും കിടിലൻ കാറുകൾ പുറത്തിറക്കി വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് ടാറ്റ മോട്ടോർസ്. ഇതിനിടയിൽ പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വില കൂടുന്നതും മറ്റ് തടസങ്ങളും രാജ്യത്തെ വാഹന നിർമാതാക്കൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഹ്യുണ്ടായി, മഹീന്ദ്ര, എംജി, മാരുതി സുസുക്കി പോലുള്ള ബ്രാൻഡുകളെല്ലാം മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കിയിരുന്നു. ഇപ്പോഴിതാ പിടിച്ചുനിൽക്കാനാവാതെ ടാറ്റയും വില ഉയർത്താൻ തീരുമാനമെടുത്തിരിക്കുകയാണ്. ICE, ഇവി തുടങ്ങിയ പാസഞ്ചർ കാറുകൾക്കെല്ലാം 2026 ജൂലൈ മുതൽ വില കമ്പനി വർധിപ്പിക്കും.
വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെയും നിരന്തരമായ പണപ്പെരുപ്പ സമ്മർദ്ദങ്ങളുടെയും ആഘാതം ഭാഗികമായി നികത്തുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് കമ്പനി അറിയിച്ചു. ഉയർന്ന ചെലവുകളുടെ ഒരു പ്രധാന ഭാഗം ടാറ്റ മോട്ടോർസ് തുടർന്നും ഏറ്റെടുക്കുക തന്നെ ചെയ്യുമെങ്കിലും ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാൻ തീരുമാനിച്ചു. ടാറ്റ കാറുകളുടെ പുതുക്കിയ വിലകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

മോഡലും വേരിയന്റും അനുസരിച്ച് 1.5 ശതമാനം വരെയാണ് വില വർധനവ് ഉണ്ടാവുക. വരാനിരിക്കുന്ന വില പരിഷ്കരണം ടാറ്റ മോട്ടോഴ്‌സിന്റെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിക്കും ബാധകമാകുമെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച്, നെക്‌സോൺ, കർവ്, ഹാരിയർ, സഫാരി, സിയറ തുടങ്ങിയ ജനപ്രിയ ICE മോഡലുകളും ടിയാഗോ ഇവി, പഞ്ച് ഇവി, കർവ്വ് ഇവി, നെക്‌സോൺ ഇവി, ഹാരിയർ ഇവി എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ഇലക്ട്രിക് വാഹന നിരയ്ക്കും ജൂലൈ മുതൽ പുതിയ വില നൽകേണ്ടി വരും.
ഓരോ മോഡലിന്റെയും വകഭേദത്തിന്റെയും കൃത്യമായ വില വർധനവ് എത്രത്തോളമെന്ന് ടാറ്റ ഉടൻ വെളിപ്പെടുത്തും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വർധനവ്, ലോജിസ്റ്റിക്സ് ചെലവുകൾ, പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവ വാഹന നിർമാതാക്കൾ നേരിടുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ പ്രഖ്യാപനം. ഉപഭോക്തൃ ആവശ്യം സന്തുലിതമാക്കുന്നതിനൊപ്പം ചെലവ് സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിർമ്മാതാക്കൾ ആനുകാലിക വില പരിഷ്ക്കരണങ്ങളെ കൂടുതലായി ആശ്രയിക്കുന്നു.

ഈ വർഷം ടാറ്റ മോട്ടോർസ് മോഡൽ നിരയിൽ വമ്പൻ അഴിച്ചുപണി നടത്തിയിട്ടുണ്ട്. സിയറ, ഹാരിയർ പെട്രോൾ, സഫാരി പെട്രോൾ, പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്, പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്, ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്, ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയുൾപ്പെടെ നിരവധി പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്ന് ഹ്യുണ്ടായിയേയും മഹീന്ദ്രയേയും മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറാനും ബ്രാൻഡിനായി.
ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുവാനായി ഈ മാസം അവസാനം സിയറ ഇവിയും കമ്പനി അവതരിപ്പിക്കും. ജൂൺ 30-ന് പുതിയ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുതായി എത്തുന്ന സിയറ ഇവി കര്‍വ് ഇവിക്കും ഹാരിയര്‍ ഇവിക്കും മധ്യത്തിലായിരിക്കും സ്ഥാനം പിടിക്കുക. കര്‍വ് ഇവിയിലും ഹാരിയര്‍ ഇവിയിലും ഉപയോഗിക്കുന്ന അതേ അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ തന്നെയാണ് സിയറ ഇവിക്കും നല്‍കുക.

സിയറ ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ 55kWh ബാറ്ററി പായ്ക്ക് ആയിരിക്കും നല്‍കുക. ഇത് ഫുള്‍ ചാര്‍ജില്‍ ഏകദേശം 502 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഹൈ പെര്‍ഫോമന്‍സ് ടോപ്പ് വേരിയന്റുകളില്‍ വലിയ 65kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഘടിപ്പിക്കുക. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 538 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും. ആദ്യ ഘട്ടത്തില്‍ റിയര്‍-വീല്‍ ഡ്രൈവ് (RWD) ഓപ്ഷനിലായിരിക്കും ഈ മോഡല്‍ എത്തുക.
വലിയ പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, വലിപ്പമേറിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം എന്നിവയും ഇതിന്റെ പ്രധാന സവിശേഷതകളാണ്. യാത്രക്കാര്‍ക്ക് ആഡംബരം അനുഭവം നല്‍കുന്നതിനായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള 12-സ്പീക്കറുകളോട് കൂടിയ ജെബിഎല്‍ (JBL) ഓഡിയോ സിസ്റ്റം, ലെവല്‍ 2 ADAS സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളും സിയറ ഇവിയിൽ കുത്തിനിറയ്ക്കുന്നതായിരിക്കും.


Click it and Unblock the Notifications