കുറ്റംപറയാനില്ലാത്ത ടാറ്റ എസ്‌യുവി, സർവീസും നന്നായതോടെ നെക്സോണിന്റെ കച്ചോടം കുതിച്ചുയരുന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായി ടാറ്റ നെക്സോണിന്റെ (Tata Nexon Compact SUV) കുതിപ്പ് തുടരുകയാണ്. ഡിസയറിനോടും സഹോദരൻ പഞ്ചിനോടും ഒന്നാം സ്ഥാനം പലതവണ നഷ്ടപ്പെട്ടുവെങ്കിലും ഇവർക്ക് പിന്നിലെ സ്ഥിരം സാന്നിധ്യമാണ് കക്ഷി. ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോഡലായ നെക്സോൺ വിപണിയിലെത്തിയിട്ട് ഏറെക്കാലമായെങ്കിലും ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. പെട്രോൾ, ഡീസൽ, സിഎൻജി, ഇവി എന്നിങ്ങനെ ഒന്നിലധികം ഫ്യുവൽ ഓപ്ഷനുകളിൽ വാങ്ങാനാവുന്ന അപൂർവ എസ്‌യുവികളിൽ ഒന്നുകൂടിയാണിത്.
ഒപ്പം നല്ല സേഫ്റ്റി, മികച്ച നിർമാണ നിലവാരം, അടിപൊളി ഡിസൈൻ, മോഡേൺ ഫീച്ചറുകൾ, കുറഞ്ഞ വില എന്നിവ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. 2026 മെയ് മാസത്തിൽ നെക്സോണിന്റെ 19,100 യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേമാസവുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ നെക്സോണിന് 46 ശതമാനത്തിന്റെ വർധനവാണ് കൈവരിക്കാനായിരിക്കുന്നത്.

അങ്ങനെ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിപ്പെട്ട കാറുകളുടെ പട്ടികയിൽ നെക്സോണിന് അഞ്ചാം സ്ഥാനവും കൈവരിക്കാനായി. മാരുതി ഡിസയർ, മാരുതി ഫ്രോങ്ക്സ്, മാരുതി എർട്ടിഗ, ടാറ്റ പഞ്ച് തുടങ്ങിയ മോഡലുകളാണ് നെക്സോണിനേക്കാളും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായി വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫിനെ 10 ലക്ഷം രൂപയിൽ താഴെ വിലയിൽ വാഗ്ദാനം ചെയ്‌തുകൊണ്ട് അടുത്തിടെ പുത്തൻ വേരിയന്റ് കൊണ്ടുവന്നത് ഉൾപ്പടെയുള്ള തീരുമാനം എസ്‌യുവിയുടെ കച്ചോടം കൂടാൻ സഹായിച്ചിട്ടുണ്ടാവണം.
ഇതിന് പുറമെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകളോട് കൂടിയ ഓട്ടോ എസി, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പോലുള്ള മോഡേൺ ഫീച്ചറുകളും ടാറ്റ മോട്ടോർസ് നെക്സോണിൽ കുത്തിനിറച്ചിട്ടുണ്ട്. ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള എസ്‌യുവിയിൽ 6 എയർബാഗുകൾ, ESP, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡായി ലഭിക്കും.

കഴിഞ്ഞ വർഷം ADAS സംവിധാനം ചേർത്തുകൊണ്ട് ടാറ്റ നെക്സോണിനെ കമ്പനി പരിഷ്ക്കരിച്ചിരുന്നു. ഈ അപ്‌ഡേറ്റിലൂടെ ADAS ടെക് ലഭിക്കുന്ന ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നായി മാറാനും നെക്സോണിനായി. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ലെയ്ൻ കീപ്പ് അസിസ്റ്റ് (LKA), ട്രാഫിക് സൈൻ റെക്കഗ്നിഷൻ (TSR), ഹൈ ബീം അസിസ്റ്റ് (HBA) എന്നീ സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് നെക്സോണിന് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ പെട്രോളിനൊപ്പം സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. . ട്വിൻ സിലിണ്ടർ സംവിധാനവുമായി വരുന്ന ഇതിന്റെ മൈലേജ് തന്നെയാണ് ഹൈലൈറ്റ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ആരേയും മടുപ്പിക്കാത്ത ഡ്രൈവിംഗ് എക്‌സ്പീരിയൻസാണ് ഇവന് നൽകാനാവുക.

നെക്സോണിലെ ടർബോ പെട്രോൾ യൂണിറ്റ് 118 bhp പവറിൽ പരമാവധി 170 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടാറ്റയുടെ ഡീസൽ എഞ്ചിനാവട്ടെ 116 bhp കരുത്തിൽ 260 Nm ടോർക്ക് വരെയും നിർമിക്കാൻ യോഗ്യമാണ്. ഇനി ഗിയർബോക്‌സ് ഓപ്ഷനിലേക്ക് വന്നാലും വൈവിധ്യമാർന്ന ചോയ്‌സുകളാണ് ടാറ്റ നെക്സോൺ വാഗ്ദാനം ചെയ്യുന്നത്.
തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (DCT) ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിയിൽ വാങ്ങാനാവുക. 7.37 ലക്ഷം മുതൽ 14.22 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്സോണിന് നിലവിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications