സ്റ്റോക്ക് ക്ലിയറൻസ്! 365 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് 2.15 ലക്ഷത്തിന്റെ വിലക്കുറവുമായി ടാറ്റ
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തെ മത്സരം ഓരോ ദിവസം കഴിയുമ്പോഴും ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ടാറ്റ മോട്ടോർസ് തങ്ങളുടെ മാത്രം കുത്തകയാക്കി വെച്ചിരുന്ന ഇവി സെഗ്മെന്റ് തൂക്കാനായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയും എംജി മോട്ടോറും സജീവമായി കളത്തിലേക്ക് ഇറങ്ങിയപ്പോൾ ഇന്ത്യക്കാർക്ക് വൈദ്യുത വാഹന പ്രേമികൾക്ക് അതൊരു വിരുന്നായി. XUV 3XO EV, BE 6, XEV 9e, XEV 9S തുടങ്ങിയ വമ്പൻ സംഘത്തോടെയാണ് മഹീന്ദ്ര ചീറിപ്പായാൻ എത്തുന്നതെങ്കിൽ ടിയാഗോ ഇവി, ടിഗോർ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി, കർവ് ഇവി, ഹാരിയർ ഇവി പോലുള്ള വമ്പൻ കളക്ഷനോടെയാണ് ടാറ്റ എതിരാളികളോട് മുട്ടാനിറങ്ങിയിരിക്കുന്നത്.
ഇതിൽ ചെറുകാർ വിപണിയിൽ തരംഗം തീർത്ത പഞ്ചിനെ ഇവി കുപ്പായം അണിയിച്ചപ്പോഴും വലിയ ഹിറ്റ് തീർക്കുകയുണ്ടായി. ചെറിയ വലിപ്പവും നല്ല റേഞ്ചും താങ്ങാനാവുന്ന വിലയും അന്യായ സേഫ്റ്റിയും തരുന്ന ഇലക്‌ട്രിക് എസ്‌യുവി വാങ്ങിക്കാൻ പിന്നീട് ആളുകളുടെ വലിയ മത്സരമായിരുന്നു. ഇക്കഴിഞ്ഞയിടയ്ക്ക് പഞ്ച് ഇവിക്ക് മുഖംമിനുക്കൽ സമ്മാനിച്ച് കിടിലമാക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി പഴയ മോഡലിന്റെ സ്റ്റോക്കുകൾ ഡീലർഷിപ്പുകളിൽ കെട്ടിക്കിടക്കാനും തുടങ്ങി.

പഴയ സ്റ്റോക്കുകളെല്ലാം വിറ്റഴിക്കുവാനായി 2026 മെയ് മാസത്തേക്കായി ടാറ്റ പഞ്ച് ഇവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്ക് തകർപ്പൻ ഡിസ്കൌണ്ട് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തത് അനുസരിച്ച് കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവിക്ക് ഈ മാസം 2.15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. MY25, MY24 ലോംഗ് റേഞ്ച് വകഭേദങ്ങൾക്ക് 1.10 ലക്ഷം രൂപ ബോണസും 55,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യവും 50,000 രൂപ ലോയൽറ്റി ഓഫറുമാണ് ടാറ്റ ഒരുക്കിവെച്ചിരിക്കുന്നത്.
അതേസമയം, MY25, MY24 മീഡിയം റേഞ്ച് സ്മാർട്ട് വകഭേദങ്ങൾക്ക് 1.60 ലക്ഷം രൂപ വിലവരുന്ന ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ മറ്റ് വേരിയന്റുകൾക്ക് 1.90 ലക്ഷം രൂപ വരെ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട് ടാറ്റ മോട്ടോർസ്. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പഞ്ച് ഇവിയുടെ നിലവിലെ എക്സ്ഷോറൂം വില 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെയാണ്. നഗരം, സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ അടിസ്ഥാനപ്പെടുത്തി ഈ കിഴിവുകളിൽ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ടെന്നത് പ്രത്യേകം ഓർമിക്കണേ.

ബ്രാൻഡിന്റെ ആക്ടി ഡോട്ട് ഇവി എന്ന അഡ്വാൻസ്ഡ് കണക്റ്റഡ് ടെക് ഇൻ്റലിജൻ്റ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് മൈക്രോ ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ടാറ്റ പഞ്ച് ഇവി വിപണനത്തിന് എത്തുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 25kWh ബാറ്ററി കിട്ടുമ്പോൾ ലോംഗ് റേഞ്ചിന് 35kWh ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്യുന്നത് കേട്ടോ.
ഇലക്ട്രിക് എസ്‌യുവിയിലെ ചെറിയ 25kWh ബാറ്ററി ഓപ്ഷന് 82 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് നിർമിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് വലിയ 35kWh ബാറ്ററി പായ്ക്ക് 122 bhp പവറിൽ 190 Nm ടോർക്കാണ് ഉത്പാദിപ്പിക്കുക. സ്റ്റാൻഡേർഡ് റേഞ്ച് വേരിയൻ്റിന് 265 കിലോമീറ്ററും ലോംഗ് റേഞ്ച് പതിപ്പുകൾക്ക് 365 കിലോമീറ്ററുമാണ് ടാറ്റ പഞ്ച് ഇവി അവകാശപ്പെടുന്ന റേഞ്ച് കണക്കുകൾ. 9.5 സെക്കൻഡിനുള്ളിൽ എസ്‌യുവിക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

അതേസമയം മണിക്കൂറിൽ 140 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. നിലവിലെ പുതിയ പഞ്ച് ഇവിയിൽ കമ്പനി ഓഫറുകളൊന്നും ഒരുക്കിയിട്ടില്ല കേട്ടോ. ബാറ്ററി സർവീസ് പ്രോഗ്രാം വഴി ഇപ്പോൾ 6.49 ലക്ഷത്തിന് പഞ്ചിന്റെ ബേസ് മോഡൽ സ്വന്തമാക്കാനാവുന്നതാണ്. ബാറ്ററി വാടക കിലോമീറ്ററിന് 2.60 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. ടാറ്റ പഞ്ച് ഇവി ഫെയ്‌ലിഫ്റ്റിൽ ആകര്‍ഷകമായ ബൈബാക്ക് അഷ്വറന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3 വര്‍ഷത്തെ ഓണര്‍ഷിപ്പിന് ശേഷം 60 ശതമാനം തുകയോ അല്ലെങ്കില്‍ 5 വര്‍ഷത്തിന് ശേഷം 40 ശതമാനം തുകയോ നല്‍കി വാഹനം തിരിച്ചെടുക്കുമെന്ന് ഇതിലൂടെ കമ്പനി ഉറപ്പുനല്‍കുന്നു. 30 kWh, 40 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് മുഖംമിനുക്കിയിരിക്കുന്ന എസ്‌യുവിയിൽ ടാറ്റ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ചെറിയ യൂണിറ്റ് സിംഗിൾ ചാർജിൽ 365 കിലോമീറ്റർ റേഞ്ചാണ് പറയുന്നത്. എന്തായാലും പഴയവനും മോശക്കാരനല്ലാത്തതിനാൽ വൻ വിലക്കുറവിൽ ലഭിക്കുമ്പോൾ ധൈര്യമായി വാങ്ങിച്ചുകൊണ്ട് പോരാം.


Click it and Unblock the Notifications