വാങ്ങാൻ പ്ലാനുണ്ടേൽ നോക്കിവെച്ചോ, എല്ലാവരേയും തൃപ്ത്തിപ്പെടുത്തും! പഞ്ചിലെ പുതിയ സീക്രട്ടും പരസ്യമാക്കി ടാറ്റ
ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. സിയറയ്ക്കും ഹാരിയർ, സഫാരി പെട്രോൾ എസ്‌യുവികൾക്കും പിന്നാലെ മോഡൽ നിരയിലേക്ക് എത്തുന്ന അതിഥിയെ വരവേൽക്കാൻ വിപണിയും തയാറെടുത്ത് കഴിഞ്ഞു. 2026 ജനുവരി 13-ന് ഔദ്യോഗിക അരങ്ങേറ്റം കുറിക്കാനിരിക്കുന്ന മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനത്തിൻ്റെ രൂപം പൂർണമായും വെളിപ്പെടുത്തിയ ഹൈപ്പുയർത്തിയിരിക്കുന്ന കമ്പനി ഇപ്പോഴിതാ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് മുമ്പോട്ട് വന്നിരിക്കുകയാണ്. പുതിയ പഞ്ച് ഏതെല്ലാം വേരിയൻ്റുകളിൽ വാങ്ങാനാവുമെന്ന കാര്യമാണ് ടാറ്റ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നിങ്ങനെ 6 വേരിയൻ്റുകളിലായാണ് പുതിയ പഞ്ച് ലഭ്യമാവുകയെന്ന് കാർവാലെ റിപ്പോർട്ട് ചെയ്യുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഞെട്ടിക്കുമെന്ന കാര്യം ഇതിനോടകം വ്യക്തമായിട്ടുണ്ട്. വലിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള ആധുനിക സവിശേഷതകളെല്ലാം കുത്തിനിറച്ചാവും ആശാൻ കളത്തിലേക്ക് എത്തുക.

അതോടൊപ്പം ടാറ്റ മോട്ടോർസിൻ്റെ പുതുമോഡലുകളിൽ കാണുന്ന ടൂസ്പോക്ക് ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീൽ, ഹൈറ്റ് അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, വാഷറുള്ള റിയർ വൈപ്പർ, കണക്റ്റഡ് ടെയിൽ-ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, കോർണറിംഗ് ഫംഗ്ഷനുള്ള എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ ഉണ്ടാവും.
എസ്‌യുവിയുടെ പെർഫോമൻസ് കണക്കുകളിൽ പലർക്കും പരാതിയുള്ളത് ടാറ്റ മോട്ടോർസ് ഇത്തവണ പരിഹരിക്കും. കിടിലൻ പവർ ഔട്ട്പുട്ട് നൽകാൻ പാകമായ ഒരു ടർബോ പെട്രോൾ എഞ്ചിൻ ഇത്തവണ മുഖംമിനുക്കിയ പഞ്ചിലേക്ക് എത്തിച്ചേരും. ഈ പുതിയ ടർബോ-പെട്രോൾ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയാവും നൽകുക. എന്നാൽ ടോപ്പ് എൻഡ് വേരിയൻ്റുകളിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ളൂ.

ആൾട്രോസ് റേസറിൽ ഉപയോഗിച്ചിരുന്ന 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റായിരിക്കാം ഇത്. ഈ എഞ്ചിന് ഏകദേശം 110 bhp കരുത്തിൽ പരമാവധി 140 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്. ഇതോടൊപ്പം മുമ്പുണ്ടായിരുന്ന 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനും മൈക്രോ എസ്‌യുവിയിൽ തുടർന്നും വാഗ്ദാനം ചെയ്യും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ഘടിപ്പിച്ചിരിക്കുന്ന ഇതിന് 87.8 പവറിൽ 115 Nm ടോർക്കാവും നൽകുക.
ഇനി ഡിസൈനിലേക്ക് നോക്കിയാൽ പുതുക്കിയ ഫ്രണ്ട്, റിയർ പ്രൊഫൈലുകൾക്കൊപ്പം പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് മൊത്തത്തിൽ ഗ്ലാമറായിട്ടുണ്ട്. മുകളിൽ ഘടിപ്പിച്ച ഷാർപ്പ് എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകൾക്കുള്ള പോളിഗോണൽ ഹൗസിംഗുകളും സ്ലാറ്റഡ് ഡിസൈനുള്ള ഒരു വലിയ എയർ ഡാമും വാഹനത്തിന് പ്രത്യേക അഴകാണ് സമ്മാനിക്കുന്നത്. പുതിയ വൈബ്രൻ്റ് കളർ ഓപ്ഷനുകളും മൈക്രോ എസ്‌യുവിയുടെ ഭാഗമാവും.

മുൻവശത്തെ താഴത്തെ ഗ്രില്ലിൽ ഒരു ADAS റഡാർ മൊഡ്യൂൾ സ്ഥാപിച്ചിരിക്കുന്നത് ടീസർ വീഡിയോകളിലൂടെ കാണാൻ കഴിയും. ADAS ടെക്കുള്ളതിനാൽ ഈ ഫീച്ചർ ലഭിക്കുന്ന സെഗ്മെൻ്റിലെ ആദ്യത്തെ എസ്‌യുവിയായിരിക്കും ടാറ്റ പഞ്ച്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള പഞ്ചിലേക്ക് ADAS കൂടിയെത്തുന്നത് സംഭവബഹുലമാവും. കൂടാതെ സറൗണ്ട്-വ്യൂ 360 ഡിഗ്രി ക്യാമറ സജ്ജീകരണവും മൈക്രോ എസ്‌യുവിയിൽ ഇത്തവണ ഉണ്ടാവും.
വിപണിയിലെത്തുമ്പോൾ പുതിയ ടാറ്റ പഞ്ച് നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ഹ്യുണ്ടായി എക്‌സ്റ്റർ, സിട്രൺ C3, ടൊയോട്ട ടൈസർ, മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നിവയുമായിട്ടാവും മത്സരിക്കുക. പഴയതിനേക്കാൾ ഇരട്ടി വിൽപ്പനയോടെ ഈ വർഷത്തെ ടോപ്പ് സെല്ലിംഗ് കിരീടം മാരുതി സുസുക്കിയിൽ നിന്നും തിരിച്ചെടുക്കാനും പഞ്ചിൻ്റെ പുതിയ അവതാരത്തിന് കഴിയുമെന്നാണ് അനുമാനം.


Click it and Unblock the Notifications








