വെറും 6 ആഴ്ച്ചയിൽ 10,000 പേർക്ക് ഡെലിവറി, ബംബർ ഹിറ്റായി ടാറ്റയുടെ 90 കിഡിൻ്റെ ന്യൂജെൻ മോഡൽ
വാഹന വിപണിയിലേക്ക് ഒരു ഇതിഹാസം പുനർജനിച്ചപ്പോൾ കമ്പനി സ്വപ്‌നം കണ്ടതിലും വലിയ വിജയം കൈവരിക്കുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. തൊണ്ണൂറുകളെ ത്രസിപ്പിച്ച ടാറ്റ സിയറ എസ്‌യുവി പുതുതലമുറയിൽ പിറവിയെടുത്തത് കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു. പിന്നീട് ഈ വർഷം തുടക്കത്തിൽ തന്നെ മോഡലിനായുള്ള ഡെലിവറിയും കമ്പനി ആരംഭിക്കുകയുണ്ടായി. ഇപ്പോഴിതാ വെറും 6 ആഴ്ച്ചകൊണ്ട് സിയറയുടെ 10,000 യൂണിറ്റുകൾ ഡെലിവറി ചെയ്‌ത് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. കൃത്യമായി പറഞ്ഞാൽ 2026 ജനുവരി 15-നാണ് എസ്‌യുവിക്കായുള്ള ഔദ്യോഗിക ഡെലിവറി ആരംഭിക്കുന്നത്.
ആദ്യ ദിവസം മുതൽ തന്നെ പുതിയ സിയറയ്ക്ക് മികച്ച ഉപഭോക്തൃ പ്രതികരണമാണ് ലഭിച്ചതെന്ന് ഈ കണക്കുകളിലൂടെ മനസിലാക്കാൻ സാധിക്കും. ഡിസംബർ 17 മുതൽ ബുക്കിംഗ് തുടങ്ങിയപ്പോൾ ആദ്യ ദിവസം തന്നെ 70,000-ത്തിലധികം കൺഫോം ബുക്കിംഗുകളും സിയറയ്ക്കായി നേടിയെടുക്കാൻ ടാറ്റയ്ക്ക് സാധിച്ചിരുന്നു. നിലവിൽ മൊത്തത്തിൽ 1.35 ലക്ഷം യൂണിറ്റ് ബുക്കിംഗുകളോളമാണ് തീർപ്പാക്കാനായി കാത്തിരിക്കുന്നത്.

ചില നഗരങ്ങളിൽ പുതിയ സിയറയുടെ ഡെലിവറിക്കായി ആറ് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഡീലർഷിപ്പുകൾ പറയുന്നുണ്ട്. ന്യൂജെൻ സിയറയെ ഒരു പ്രീമിയം മിഡ്-സൈസ് എസ്‌യുവിയായിട്ടാണ് ടാറ്റ മോട്ടോർസ് സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ്എന്നിവയുൾപ്പെടെ നിരവധി വേരിയൻ്റുകളിൽ വിപണനത്തിന് എത്തിയിരിക്കുന്ന എസ്‌യുവിക്ക് 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
സെഗ്‌മെൻ്റ്-ഫസ്റ്റ്, മികച്ച ഇൻ-ക്ലാസ് ഫീച്ചറുകൾ എന്നിവയെല്ലാം കുത്തിനിറച്ചെത്തുന്ന മിഡ്-സൈസ് എസ്‌യുവി ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് പണികഴിച്ചിരിക്കുന്നത്. ന്യൂജെൻ അവതാരം പഴയ മോഡലിലെ ഐക്കണിക് ഡിസൈൻ പുതുരൂപത്തിൽ കൊണ്ടുവന്നതും വിജയത്തിന് കാരണമായിട്ടുണ്ട്. 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിക്കുവാനായി ബോക്സി രൂപഘടന, ഉയർന്ന ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബി-പില്ലർ, വിൻഡോ ലൈനിൽ ഒരു കിങ്ക് എന്നിവ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്.
ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയും കൂടിയാവുമ്പോൾ എക്സ്റ്റീരിയർ പൊളിയാവുന്നുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും ആഡംബരത്തം തുളുമ്പുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ, പ്രത്യേക പാസഞ്ചർ സ്ക്രീൻ എന്നിവയുള്ള ട്രൈ-സ്ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട് ആരുടേയും കണ്ണിലുടക്കുന്ന വിധമാണ് കൊടുത്തിരിക്കുന്നത്.
അതോടൊപ്പം ഡാഷ്-മൗണ്ടഡ് സൗണ്ട്ബാറുള്ള JBL സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, എക്സ്പ്രസ് കൂളിംഗ് സഹിതമുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷേഡുകൾ, റീക്ലൈനിംഗ് റിയർ സീറ്റുകൾ, എയർ പ്യൂരിഫയർ, കൂൾഡ് ഗ്ലൗബോക്സ്, പാഡിൽ ഷിഫ്റ്ററുകൾ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, ലെവൽ 2 ADAS, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ആംറെസ്റ്റ് എന്നിവയും ടാറ്റ സിയറയുടെ അകത്തളത്തിനെ അടിപൊളിയാക്കും.
വയർലെസ് ചാർജർ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 14 വ്യൂകളുള്ള 360-ഡിഗ്രി ക്യാമറ, റിയർ എസി വെൻ്റുകൾ പോലുള്ള മോഡേൺ ഫീച്ചറുകളും സിയറയുടെ ഭാഗമാണ്. 26.5-ഡിഗ്രി അപ്രോച്ച് ആംഗിൾ, 23.1-ഡിഗ്രി റാംപ്-ഓവർ ആംഗിൾ, 31.6-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 205 mm ഗ്രൗണ്ട് ക്ലിയറൻസ്, 10.6 മീറ്റർ ടേണിംഗ് സർക്കിൾ എന്നിവയുള്ള എസ്‌യുവിക്ക് അനായസം ഓഫ്-റോഡിലും കുതിക്കാനാവുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.
1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സിയറയെ തിരികെയെത്തിച്ചിരിക്കുന്നത്. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവ ഉൾപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളോടാണ് സിയറ മത്സരിക്കുന്നത്.


Click it and Unblock the Notifications








