വില കൂട്ടിയിട്ടും ഇന്നോവയേക്കാൾ ലാഭം, അന്യായ സേഫ്റ്റിയുള്ള ടാറ്റയുടെ 7-സീറ്റർ എസ്‌യുവിയുടെ പുതിയ വില ഇങ്ങനെ
മാരുതി സുസുക്കിയും മഹീന്ദ്രയും ടൊയോട്ടയും ഹ്യുണ്ടായിയും കിയയുമെല്ലാം അടുത്തിടെ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലായിരുന്നു. ഇവർക്കൊപ്പം ടാറ്റ മോട്ടോർസും തങ്ങളുടെ പാസഞ്ചർ കാർ ശ്രേണിയിൽ വില പരിഷ്ക്കാരം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പഞ്ച്, നെക്സോൺ എന്നിവയുടെ പുതുക്കിയ വില വിവരങ്ങൾ പുറത്തുവിട്ട കമ്പനി ഇപ്പോഴിതാ തങ്ങളുടെ നിരയിലെ 7-സീറ്റർ എസ്‌യുവിയായ സഫാരിയുടെ പുതുക്കി വില വിവരങ്ങളും അതിന്റെ വിശദാംശങ്ങളും ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. സഫാരിയുടെ തിരഞ്ഞെടുത്ത മോഡലിനെ ആശ്രയിച്ച് ഇനി വാങ്ങുന്നവർ ഇപ്പോൾ എസ്‌യുവിക്ക് മുമ്പത്തേക്കാൾ കൂടുതൽ പണം നൽകേണ്ടിവരും.
സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 10,000 മുതൽ 21,000 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. സഫാരി പ്യുവർ X, അക്കംപ്ലിഷ്ഡ് X പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 21,000 രൂപയുടെ ഏറ്റവും വലിയ വർധനവ് വരുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി പുതിയ എക്സ്ഷോറൂം വില യഥാക്രമം 16.70 ലക്ഷം രൂപയും 21.05 ലക്ഷം രൂപയുമായി മാറി.

അതേസമയം സഫാരി അഡ്വഞ്ചർ X പ്ലസ് പെട്രോൾ മാനുവൽ, പ്യുവർ X ഡീസൽ മാനുവൽ, അഡ്വഞ്ചർ X പ്ലസ് ഡീസൽ മാനുവൽ, നിരവധി ഓട്ടോമാറ്റിക് വേരിയന്റുകൾ എന്നിവയ്ക്ക് 20,000 രൂപ വില വർധിപ്പിച്ചിട്ടുണ്ട് ടാറ്റ മോട്ടോർസ്. ബേസ് സ്മാർട്ട് വേരിയന്റുകൾക്ക് 10,000 മുതൽ 11,000 രൂപ വരെ വർധനവ് ഉണ്ടായി. മുൻനിരയിലുള്ള അക്കംപ്ലിഷ്ഡ് X പ്ലസ്, അക്കംപ്ലിഷ്ഡ് അൾട്രാ വേരിയന്റുകൾക്ക് പവർട്രെയിനും ട്രാൻസ്മിഷനും അനുസരിച്ച് 10,000 മുതൽ 15,000 രൂപ വരെ വർധനവും ഉണ്ടായിട്ടുണ്ട്.
ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ വില പരിഷ്ക്കാരത്തിന് ശേഷം സഫാരിയുടെ ബേസ് പെട്രോൾ മാനുവൽ വേരിയന്റിന് ഇപ്പോൾ 13.40 ലക്ഷം രൂപയാണ് വില വരുന്നത്. അതേസമയം ടോപ്പ് എൻഡ് ഡീസൽ ഓട്ടോമാറ്റിക് 6 സീറ്റർ വേരിയന്റിന് 26.15 ലക്ഷം രൂപയായും എക്സ്ഷോറൂം വില ഉയർന്നു. വില വർധനവിന് പുറമെ മൊത്തത്തിലുള്ള ഫീച്ചർ ലിസ്റ്റും എഞ്ചിൻ ഓപ്ഷനുകളും ടാറ്റ സഫാരിയിൽ മാറ്റമില്ലാതെ തുടരുകയാണ്.

2.0 ലിറ്റർ ഡീസൽ അല്ലെങ്കിൽ പുതിയ 1.5 ലിറ്റർ TGDi എഞ്ചിൻ ഓപ്ഷനുകളാണ് ടാറ്റ സഫാരിക്ക് തുടിപ്പേകാൻ എത്തുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് വരികയാണെങ്കിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഡീസൽ എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് കമ്പനി പറയുന്നു.
മറുവശത്ത് പുതിയ പെട്രോൾ എഞ്ചിൻ 168 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെയാണ് നൽകുക. പവറിനൊപ്പം നല്ല മൈലേജ് കണക്കുകളും ഈ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് നൽകാൻ കഴിയും. സഫാരിയുടെ പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. പെർഫോമൻസ്, സേഫ്റ്റി, മൈലേജ്, കിടിലൻ ഫീച്ചറുകൾ അങ്ങനെ എല്ലാം തികഞ്ഞ വലിയ 7-സീറ്റർ ഫാമിലി എസ്‌യുവി തിരയുന്നവർക്കെല്ലാം നല്ലൊരു ഓപ്ഷനാണ് ഇപ്പോഴും വാഹനം.

6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനും എസ്‌യുവിയിലുണ്ടെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. 18 ഇഞ്ച് അലോയ് വീലുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ലെവൽ 2 ADAS സ്യൂട്ട് എന്നീ മോഡേൺ ഫീച്ചറുകളെല്ലാം സഫാരിയുടെ ഭാഗമാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ എസ്‌യുവി 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications