ടാറ്റയുടെ ഹാപ്പി ന്യൂഇയർ ഓഫർ, കാറുകൾ വമ്പൻ വിലക്കുറവിൽ വിറ്റഴിക്കാൻ ആദായ വിൽപ്പനയുമായി കമ്പനി
പുതുമോഡലുകൾക്കൊണ്ട് ഇന്ത്യക്കാരെ വീണ്ടും വീണ്ടും വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ന്യൂജെൻ ആൾട്രോസ്, സിയറ, സഫാരി, ഹാരിയർ പെട്രോൾ മോഡലുകൾ എന്നിവയെല്ലാം ഈയടുത്ത് അവതരിപ്പിച്ച കമ്പനി അടുത്തതായി മൈക്രോ എസ്‌യുവിയായ പഞ്ചിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെക്കൂടി വിപണിയിൽ അവതരിപ്പിച്ച് ഏവരേയും അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം പുതുവർഷത്തോട് അനുബന്ധിച്ച് മോഡൽ നിരയിൽ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡിപ്പോൾ. നിലവിലുള്ള കച്ചോടം വർധിപ്പിക്കാനും വിൽപ്പന കണക്കുകളിൽ മഹീന്ദ്രയേയും ഹ്യുണ്ടായിയേം പൊട്ടിക്കാനും ഇതിന് പിന്നിൽ നീക്കമുണ്ട്. 2026 ജനുവരി മാസത്തേക്കായി ടാറ്റ അവതരിപ്പിച്ചിരിക്കുന്ന ഓഫറുകളുടെ വിശദവിവരം നോക്കാം.
ഓഫർ കാലയളവ് ജനുവരി 1 മുതൽ 2026 ജനുവരി 31 വരെയാണ്. കൺസ്യൂമർ ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ്, ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് കിഴിവുകൾ, SBI യോനോ ഡിസ്‌കൗണ്ട്, SSS ഓഫറുകൾ (ഷോപ്പ് ഷെയർ സ്‌മൈൽ), SSS റഫറലുകൾ, അലയൻസ് ഓഫറുകൾ എന്നിവയെല്ലാമാണ് ടാറ്റ കാർ വാങ്ങുന്നവരെ കാത്തിരിക്കുന്ന ന്യൂഇയർ സമ്മാനങ്ങൾ. ഇനി മോഡൽ തിരിച്ചുള്ള ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ടാറ്റ മോട്ടോർസിൻ്റെ എൻട്രി ലെവൽ മോഡലുകളായ ടിയാഗോ, ടിഗോർ എന്നിവയുടെ ന്യൂഇയർ ഓഫർ തന്നെ പറഞ്ഞുതുടങ്ങാം. ടിയാഗോ XE ബേസ് വേരിയൻ്റ് ഒഴികെയുള്ള എല്ലാ വേരിയൻ്റുകൾക്കും ടാറ്റ മോട്ടോർസ് 35,000 രൂപ വരെ മൊത്തം കൺസ്യൂമർ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഇത് 2024, 2025 ഷാസി മോഡലുകൾക്ക് ബാധകമാണെന്നാണ് റഷ്‌ലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ടിയാഗോയും ടിഗോറും 2025 മോഡൽ ഇയറിൻ്റെ ഭാഗമായി പുതുക്കിയ എക്സ്റ്റീരിയറും ഇൻ്റീരിയറും നൽകി ടാറ്റ അപ്‌ഡേറ്റ് ചെയ്‌തിരുന്നു.
ഇനി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിൻ്റെ കാര്യത്തിലേക്ക് വന്നാലും ആകർഷകമായ ഓഫറുകളാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിൽ 60,000 രൂപ വരെ വരുന്ന കൺസ്യൂമർ ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസായി 25,000 രൂപ വരെയും അധിക ആനുകൂല്യവും ലഭിക്കും. അങ്ങനെ പഴയ ആൾട്രോസ് വാങ്ങാൻ താത്പര്യമുള്ളവർക്ക് മൊത്തം 85,000 രൂപ വരെ ഓഫർ ഉപയോഗപ്പെടുത്താനാവും.

എസ്‌ബിഐ യോനോ, ടാറ്റ എസ്‌എസ്‌എസ് റഫറൽ, കോർപ്പറേറ്റ് ബുക്കിംഗ്, മറ്റ് രീതികൾ എന്നിവ ഉപയോഗിച്ച് ആൾട്രോസിൻ്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വാങ്ങുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ചേർക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. ഇനി പുതിയ ആൾട്രോസ് മതിയെന്നുള്ളവർക്കും നിരാശപ്പെടേണ്ടി വരില്ല കേട്ടോ. മുഖംമിനുക്കിയെത്തിയ പ്രീമിയം ഹാച്ച്ബാക്കിൻ്റെ എല്ലാ വകഭേദങ്ങൾക്കും പരമാവധി 25,000 രൂപ കിഴിവ് ലഭിക്കും.
പഞ്ച് എസ്‌യുവിയുടെ (MY24, MY25) എല്ലാ വകഭേദങ്ങൾക്കും പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ 40,000 രൂപ വരെ ഓഫറുകൾ നൽകിയാണ് ടാറ്റ വിറ്റഴിക്കുന്നത്. ഇതിൽ 20,000 രൂപ ലോയൽറ്റി ബോണസും ഉൾപ്പെടുന്നുവെന്നത് ഇരട്ടി മധുരമാണ് നൽകുക. ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് എസ്‌യുവികളിൽ ഒന്നായ നെക്സോൺ വാങ്ങുന്നവർക്ക് അതിൻ്റെ പെട്രോൾ, ഡീസൽ, സിഎൻജി ഓപ്ഷനുകളിൽ 50,000 രൂപ ഏകീകൃത ഓഫർ ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇതിൽ 20,000 രൂപ ലോയൽറ്റി ബോണസും ഉൾപ്പെടുന്നുണ്ട്. മറുവശത്ത് ടാറ്റയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയായ കർവിലേക്ക് വന്നാൽ 2026 ജനുവരി മാസത്തേക്കായി 40,000 രൂപ വരെയാണ് കമ്പനി ആനുകൂല്യങ്ങൾ നൽകുന്നത്. ഇതിൽ ലോയൽറ്റി ബോണസ് ഉൾപ്പെടുത്തിയിട്ടില്ലെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. ടാറ്റ മോട്ടോർസിന്റെ ഫ്ലാഗ്ഷിപ്പ് ഹാരിയർ, സഫാരി എസ്‌യുവികളുടെ എല്ലാ വകഭേദങ്ങൾക്കും 75,000 രൂപ ഏകീകൃത ഓഫർ ലഭിക്കും. ഇതിൽ 25,000 രൂപ ഉപഭോക്തൃ കിഴിവും 50,000 രൂപ എക്‌സ്‌ചേഞ്ച് / സ്‌ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു.
യോഗ്യരായ ഉപഭോക്താക്കൾക്ക് കോർപ്പറേറ്റ് കിഴിവുകൾ, എസ്‌ബിഐ യോനോ കൺസ്യൂമർ ഡിസ്‌കൗണ്ട്, ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്കുള്ള എസ്‌എസ്‌എസ് കിഴിവുകൾ അല്ലെങ്കിൽ ടാറ്റ ഗ്രൂപ്പ് ജീവനക്കാരുടെ റഫറലിനുള്ള എസ്‌എസ്‌എസ് റഫറൽ കിഴിവുകൾ, ടാറ്റ ഗ്രൂപ്പ് തിരഞ്ഞെടുത്ത വിതരണക്കാരും ഡീലർമാരും (ടിജിഎസ്ഡിഡി) ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഡെലോയിറ്റ്, ആദിത്യ ബിർള ഗ്രൂപ്പ് ജീവനക്കാർ തുടങ്ങിയവർക്കായി പ്രത്യേക അലയൻസ് ഓഫറുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








