ട്രക്കിനിട്ട് ഇടിപ്പിച്ചിട്ടും യാത്രക്കാർ സുരക്ഷിതം, 5-സ്റ്റാർ സേഫ്റ്റി വെറുതേ കിട്ടിയതല്ലെന്ന് പുത്തൻ പഞ്ച്
സേഫ്റ്റിയുടെ കാര്യത്തിൽ യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ച്ചകൾക്കും തയാറാല്ലാത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). ടിയാഗോ മുതൽ സഫാരി വരെ നീളുന്ന വാഹന നിരയിൽ എല്ലാവരും സുരക്ഷയുടെ കാര്യത്തിൽ കിടിലമാണ്. എൻട്രി ലെവൽ മോഡലുകളായ ടിയാഗോയും ടിഗോറും ഒഴികെ ബാക്കിയുള്ള കമ്പനിയുടെ കാറുകളെല്ലാം ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ളവരാണ്. ദേ പുതുതായി അവതരിച്ച പഞ്ച് ഫെയ്‌സ്‌ലിഫ്റ്റും (Punch Facelift) ഭാരത് NCAP ഇടിപ്പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി എത്തിയിരിക്കുകയാണ്. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിലും 5-സ്റ്റാറാണ് ഈ മൈക്രോ എസ്‌യുവി.
അതായത് പ്രീ-ഫെയ്‌സ്‌ലിഫ്റ്റിൻ്റെ അതേ സ്കോർ വാഹനത്തിന് നിലനിർത്താനായിട്ടുണ്ടെന്ന് സാരം. എന്നാൽ ഒരുപടിയും കൂടി മുമ്പോട്ട് കടന്ന് ഇത്തവണ ടാറ്റ മോട്ടോർസ് പുതിയ പഞ്ചിനെ ഒരു ട്രക്കിൽ ഇടിപ്പിച്ച് സേഫ്റ്റി തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ തെളിയിക്കാനായി നാല് ഡമ്മിയും വാഹനത്തിനകത്ത് വെച്ചുകൊണ്ടാണ് പരീക്ഷണം നടത്തിയത്. 50 കിലോമീറ്റർ വേഗതയിൽ ഓടിവരുന്ന പഞ്ച് നിർത്തിയിട്ടിരിക്കുന്ന ട്രക്കിലാണ് ഇടിപ്പിക്കുന്നത്.

സുരക്ഷാ പ്രദർശനത്തിൻ്റെ ഭാഗമായി റോഡുകളിൽ കാണുന്ന ഏറ്റവും സാധാരണവും അപകടകരവുമായ അപകട സാഹചര്യങ്ങളിൽ ഒന്നിനെയാണ് ഇടിപ്പരീക്ഷയിൽ അനുകരിച്ചിരിക്കുന്നത്. ഈയൊരു അപകടത്തിന് ശേഷവും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ബോഡി ഘടന കേടുകൂടാതെയിരുന്നുവെന്നതാണ് ഹൈലൈറ്റ്. ഒപ്പം അപകടത്തിന് ശേഷം നാല് ഡോറുകളും തുറക്കാനും കഴിയുമായിരുന്നു. സാധാരണയായി ഇത്തരം അപകടങ്ങൾ നടന്നാൽ വാഹനത്തിനകത്തെ യാത്രക്കാരെ ഡോർ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുന്നതാണ് പതിവ്.
ഇതിൻ്റെ കാരണം ആ വാഹനങ്ങളുടെ ഡോർ ലോക്ക് അല്ലെങ്കിൽ ജാമായിട്ടാവും ഉണ്ടാവുക. ഈയൊരു സാഹചര്യം പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങുമ്പോൾ ഒഴിവാക്കാനാവും. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളെല്ലാം സ്റ്റാൻഡേർഡായി തന്നെ പഞ്ചിൽ ഒരുക്കിയിട്ടുണ്ട്.

റെയിൻ സെൻസിംഗ് വൈപ്പറുകൾ, 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ, എൽഇഡി ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന സുരക്ഷാ സവിശേഷതകളാണ്. അങ്ങനെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഈ വർഷം (2026) 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ കാറായി പഞ്ച് പേരെടുക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ പാർക്ക് ചെയ്യുന്നതിനായി 360-ഡിഗ്രി ക്യാമറയും എസ്‌യുവിയിൽ കൊടുത്തിട്ടുണ്ട്.
ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഓട്ടോ-ഡിമ്മിംഗ് IRVM, വലിയ 10.24 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, ഒരു ഹാർമൻ ഓഡിയോ സിസ്റ്റം തുടങ്ങി നിരവധി ആകർഷകമായ സവിശേഷതകളും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പ്രത്യേകതയാണ്. പുതിയ മോഡൽ ഇപ്പോൾ ഈ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ വേരിയൻ്റുകൾക്ക് 366 ലിറ്ററും സിഎൻജി പതിപ്പുകൾക്ക് 210 ലിറ്റർ ലഗേജ് സ്പേസുമാണുള്ളത്.

നെക്സോണിലുള്ള 1.2 ടർബോ പെട്രോൾ എഞ്ചിനോടെയാണ് മൈക്രോ എസ്‌യുവിയുടെ ഫെസ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇപ്പോൾ വിപണനത്തിന് എത്തുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രം വരുന്ന ടർബോ യൂണിറ്റിന് 120 bhp കരുത്തിൽ പരമാവധി 170 Nm ടോർക്ക് വരെ നൽകാനാവും. വെറും 11.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും കൈവരിക്കാനും ഈ മോഡലുകൾക്കാവുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്.
പുതിയ ടർബോ എഞ്ചിൻ കൂടാതെ പഴയ 1.2 ലിറ്റർ NA പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ തിരഞ്ഞെടുക്കാനാവുന്നതാണ്. 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായി വരുന്ന 1.2 ലിറ്റർ റെവോട്രോൺ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിന് 88 bhp കരുത്തിൽ 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ പവർ കണക്കുകൾ 73.4 bhp, 103 Nm ടോർക്ക് എന്നിങ്ങനെയായി കുറയും.


Click it and Unblock the Notifications








