ഇന്ത്യയുടെ നമ്പർ 1 കാറിന് വില കൂട്ടി, കച്ചോടം കൂടിയ സമയത്ത് ടാറ്റയുടെ കടുത്ത തീരുമാനത്തിൽ ഞെട്ടി ജനം
ബജറ്റ് സെഗ്മെന്റിലെ മാരുതി സുസുക്കി കാറുകളുടെ അന്തകനായി അവതരിച്ച ടാറ്റയുടെ കുഞ്ഞൻ എസ്‌യുവിയായിരുന്നു പഞ്ച്. വന്ന കാലം മുതൽ കഴിഞ്ഞ മാസം വരെ രാജ്യത്തെ ടോപ്പ് സെല്ലിംഗ് കാറുകളിൽ ഒന്നായി ഈ മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനം അരങ്ങുതകർക്കുകയാണ്. സെലേറിയോ, വാഗൺആർ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ ഒരുകൂട്ടം മാരുതി കാറുകളുടെ കച്ചോടം പിടിച്ചുകൊണ്ടാണ് പഞ്ച് മാസായത്. 5-സ്റ്റാർ സേഫ്റ്റി, ലോഡ് കണക്കിന് ഫീച്ചറുകൾ, തകർപ്പൻ ഡിസൈൻ, താങ്ങാനാവുന്ന വില, തരക്കേടില്ലാത്ത പെർഫോമൻസും മൈലേജും എന്നിവയൊക്കെയാണ് ടാറ്റയുടെ എസ്‌യുവിയെ പ്രിയങ്കരനാക്കിയത്.
പോരാത്തതിന് കാലത്തിനൊത്ത് കോലം മാറാനും പഞ്ച് കാണിക്കുന്ന ധൈര്യവും അഭിനന്ദനം അർഹിക്കുന്നതാണ്. അടുത്തിടെ മുഖംമിനുക്കിയെത്തിയതോടെ വിൽപ്പന വീണ്ടും കൂടിയിട്ടുണ്ട്. 2026 ജൂൺ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇന്ത്യൻ കാറായും ഈ മൈക്രോ എസ്‌യുവി മാറിയിട്ടുണ്ട്. എന്നാൽ കച്ചോടം കൂടി നിൽക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ നെഞ്ചിൽ തീകോരിയിടുന്നൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്.

പഞ്ചിന്റെ വില ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനമാണ് ടാറ്റ മോട്ടോർസിൽ നിന്നും പുറത്തുവരുന്നത്. 2026 ജൂലൈ ഒന്ന് മുതൽ വില വർധനവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ടർബോ പെട്രോൾ എഞ്ചിൻ, പുതുക്കിയ സ്റ്റൈലിംഗ്, ഒരുപിടി പുതിയ ഫീച്ചറുകൾ എന്നിവയുമായി ഈ വർഷം ജനുവരിയിലാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. നിലവിൽ സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എന്നിവയുൾപ്പെടെ ആറ് വേരിയന്റുകളിൽ ഒന്നിലധികം പവർട്രെയിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾക്കൊപ്പം എസ്‌യുവി സ്വന്തമാക്കാനാവും.
ടാറ്റ പഞ്ചിന്റെ എഎംടി ഗിയർബോക്‌സ് ഘടിപ്പിച്ച എല്ലാ സിഎൻജി വേരിയന്റുകൾക്കാണ് 7,000 രൂപയുടെ ഏറ്റവും ഉയർന്ന പരിഷ്‌ക്കരണം ലഭിച്ചിരിക്കുന്നത്. അതിനു തൊട്ടുതാഴെയായി പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് (S) ട്രിമ്മുകളുടെ എല്ലാ പെട്രോൾ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 6,000 രൂപയുടെ വിലക്കയറ്റവും ലഭിച്ചിട്ടുണ്ട്. അതേസമയം പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ (S), അക്കംപ്ലിഷ്ഡ് വേരിയന്റുകളുടെ സിഎൻജി മാനുവൽ പതിപ്പുകൾക്കും 6,000 രൂപ ഉയർത്തി.

ശേഷിക്കുന്ന നിരയിലുടനീളമുള്ള നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ ട്രിമ്മുകളുടെ മാനുവൽ വേരിയന്റുകളിൽ 5,000 രൂപയുടെ നേരിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ടാറ്റ മോട്ടോർസ് അറിയിച്ചു. അങ്ങനെ രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറിന് നിലവിൽ 5.70 ലക്ഷം രൂപ മുതൽ 10.67 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വില പരിഷ്ക്കരണത്തിന് പുറമെ വാഹനത്തിന് മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
1.2 ലിറ്റർ NA പെട്രോൾ, സിഎൻജി ബൈ-ഫ്യുവൽ, പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ പഞ്ച് സ്വന്തമാക്കാനാവുക. ഇതിൽ ആദ്യത്തെ NA പെട്രോളിന് 87 bhp പവറിൽ 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ എസ്‌യുവിയിലെ ടർബോ പെട്രോൾ 120 bhp കരുത്തിൽ പരമാവധി 170 Nm ടോർക്ക് നൽകാനും യോഗ്യമാണ്. 1.2 ലിറ്റർ NA പെട്രോളിനൊപ്പം സിഎൻജി ബൈ ഫ്യുവലിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസിൽ ചെറിയ ഇടിവുണ്ടാവുന്നുണ്ട്.

ഫീച്ചറുകളിലും സേഫ്റ്റിയിലും ഈ ബജറ്റിൽ സമാനതകളില്ലാത്ത വാഹനമാണ് ടാറ്റ പഞ്ച്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, സിംഗിൾ-പാൻ സൺറൂഫ്, ഇലുമിനേറ്റഡ് ലോഗോയുള്ള പുതിയ ഗ്ലോസ് ബ്ലാക്ക് 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച്-എനേബിൾഡ് ക്ലൈമറ്റ് കൺട്രോൾ പാനൽ, ഫാബ്രിക് അപ്ഹോൾസ്റ്ററിയുള്ള സീറ്റുകൾ എന്നീ സവിശേഷതകളെല്ലാം മോഡലിൽ ലഭ്യമാണ്.
ഇതുകൂടാതെ , വയർലെസ് ഫോൺ ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നീ ഫീച്ചറുകളും കൂടിയാവുമ്പോൾ പഞ്ച് സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കുകയാണ്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എബിഎസ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മോഡലിലെ സുരക്ഷാ സന്നാഹങ്ങൾ.


Click it and Unblock the Notifications