ഉരുക്ക് ബോഡി, അടിപൊളി വില; കഴിഞ്ഞ മാസം ടാറ്റയുടെ ദേസി റേഞ്ച് റോവർ സ്വന്തമാക്കിയത് 2,545 പേർ
മാരുതിയേപ്പൊലെ തന്നെ വിശ്വസിച്ച് കണ്ണുംപൂട്ടി ഇപ്പോൾ വാങ്ങിക്കാവുന്ന കാറുകളാണ് ടാറ്റ മോട്ടോർസും പുറത്തിറക്കുന്നത്. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന മോഡൽ നിരയുടെ പ്രധാന ശക്തി സേഫ്റ്റിയും മോഡേൺ ഫീച്ചറുകളുമാണ്. അതോടൊപ്പം കാലത്തിനൊത്ത ഡിസൈനും കൂടിയാവുമ്പോൾ ടാറ്റയെ ആരായാലും മോഹിച്ചുപോവും. 2026 ഏപ്രിൽ മാസത്തിൽ 59,000 കാറുകൾ വിറ്റഴിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളെന്ന പദവിയും സ്വന്തമാക്കിയിരുന്നു. പഞ്ചും നെക്സോണുമാണ് ടോപ്പ് സെല്ലിംഗ് മോഡലുകളായി പ്രവർത്തിക്കുന്നതെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ടാറ്റയുടെ ദേസി റേഞ്ച് റോവർ എന്നറിയപ്പെടുന്ന എസ്‌യുവിയുടെ വലിയ ചലനങ്ങളുണ്ടാക്കുന്നുണ്ട്.
ആരാണന്നല്ലേ, നമ്മുടെ സ്വന്തം ഹാരിയർ എസ്‌യുവിയാണ് വിൽപ്പനയിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നത്. പെട്രോൾ എഞ്ചിൻ കൂടി എത്തിയതോടെയാവാം ഹാരിയറിന് ഇത്രയും ജനപ്രീതി ലഭിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. 2026 ഏപ്രിൽ മാസത്തിൽ മോഡലിന്റെ 2,545 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2025 ഏപ്രിൽ മാസത്തിൽ വിപണനം ചെയ്‌ത 1,012 യൂണിറ്റുകളെ അപേക്ഷിച്ച് 151 ശതമാനത്തിന്റെ വർധനവാണ് വാർഷിക വിൽപ്പനയിൽ ഹാരിയർ നേടിയെടുത്തിരിക്കുന്നത്.

അതായത് പഞ്ചിനും നെക്സോണിനും പോലും നേടിയെടുക്കാനാവാത്ത വളർച്ച കഴിഞ്ഞ മാസം ഹാരിയർ നേടിയെടുത്തുവെന്ന് സാരം. നിലവിൽ പെട്രോൾ, ഡീസൽ, ഇവി എന്നിങ്ങനെ പല വിധത്തിൽ എസ്‌യുവി വാങ്ങിക്കാനാവുമെന്നതും ശ്രദ്ധേയമാണ്. നിലവിൽ സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് എന്നിങ്ങനെ വ്യത്യസ്‌ത തരം വേരിയന്റുകളിൽ വരുന്ന ടാറ്റ മോട്ടോർസിന്റെ വലിയ എസ്‌യുവിക്ക് നിലവിൽ 14 ലക്ഷം മുതൽ 25.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഇക്കഴിഞ്ഞ ദിവസം ഹാരിയർ ഡീസൽ മോഡലുകളുടെ വില ടാറ്റ വർധിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 1,100 രൂപ മുതൽ 21,500 രൂപ വരെയാണ് കമ്പനി വില പരിഷ്ക്കരിച്ചിരിക്കുന്നത്. ഹാരിയർ ഡീസലിന്റെ വില ഇപ്പോൾ 14 ലക്ഷം മുതൽ 25.35 ലക്ഷം രൂപ വരെയാണ്. അതേസമയം എസ്‌യുവിയുടെ പെട്രോൾ പതിപ്പ് വേണ്ടവർ 12.89 ലക്ഷം രൂപയിൽ തുടങ്ങി 24.06 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

ഒടുക്കത്തെ ലുക്കും കിടിലൻ ഫീച്ചറുകളും 5-സ്റ്റാർ സേഫ്റ്റിയും എല്ലാ ഒത്തുചേർന്ന ഹാരിയറിനെ സ്നേഹിക്കാതിരിക്കാൻ കാരണമൊന്നും ഇല്ലെന്ന് സാരം. വലിയ 12.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ സപ്പോട്ട് ചെയ്യുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോർ-സ്‌പോക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത HVAC കൺട്രോളുകൾ, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജെബിഎൽ 10 സ്പീക്കർ സിസ്റ്റം തുടങ്ങിയ മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ഹാരിയർ എത്തുന്നത്.
ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ക്രിയോടെക് ഡീസൽ, പുതിയ സിയറയിൽ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഹൈപ്പീരിയൻ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഹാരിയറിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഡീസൽ യൂണിറ്റിന് 168 bhp കരുത്തിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം പെട്രോളിന് 165 bhp കരുത്തിൽ പരമാവധി 280 Nm ടോർക്ക് വരെയും വികസിപ്പിക്കാൻ കഴിവുള്ളതാണ്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുമായിട്ടാവും എഞ്ചിൻ ജോടിയാക്കുക. ICE എഞ്ചിൻ വേണ്ടാത്തവർക്ക് ഹാരിയർ ഇലക്ട്രിക് സ്വന്തമാക്കാനാവും. 21.49 ലക്ഷം മുതൽ 30.23 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് ഹാരിയർ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.
65 കിലോവാട്ട് മണിക്കൂർ പായ്ക്ക് 538 കിലോമീറ്റർ റേഞ്ചും അതേസമയം 75 കിലോവാട്ട് മണിക്കൂർ പായ്ക്ക് MIDC ടെസ്റ്റ് സൈക്കിളിൽ 627 കിലോമീറ്റർ വരെ റേഞ്ചും നൽകുമെന്നാണ് ടാറ്റയുടെ അവകാശവാദം. 120 കിലോവാട്ട് ഡയറക്ട് കറന്റ് ചാർജർ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ 250 കിലോമീറ്റർ റേഞ്ച് വീണ്ടെടുക്കാൻ ഹാരിയർ ഇവിക്കാവും. 7.2 കിലോവാട്ട് ആൾട്ടർനേറ്റിംഗ് കറന്റ് വാൾബോക്സ് ഉപയോഗിച്ച് ഫുൾ ചാർജ് ചെയ്യാൻ 10.7 മണിക്കൂർ സമയവും വേണ്ടിവരും.


Click it and Unblock the Notifications