രാജ്യത്തെ കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് കാറാവാൻ ടിയാഗോ ഇവി, റേഞ്ചും കൂടും! ടാറ്റയുടെ പ്രഖ്യാപനം കാത്ത് രാജ്യം
ഇന്ധന വില ഉയരുന്നതോടെ പെട്രോൾ കാറുകൾ ഉപോഗിക്കുന്നവരുടെയെല്ലാം നെഞ്ചിൽ ആതിയാണ്. എങ്ങോട്ടേലും ഒന്ന് പോവണമെങ്കിൽ പോക്കറ്റ് കീറുന്ന വഴിയറിയില്ലെന്നതാണ് സത്യം. ഒരു 100 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ പോലും ശരാശരി ആയിരം രൂപയ്ക്ക് പെട്രോളടിക്കേണ്ട അവസ്ഥയാണ്. പ്രത്യേകിച്ച് അൽപം പഴയ കാർ ഉപോഗിക്കുന്നവർക്കാണ് ഈ ഗതിയുള്ളത്. ഇക്കാര്യം ഓർക്കുമ്പോൾ തന്നെ ഇവിയിലേക്ക് മാറിയാലോ എന്ന് ആലോചിക്കുന്നവരും ഏറെയാണ്. പക്ഷേ ഓടിപ്പോയി ഇലക്ട്രിക് കാർ വാങ്ങാനുള്ള സാമ്പത്തിക ശേഷിയൊന്നും മിക്കവർക്കും ഉണ്ടാവില്ല. എന്നാൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള വൈദ്യുത വാഹനമായി മാറാനുള്ള തയാറെടുപ്പിലാണ് ഏറ്റവും പുതിയ ടാറ്റ ടിയാഗോ ഇവി.
പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളോടെ എംജി കോമെറ്റ് ഇവിയിലേത് പോലെ ടിയാഗോ ഇവിയിലും ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോർസ് ഒരുങ്ങുന്നത്. പുതിയൊരു ഇലക്‌ട്രിക് കാർ വാങ്ങുമ്പോഴുണ്ടാവുന്ന ചെലവ് കുറയ്ക്കുന്നതിനും എൻട്രി ഇവി വിഭാഗത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുമായി BaaS സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് എത്തിയപ്പോൾ ഈ പദ്ധതി വിജയപൂർവം ടാറ്റ അവതരിപ്പിച്ചിരുന്നു. എതിരാളിയായ എംജി മോട്ടോർ നിലവിൽ 4.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന BaaS സ്കീമോടെ കോമറ്റ് ഇവി വിപണനം ചെയ്യുന്നുണ്ട്. അതേസമയം സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ ഇല്ലാതെ 7.99 ലക്ഷം രൂപയിൽ നിന്നാണ് ഇപ്പോൾ ടിഗായോ ഇവിയുടെ വില ആരംഭിക്കുന്നത്. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന പരിപാടി എത്തിയാൽ കാറിന്റെ വില 5 ലക്ഷത്തിൽ എത്തിക്കാനാവുമെന്നാണ് അനുമാനം.
അങ്ങനെയെങ്കിൽ ടിയാഗോ ഇവി വാങ്ങാൻ എത്തുന്നവരുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഉറപ്പാണ്. മെയ് 28-ന് പുതുക്കിയ ടിയാഗോ പെട്രോൾ, ഇവികൾ പുറത്തിറക്കും. രണ്ട് കാറുകൾക്കും ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് എത്തുന്നത്. ഹാച്ച്ബാക്കിനെ എസ്‌യുവി സ്റ്റൈലിൽ പണികഴിപ്പിച്ചാണ് കമ്പനി അടിപൊളിയാക്കിയിരിക്കുന്നത്. 360-ഡിഗ്രി ക്യാമറ, എൽഇഡി ലൈറ്റിംഗ് ഘടകങ്ങൾ, ആറ് എയർബാഗുകൾ എന്നിവയുൾപ്പെടെയുള്ള അധിക സവിശേഷതകളോടെയാണ് പുതുക്കിയ ടിയാഗോ വരുന്നത്.

ടിയാഗോ ഇവിയിൽ നിലവിൽ 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട്. ഇതിൽ ചെറിയ യൂണിറ്റ് സിംഗിൾ ചാർജിൽ 250 കിലോമീറ്റര്‍ റേഞ്ചും വലിയ ബാറ്ററിയുള്ള മോഡലുകൾക്ക് 315 കിലോമീറ്റര്‍ വരെ റേഞ്ചും ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. മീഡിയം റേഞ്ചുള്ള ടിയാഗോ ഇവിക്ക് 6.2 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് 5.7 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാനാവുമെന്ന ടാറ്റ മോട്ടോർസ് പറയുന്നു.
റേഞ്ച് കണക്കുകൾ മെച്ചപ്പെടുത്തുന്നതിന് ടാറ്റ മോട്ടോർസ് വലിയ ബാറ്ററി പായ്ക്കുകൾ ചേർത്തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിന് 24 kWh, 30 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാവും ഇത്തവണ ഉണ്ടാവുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ സിംഗിൾ ചാർജിൽ കാറിന് 400 കിലോമീറ്ററിനടുത്ത് സഞ്ചരിക്കാൻ കഴിഞ്ഞേക്കും. ബാറ്ററി-ആസ്-എ-സർവീസും കൂടുതൽ റേഞ്ചുമായി വരുന്നതോടെ വിപണിയിൽ കൂടുതൽ ഓളമുണ്ടാക്കാനും ഇലക്ട്രിക് ഹാച്ച്ബാക്കിന് സാധിച്ചേക്കും.

ഫെയ്‌സ്‌ലിഫ്റ്റോടെ വിലകളിൽ നേരിയ മാറ്റം ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്. നിലവിൽ ടിയാഗോ പെട്രോൾ മോഡലുകൾക്ക് 4.60 ലക്ഷം മുതൽ 7.68 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം നിലവിലെ ടിയാഗോ ഇവിയുടെ വില 7.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ്. BaaS സ്കീം ഉൾപ്പെടുത്തുന്നത് ഇവികളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അനുഗ്രഹമായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications