വിലയും വലിപ്പവും കുറവ്! ഈ വർഷം വിപണിയിലെത്താനിരിക്കുന്ന കുഞ്ഞൻ ഇലക്‌ട്രിക് കാറുകൾ
ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് കാറുകളോടുള്ള (Electric Cars) പ്രണയം ഏറിവരികയാണ്. ടാറ്റയും എംജിയും മഹീന്ദ്രയുമെല്ലാം വൈദ്യുത കാറുകളിലൂടെ പണംവാരുമ്പോൾ മറ്റ് ബ്രാൻഡുകളും അസൂയയോടെയാണ് നോക്കിനിൽക്കുന്നത്. എന്നാൽ വലിയ വില കൊടുത്ത് ഇവികൾ വാങ്ങാൻ പലർക്കും ഇപ്പോഴും മടിയാണ്. കമ്പനി പറയുന്ന റേഞ്ച് കിട്ടുമോ, ബാറ്ററി വേഗം പണിതരുമോ, ചാർജിംഗ് എങ്ങനെ കാര്യക്ഷമമാക്കും എന്നിങ്ങനെ ധാരാളം ആശങ്കകൾ ഇവി വാങ്ങുന്നവർക്കുണ്ട്. അതുമല്ല 10 ലക്ഷം രൂപയിൽ താഴെ വിലയിൽ അങ്ങനെ അധികം മോഡലുകളും ഇന്ത്യയിൽ ഇപ്പോൾ ലഭ്യമല്ലെന്നത് ഏവരേയും നിരാശപ്പെടുത്തുന്ന കാര്യമാണ്.
എന്നാൽ അധികം വൈകാതെ ഈയൊരു നിരയിലും കുഞ്ഞൻ ഇലക്ട്രിക് കാറുകളാൽ സമ്പന്നമാവാൻ പോവുകയാണ്. ഈ വർഷം കുഞ്ഞനൊരു ഇവി വാങ്ങണെന്നും ഇന്ധനച്ചെലവിൽ നിന്നും മോക്ഷം ലഭിക്കണമെന്നും ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരമാണ് വരാനിരിക്കുന്നത്. ഈ വർഷം നമ്മുടെ വിപണിയിൽ പുറത്തിറങ്ങുന്ന 4 മീറ്ററിൽ താഴെയുള്ള ചില കിടിലൻ പുതിയ ഇലക്ട്രിക് വാഹനങ്ങളെ പരിചയപ്പെടുത്തി തരാം.

ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്
ഈ നിരയിലേക്ക് ആദ്യമെത്താൻ പോവുന്ന മോഡലാണ് ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്. 2026 ഫെബ്രുവരി 20-ന് മുഖംമിനുക്കിയ കുഞ്ഞൻ എസ്‌യുവി വിപണിയിലെത്തും. പുതുക്കിയ പെട്രോൾ പതിപ്പിനെപ്പോലെ അതേ സ്റ്റൈലിംഗ് മാറ്റങ്ങളാവും ഇതിലുണ്ടാവുക. 35 kWh, പുതിയ 45 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാവും ഇവിയിൽ ഇത്തവണയുണ്ടാവുകയെന്നാണ് വിവരം. വലിയ ബാറ്ററി വേരിയന്റ് ഏകദേശം 489 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്തേക്കും. വലിയ ബാറ്ററി പായ്ക്കിനൊപ്പം ടാറ്റ ലൈഫ് ടൈം ബാറ്ററി വാറണ്ടിയും നൽകിയേക്കും.
വിൻഫാസ്റ്റ് VF3
കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം നടത്തിയ വിയറ്റ്നാമീസ് കാർ നിർമാതാക്കളായ വിൻഫാസ്റ്റിന് മികച്ച തുടക്കമാണ് രാജ്യത്ത് നിന്നും നേടിയെടുക്കാനായിരിക്കുന്നത്. ഈയൊരു വേഗം നിലനിർത്തുന്നതിനായി കമ്പനി ഒരു എൻട്രി ലെവൽ ഇവിയെ ഇന്ത്യയിൽ എത്തിച്ചേക്കും. വിൻഫാസ്റ്റിൽ നിന്നും ഏവരും കാത്തിരിക്കുന്ന VF3 മിനി ഇലക്ട്രിക് എസ്‌യുവിയായിരിക്കും ബ്രാൻഡിൻ്റേതായി വരുന്ന ചെറുകാർ.

ഒരു എസ്‌യുവി പോലെ തോന്നിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാണിത്. സെഗ്‌മെന്റിൽ എംജി കോമറ്റ് പോലുള്ളവയുമായ മത്സരിക്കാനിറങ്ങിയാൽ വിജയം ഉറപ്പാണ്. റെട്രോ ഹാച്ച്ബാക്ക് ഡിസൈൻ ഉള്ള ഈ ചെറിയ ഇവി ഇതിനകം നിരവധി വിപണികളിൽ വിൽപ്പനയിലുണ്ട്. 29.6 kWh, 37.2 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോഡലിന് പരമാവധി 326 കിലോമീറ്റർ റേഞ്ച് വരെ നൽകാനും സാധിക്കും.
വിൻഫാസ്റ്റ് VF5
നമ്മുടെ വിപണിയിൽ പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു വിൻഫാസ്റ്റ് കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയായിരിക്കും VF5. മുകളിൽ പറഞ്ഞ VF3 ഇവിയുടെ അതേ 29.6 kWh, 37.2 kWh ബാറ്ററി പായ്ക്കുകൾ ഉപയോഗിച്ചായിരിക്കും ഇതും വിപണനം ചെയ്യുക. ടാറ്റ പഞ്ച് ഇവി പോലുള്ളവയുമായി നേരിട്ട് ഏറ്റുമുട്ടാൻ പോവുന്ന മിടുക്കന് 10 ലക്ഷത്തിനടുത്തായിരിക്കും വില വരിക. ഡിസൈനിൻ്റെ കാര്യത്തിൽ VF5 ആഗോളതലത്തിൽ വിൽപ്പനയ്‌ക്കുള്ള വലിയ VF6, VF7 ഇവികളോട് സാമ്യമുള്ളതായിരിക്കും.

കിയ സിറോസ് ഇവി
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കുറച്ചുകാലമായി പരീക്ഷിച്ചുവരുന്ന തങ്ങളുടെ കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇവിയും ഈ വർഷം വിപണിയിൽ എത്തും. പ്രീമിയം സവിശേഷതകളാൽ സമ്പന്നമായ മോഡലിന് 10 ലക്ഷത്തിന് മുകളിലായിരിക്കും വിലയെങ്കിലും നെക്സോൺ ഇവി പോലുള്ളവയുടെ വിപണി ലക്ഷ്യമാക്കിയാണ് എത്തുക. 42 kWh, 49 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഇതിന് കരുത്ത് പകരാൻ സാധ്യതയുണ്ട്. ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ സിറോസ് ഇവി പുറത്തിറക്കുമെന്നാണ് കണക്കുകൂട്ടൽ.
ടാറ്റ ടിയാഗോ ഇവി ഫെയ്‌സ്‌ലിഫ്റ്റ്
എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്ക് കുറച്ചുകാലമായി ഇന്ത്യക്കാരുടെ പ്രിയങ്കരനാണ്. അധികം വൈകാതെ ഈ മോഡലിൻ്റെ പുതുക്കിയ പതിപ്പിനെയും വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ടാറ്റ മോട്ടോർസ്. ഡിസൈനിൽ വലിയ പൊളിച്ചെഴുത്തുകളൊന്നും ഉണ്ടാവില്ലെങ്കിലും ഫ്രഷ്നെസ് നൽകാൻ പാകത്തിനുള്ള നവീകരണങ്ങൾ പുതുമോഡലിലേക്ക് കൊണ്ടുവന്നേക്കാം. പുതുക്കിയ ടിയാഗോ ഇവിയിൽ 19.2 kWh, 24 kWh ബാറ്ററി പായ്ക്കുകൾ തുടരാനാണ് സാധ്യത.


Click it and Unblock the Notifications