പഞ്ചിൽ തുടിക്കാൻ ഡീസൽ എഞ്ചിനും റെഡി, വാങ്ങാൻ ആളുണ്ടേൽ വേഗം തരാമെന്ന് ടാറ്റയുടെ ഉറപ്പ്
ഇന്ത്യൻ വിപണിയിൽ വിപ്ലവം തീർത്ത മൈക്രോ എസ്‌യുവിയാണ് ടാറ്റ പഞ്ച്. വിലയും വലിപ്പവുംകൊണ്ട് മാരുതി ഹാച്ച്ബാക്കുകൾക്ക് വെല്ലുവിളിയുയർത്തിയ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കഴിഞ്ഞ കലണ്ടർ വർഷം പഞ്ചിൻ്റെ 173,502 യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് നിരത്തിലെത്തിച്ചത്. വാഗൺആർ, സ്വിഫ്റ്റ്, സെലേറിയോ, ബലേനോ തുടങ്ങിയ ഹാച്ച്ബാക്കുകൾ വാങ്ങാനിരുന്ന പലരും പഞ്ച് വാങ്ങാൻ എത്തിയെന്ന് വേണം പറയാൻ. ഇക്കഴിഞ്ഞ ദിവസം മുഖംമിനുക്കി പുത്തൻ രൂപത്തിൽ എസ്‌യുവി വരികയും ചെയ്‌തിരുന്നു. കിടിലൻ ലുക്ക് മാത്രമല്ല, പെർഫോമൻസേകാൻ പുതിയ ടർബോ പെട്രോൾ എഞ്ചിനുമായിട്ടാണ് കക്ഷിയുടെ വരവ്.
ഇതോടെ പെർഫോമൻസ് പോരെന്ന് പറഞ്ഞുനടന്നവർക്ക് ടാറ്റ കൃത്യമായ മറുപടിയും നൽകി. എന്നാൽ ആൾട്രോസിലെ ഡീസൽ എഞ്ചിൻ നൽകിയില്ലല്ലോയെന്ന സങ്കടം പലർക്കുമുണ്ട്. അതുകൂടി കിട്ടിയാൽ പഞ്ചിനെ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നാണ് ജനസംസാരം. വിൽപ്പനയെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു ഡീസൽ എഞ്ചിൻ നൽകാൻ തങ്ങൾ തയാറാണെന്ന് അറിയിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസർ മോഹൻ സവർക്കർ.

പഞ്ച് ഐ-ടർബോ എഞ്ചിൻ്റെ അവതരണം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്നും ഭാവിയിലെ പവർട്രെയിൻ ലോഞ്ചുകൾ ഉപഭോക്തൃ ഡിമാൻഡും വിപണി ഫീഡ്‌ബാക്കും അനുസരിച്ചായിരിക്കുമെന്നും ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസിലെ ചീഫ് പ്രോഡക്റ്റ് ഓഫീസർ മോഹൻ സവർക്കർ വിശദീകരിച്ചു. അതായത് വാങ്ങാൻ ആളുണ്ടേൽ പഞ്ച് ഡീസലും വിപണിയിലെത്തുമെന്ന സൂചനയാണ് മോഹൻ പറഞ്ഞുവെച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏക ഡീസൽ ഹാച്ച്ബാക്കായ ആൾട്രോസുമായി പഞ്ച് അതിൻ്റെ ആൽഫ ആർക്കിടെക്ച്ചർ പങ്കിടുന്നതിനാൽ എളുപ്പത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനുമാവും. പഞ്ചിൽ 1.5 ലിറ്റർ റെവോടോർക്ക് എഞ്ചിൻ എത്തിയാൽ അതൊരു ഗെയിം ചേഞ്ചർ ആവുമെന്നതിൽ സംശയമൊന്നും വേണ്ട. എങ്കിലും നിലവിൽ പെട്രോൾ, സിഎൻജി പവർട്രെയിനുകളെ അനുകൂലിക്കുന്ന ബി എസ്‌യുവി വിഭാഗത്തിൽ ഡീസൽ എഞ്ചിനുകൾക്കുള്ള ഡിമാൻഡാണ് ഒരു വലിയ വെല്ലുവിളി.

നെക്‌സോണിൻ്റെ ഡീസൽ എഞ്ചിൻ വേരിയൻ്റുകളുടെ വിഹിതം പോലും മൊത്തം വിൽപ്പനയുടെ 16 ശതമാനം മാത്രം ആണ്. അതേസമയം ആൾട്രോസിൻ്റേത് ഏകദേശം 8 ശതമാനവും. പക്ഷേ താങ്ങാനാവുന്ന നിലവാരത്തിൽ വില പിടിച്ചുനിർത്താനായാൽ പഞ്ച് ഡീസലിന് ഹിറ്റടിക്കാനാവും. നിലവിൽ ഡീസൽ എഞ്ചിനുള്ള എസ്‌യുവികൾക്ക് 10 ലക്ഷത്തിന് മുകളിൽ ഓൺ-റോഡ് വില മുടക്കേണ്ടതായുണ്ട്. ഈയൊരു സാഹചര്യം പഞ്ചിന് ഡീസൽ എഞ്ചിൻ സമ്മാനിച്ചാൽ ഇല്ലാതാവും.
ടാറ്റ ആൾട്രോസിൽ നിലവിലുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിന് 89 bhp കരുത്തിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇല്ലെങ്കിലും മാനുവൽ ഓപ്ഷൻ ഡീസൽ പ്രേമികളെ ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. 23.60 കിലോമീറ്ററും വരെ മൈലേജാണ് പ്രീമിയം ഹാച്ച്ബാക്കിലെ ഓയിൽ ബർണർ എഞ്ചിനുകൾക്ക് നൽകാനാവുക. പഞ്ചിനും ഈ കണക്കുകൾ ഏറ്റെടുക്കാനായാൽ സംഭവം കിടുക്കുമെന്ന് കരുതാം.

നിലവിൽ 1.2 ലിറ്റർ NA പെട്രോൾ, പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വിപണനത്തിന് എത്തുന്നത്. ആദ്യത്തെ NA യൂണിറ്റിന് 87 bhp കരുത്തിൽ പരമാവധി 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെങ്കിൽ ടർബോ-പെട്രോളിന് 120 bhp പവറിൽ പരമാവധി 170 Nm ടോർക്ക് നൽകാൻ കഴിവുണ്ട്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ടർബോ മോഡലുകൾക്ക് വെറും 11.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും കൈവരിക്കാനാവുമെന്നാണ് ടാറ്റ പറയുന്നത്.
കൂടാതെ പഴയ 1.2 ലിറ്റർ NA പെട്രോളിനൊപ്പം സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനുകളും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ തിരഞ്ഞെടുക്കാനാവുന്നതാണ്. ഡീസൽ എഞ്ചിൻ എത്തിയാൽ പഞ്ചിൻ്റെ ആകർഷണം വർധിക്കുമെന്നതിൽ ആർക്കും സംശയമൊന്നും വേണ്ട. ഇത് യാഥാർഥ്യമായാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും വലിയ വെല്ലുവിളിയാവുകയും ചെയ്യും.


Click it and Unblock the Notifications








