ഇനി കുറഞ്ഞ വില, ലൈഫ് ടൈം വാറണ്ടി! ടാറ്റയുടെ ഇലക്‌ട്രിക് എസ്‌യുവിയെ കളറാക്കാൻ സീരീസ് X; വില 16.99 ലക്ഷം
ഇലക്‌ട്രിക് കാർ വിപണിയിൽ ഇന്ത്യക്കാരുടെ ഫസ്റ്റ് ചോയ്‌സാണ് ടാറ്റ മോട്ടോർസ്. ജനകീയ കാറുകളെയെല്ലാം ബാറ്ററിയും ഘടിപ്പിച്ച് വിപണിയിലെത്തിച്ച തന്ത്രം വമ്പൻ വിജയമാണ് കൈവരിച്ചത്. ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി, ഹാരിയർ ഇവി, കർവ് ഇവി പോലുള്ള മോഡലുകൾക്കെല്ലാം പകരംവെക്കാൻ എതിരാളികൾക്ക് പോലുമാവുന്നില്ലെന്നതാണ് സത്യം. കൂട്ടത്തിൽ അൽപം വിൽപ്പന കുറഞ്ഞ കർവ് ഇവിയെ ജനങ്ങളിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളും ബ്രാൻഡിൽ നിന്നുമുയരുന്നുണ്ട്. അതിന്റെ ഭാഗമായിതാ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയിലേക്ക് പുതിയ സീരീസ്എക്‌സ് ശ്രേണി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഇതിൽ 16.99 ലക്ഷം രൂപയും 19.19 ലക്ഷം രൂപയും എക്സ്ഷോറൂം വിലയുള്ള അക്കംപ്ലിഷ്ഡ് X, എംപവേർഡ് X വകഭേദങ്ങൾ ഉൾപ്പെടുത്തിയാണ് കർവ് ഇവി നിര വിപുലീകരിച്ചിരിക്കുന്നത്. 19.49 ലക്ഷം രൂപ വിലയുള്ള കർവ് എംപവേർഡ് X ഡാർക്ക് എഡിഷനും ടാറ്റ ചേർത്തിട്ടുണ്ട്. സീരീസ്എക്‌സിന് പുതിയ നൈട്രോ ക്രിംസൺ എക്‌സ്റ്റീരിയർ ഷേഡും ലഭിക്കുന്നത് എസ്‌യുവിയുടെ ഗ്ലാമർ കൂട്ടുവാനും സഹായിച്ചിട്ടുണ്ട്.

കർവ് ഇവിയുടെ 55kWh ബാറ്ററി പായ്ക്കിനൊപ്പം വാഹന രജിസ്ട്രേഷന്റെ ആദ്യ തീയതി മുതൽ 15 വർഷം വരെ ലൈഫ് ടൈം വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു. പുതിയ 55kWh അക്കംപ്ലിഷ്ഡ് X വേരിയന്റിന് കർവ് ഇവിയുടെ 45kWh ക്രിയേറ്റീവ് വേരിയന്റിനേക്കാൾ 50,000 രൂപ കുറവാണ് വിലയെന്നതും ശ്രദ്ധേയമാണെന്നതും ശ്രദ്ധേയമാണ്. പുതിയ അക്കംപ്ലിഷ്ഡ് X മോഡലിന് സുഖസൗകര്യങ്ങളിലും പ്രധാന സാങ്കേതിക സവിശേഷതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്‌തിരിക്കുന്നത്.
പനോരമിക് സൺറൂഫ്, ഡ്രൈവറിനും ടച്ച്‌സ്‌ക്രീനിനുമായി ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൈൻഡ്-സ്‌പോട്ട് വ്യൂ മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, റിയർ സൺഷെയ്ഡുകൾ എന്നിവയും കർവ് ഇവിയുടെ പുതിയ അക്കംപ്ലിഷ്ഡ് X വേരിയന്റിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടാറ്റ കർവ് ഇവിയുടെ സീരീസ്എക്‌സ് നിരയിലെ എംപവേർഡ് X കൂടുതൽ സവിശേഷതകളാൽ സമ്പന്നമായാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ അക്കംപ്ലിഷ്ഡ് X വേരിയന്റിനെ അപേക്ഷിച്ച് ഇതിൽ 6-വേ പവർഡ് ഡ്രൈവർ സീറ്റും രണ്ട്-സ്റ്റെപ്പ് റീക്ലൈനിംഗ് പിൻ സീറ്റുകളും ചേർത്തിട്ടുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും സബ്‌വൂഫറുള്ള 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റവും ഇതിലുണ്ട്. സുരക്ഷയുടെ കാര്യത്തിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നുണ്ട്.
20 ഫംഗ്ഷനുകളുള്ള ലെവൽ 2 ADAS സിസ്റ്റമാണ് ടാറ്റ കർവ് ഇവിയുടെ സീരീസ്എക്‌സ് നിരയിലെ എംപവേർഡ് X മോഡലിലെ അധിക സുരക്ഷ. 18 ഇഞ്ച് എയ്‌റോ-ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകളും V2V/V2L പിന്തുണയും ഇതിലെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നുണ്ട്. കർവ് ഇവിയിൽ 55 kWh, 45 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണുള്ളത്. സീരീസ്എക്‌സിൽ വലിയ ബാറ്ററിയാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്‌തിരിക്കുന്നതെന്ന് മാത്രം.

167 bhp കരുത്തോളം പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായാണ് ഈ ബാറ്ററി പായാക്ക് ജോടിയാക്കിയിരിക്കുന്നത്. അതേസമയം കർവ് ഇവിയിലെ 45 kWh ബാറ്ററി പായ്ക്കുള്ള വേരിയന്റുകൾ പരമാവധി 150 bhp പവറോളം നിർമിക്കാനും യോഗ്യമാണ്. രണ്ട് ബാറ്ററിയും 215 Nm ടോർക്കാണ് നൽകുന്നത്. 7.2kW AC ചാർജർ ഉപയോഗിച്ച് 45 kWh യൂണിറ്റ് 7.6 മണിക്കൂറിനുള്ളിൽ 10-100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
അതേസമയം 55 kWh ബാറ്ററി 7.25 മണിക്കൂർ സമയമാണ് ചാർജിംഗിനായി ആവശ്യപ്പെടുന്നത്. ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ഇവി 40 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നും ടാറ്റ മോട്ടോർസ് പറയുന്നു. എന്തായാലും കുറഞ്ഞ വിലയും കൂടുതൽ പ്രായോഗികമായ ഫീച്ചറുകളും ആജീവനാന്ത ബാറ്ററി വാറണ്ടിയും കൂടിയാവുമ്പോൾ ടാറ്റ കർവ് ഇവിയുടെ സീരീസ്എക്‌സ് ശ്രേണി തേടി ആളുകൾ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications