ഇന്നോവയേക്കാൾ 7 ലക്ഷം കുറവ്, അന്യായ സേഫ്റ്റിയും! 7-സീറ്റർ ഡീസൽ എസ്‌യുവിക്ക് വില കൂട്ടി ടാറ്റ
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കുമെന്ന കാര്യം ടാറ്റ മോട്ടോർസ് മുമ്പേ അറിയിച്ചിരുന്നു. ഇപ്പോൾ ഓരോ മോഡലിലും നടപ്പിലാക്കിയിരിക്കുന്ന വില പരിഷ്ക്കാരം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് കമ്പനി. ഹാരിയറിന് പിന്നാലെ ടാറ്റ സഫാരി എസ്‌യുവിയുടെ (Tata Safari SUV) പുതിയ വിലയും വെളിപ്പെടുത്തിയിരിക്കുകയാണ്. 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഡീസൽ പതിപ്പുകൾക്ക് മാത്രമായിട്ടാണ് വില വർധനവ് സംഭവിച്ചിരിക്കുന്നത് എന്നത് രസകരമായ കാര്യമാണ്. പെട്രോൾ മോഡലുകൾ വേണ്ടവർക്ക് പഴയ വിലയിൽ തന്നെ വണ്ടി ഇപ്പോഴും വാങ്ങിക്കാനാവുന്നതാണ്.
വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 8,700 രൂപ മുതൽ 22,000 രൂപ വരെയാണ് സഫാരിക്ക് വില വർധനവ് സംഭവിച്ചിരിക്കുന്നത്. സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് എന്നീ ഡീസൽ വകഭേദങ്ങൾക്കൊപ്പം പ്ലസ്, ഡാർക്ക്, സ്റ്റെൽത്ത് എഡിഷൻ എന്നീ വകഭേദങ്ങളിലും വില വർധനവ് ബാധകമാക്കിയിട്ടുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കും ഇനി മുതൽ അങ്ങോട്ട് പുതിയ വില നൽകേണ്ടതായുണ്ട്.

ടാറ്റ സഫാരിയുടെ ലോവർ വേരിയന്ഖുകളിൽ താരതമ്യേന ചെറിയ വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നതും ആളുകൾക്ക് സമാധാനം നൽകുന്ന കാര്യമാണ്. അതേസമയം മിഡ്, ടോപ്പ് വകഭേദങ്ങളിൽ കുത്തനെയുള്ള വർധനവ് ഉണ്ടായിട്ടുണ്ടെന്നത് ഫീച്ചർ ലോഡഡ് വേരിയന്റുകൾ തിരയുന്നവരെ നിരാശപ്പെടുത്തിയേക്കാം. ഇവയ്ക്ക് 15,000 രൂപ മുതൽ 22,000 രൂപ വരെ ഇനി മുതൽ അധികം മുടക്കേണ്ടി വരിക.
പുതുക്കിയ വില വർധനവ് പ്രകാരം സഫാരി ഡീസൽ ശ്രേണി ഇപ്പോൾ 14.75 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. വിലയിൽ മാറ്റമുണ്ടാവുമെങ്കിലും എസ്‌യുവിയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല കേട്ടോ. 6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിലാണ് ടാറ്റ സഫാരി വിപണിയിലെത്തുന്നത്. 18 ഇഞ്ച് അലോയ് വീലുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് എന്നീ മോഡേൺ ഫീച്ചറുകളെല്ലാം സഫാരിയുടെ ഭാഗമാണ്.

കൂടാതെ 360-ഡിഗ്രി ക്യാമറ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ലെവൽ 2 ADAS പോലുള്ള ഫീച്ചറുകളും ടാറ്റയുടെ 7-സീറ്റർ എസ്‌യുവിയിൽ ഒരുക്കിവെച്ചിട്ടുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ സഫാരി 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ടെന്നത് സേഫ്റ്റി വേണ്ടവരെ പോലും ആകർഷിക്കുന്ന കാര്യമാണ്. 2.0 ലിറ്റർ ഡീസൽ അല്ലെങ്കിൽ പുതിയ 1.5 ലിറ്റർ TGDi എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സഫാരി വിപണനത്തിന് എത്തുന്നത്.
6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഡീസൽ എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം പുതിയ പെട്രോൾ എഞ്ചിൻ 168 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെയാണ് നൽകുക. പവറിനൊപ്പം നല്ല മൈലേജ് കണക്കുകളും ഈ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് നൽകാൻ കഴിയും.

സഫാരിയുടെ പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. പെർഫോമൻസ്, സേഫ്റ്റി, മൈലേജ്, കിടിലൻ ഫീച്ചറുകൾ അങ്ങനെ എല്ലാം തികഞ്ഞ വലിയ 7-സീറ്റർ ഫാമിലി എസ്‌യുവി തിരയുന്നവർക്കെല്ലാം കണ്ണുംപൂട്ടി സഫാരി വാങ്ങി മുറ്റത്തിടാം. വില കൂടിയെങ്കിലും ടൊയോട്ടയുൾപ്പടെയുള്ള എതിരാളികളും വില വർധനവ് നടപ്പിലാക്കിയതിനാൽ സഫാരിയുടെ വിൽപ്പനയെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് അനുമാനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








