ടാറ്റയുടെ നീലക്കുയിൽ, 489 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയെ വൈബാക്കി കമ്പനി
ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് കാർ വിപണിയിൽ അങ്കം മുറുക്കിക്കൊണ്ട് എംജിയും വിൻഫാസ്റ്റും അതിവേഗം വളരുകയാണ്. ഇതോടെ പണികിട്ടിയിരിക്കുന്നത് വൈദ്യുത കാറുകളെ ജനകീയരാക്കിയ ഇന്ത്യക്കാരുടെ സ്വന്തം ടാറ്റ മോട്ടോർസിനാണ്. എന്നാൽ വിട്ടുകൊടുക്കില്ലെന്ന വാശിയോടെ ടാറ്റയും മുന്നേറുമ്പോൾ ഈ മത്സരം കാണാൻ വല്ലാത്തൊരു ചേലാണ്. നിലവിലുള്ള മോഡൽ നിര പുതുക്കിപ്പണിതും വേരിയൻ്റുകൾ സമ്മാനിച്ചും ടാറ്റ വിപണിയിൽ സജീവമായി നിൽക്കുകയാണ്. ഇതിൻ്റെ ഭാഗമായിതാ രണ്ട് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോർസ് നെക്സോൺ ഇവി (Tata Nexon EV) ലൈനപ്പ് പുതുക്കിയിരിക്കുകയാണ്.
പുതിയ പ്യുവർ ഗ്രേ, ഓഷ്യൻ ബ്ലൂ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ സമ്മാനിച്ചുകൊണ്ടാണ് ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിയെ കമ്പനി കൂടുതൽ ആകർഷകമാക്കിയിരിക്കുന്നത്. ടാറ്റ നെക്സോൺ ഇവിയുടെ ദൃശ്യ ആകർഷണം കൂടുതൽ മെച്ചപ്പെടുത്തുന്ന പുതിയ നിറങ്ങൾ ഇപ്പോൾ എല്ലാ നെക്സോൺ ഇവി 45 ട്രിമ്മുകളിലും ലഭ്യമാണ്. ക്രിയേറ്റീവ്, ഫിയർലെസ്, എംപവേർഡ് വേരിയൻ്റുകളിലാണ് പുതിയ ഷേഡുകൾ വാങ്ങാനാവുക.

ഫിയർലെസ്, എംപവേർഡ് ട്രിമ്മുകളിൽ വ്യത്യസ്തമായ ബ്ലാക്ക് റൂഫാണ് കൊടുത്തിരിക്കുന്നത്. അതേസമയം ക്രിയേറ്റീവ് വേരിയൻ്റിന് വൈറ്റ് റൂഫ് ഓപ്ഷനുമാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിറങ്ങൾക്ക് പുറമെ പ്രിസ്റ്റൈൻ വൈറ്റ്, ഡേറ്റോണ ഗ്രേ, എംപവേർഡ് ഓക്സൈഡ് തുടങ്ങിയ നിലവിലുണ്ടായിരുന്ന ഓപ്ഷനുകളും തുടർന്നും ലഭിക്കുന്നതാണ്. പ്യുവർ ഗ്രേയും ഓഷ്യൻ ബ്ലൂവും വലിയ 45kWh പതിപ്പിന് മാത്രമുള്ളതാണെന്നും 30kWh ബാറ്ററി പതിപ്പുകൾക്ക് ലഭ്യമല്ലെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യൻ വിപണിയിൽ മറ്റൊരു ഇലക്ട്രിക് കാറിനും അവകാശപ്പെടാനില്ലാത്തൊരു നേട്ടം തൻ്റെ പേരിൽ കുറിച്ച് നെക്സോൺ ഇവി അടുത്തിടെ ചരിത്രം സൃഷ്ടിച്ചിരുന്നു. അതായത് രാജ്യത്ത് 1 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് താണ്ടുന്ന ആദ്യത്തെ ഇലക്ട്രിക് കാറായാണ് ഇത് മാറിയിരിക്കുന്നത്. നിലവിൽ 12.49 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില.

നെക്സോൺ ഇവി വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന കാര്യമാണ് ലൈഫ് ടൈം വാറണ്ടി. ബാറ്ററിയാണ് ഏറ്റവും ചെലവേറിയ ഘടകം എന്ന് മനസിലാക്കിയ ടാറ്റ, ബാറ്ററി പായ്ക്കിനും മോട്ടോറിനും 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇവികളിലേക്ക് ചേക്കേറാൻ മടിച്ചുനിന്ന ആളുകളെ പോലും ആകർഷിച്ചിട്ടുണ്ട്. നെക്സോൺ ഇവിക്ക് നിലവിൽ 30 kWh, 45 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ലഭിക്കുന്നത്.
ഇതിലെ 30 kWh ബാറ്ററി പായ്ക്ക് വേരിയൻ്റുകൾ സിംഗിൾ ചാർജിൽ 325 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ നെക്സോൺ ഇവിയിലെ 45 kWh മോഡലുകൾ ഫുൾ ചാർജിൽ 489 കിലോമീറ്റർ വരെ റേഞ്ചും നൽകും. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെർമനെന്റ് മാഗ്നറ്റ് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന 45 വേരിയൻ്റിന് 142 bhp പവറിൽ പരമാവധി 215 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും.

ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ മീഡിയം റേഞ്ച് പതിപ്പുകൾ 129 bhp പവറിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കുകയും ചെയ്യും. ചാർജിംഗിന്റെ കാര്യത്തിലായാലും ആള് പുലിയാണ് കേട്ടോ. ചാർജിംഗ് ഓപ്ഷനുകളിൽ 7.2kW AC ഹോം വാൾബോക്സ് ചാർജറാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ചാർജിംനിട്ടാൽ 6 മണിക്കൂർ 36 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
ഇനി 60kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ നെക്സോൺ ഇവി 45 വേരിയൻ്റ് വെറും 40 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഇലക്ട്രിക് എസ്‌യുവി വെഹിക്കിൾ-ടു-വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് ഫീച്ചറുകളോടെയാണ് വിപണനത്തിന് എത്തുന്നത്. ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ സെൻ്ററിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ് എന്നിവയുള്ള ലെവൽ 2 ADAS ടെക്കും ഇവിയുടെ ഭാഗമാണ്.


Click it and Unblock the Notifications








