ബേസ് വേരിയന്റിൽ വരെ 538 കിലോമീറ്റർ റേഞ്ച്, ഞെട്ടിക്കാൻ ടാറ്റ സിയറ ഇവി! വരവിന് ഇനി മണിക്കൂറുകൾ മാത്രം
ഇലക്‌ട്രിക് കാറുകളെ ജനകീയരാക്കി മുന്നേറുകയാണ് ടാറ്റ മോട്ടോർസ്. ചെറിയ ബജറ്റ് മുതൽ പ്രീമിയം വിഭാഗത്തിൽ വരെ സാന്നിധ്യമറിയിച്ചിരിക്കുന്ന കമ്പനി അടുത്തതായി വൈദ്യുത കുപ്പായം അണിയിക്കുന്നത് ഒരു ഇതിഹാസ എസ്‌യുവിയെയാണ്. അടുത്തിടെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ തിരികെയെത്തി വിപ്ലവം സൃഷ്ടിച്ച സിയറയാണ് ഇലക്‌ട്രിക് രൂപത്തിൽ ഇന്ത്യക്കാർക്കായി കമ്പനി പുറത്തിറങ്ങുന്നത്. ICE എഞ്ചിൻ സിയറയുടെ വിജയം ആവർത്തിക്കാൻ വൈദ്യുത പതിപ്പും കൂടിയെത്തുമ്പോൾ ആരാധകരെല്ലാം വമ്പൻ ആവേശത്തിലാണ്. ജൂൺ 30-ന് വാഹനം ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കാനിരിക്കുമ്പോൾ ഇവിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസം ടീസർ വീഡിയോയിലൂടെ സിയറ ഇവിയുടെ എക്സ്റ്റീരിയർ ടാറ്റ മോട്ടോർസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഇലക്ട്രിക് എസ്‌യുവിയിൽ പ്രവർത്തിക്കാൻ പോവുന്ന ബാറ്ററി പായ്ക്കുകളുടെ വിശദാംശങ്ങളും എക്‌സ്ക്ലൂസിവായി റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ് കാർവാലെ. ടാറ്റ സിയറ ഇവിയുടെ പ്യുവർ ബേസ് വേരിയന്റ് ബ്രാൻഡിന്റെ 65kWh ബാറ്ററി പായ്ക്കിനൊപ്പം വാഗ്ദാനം ചെയ്യുമെന്നതാണ് സന്തോഷം പകരുന്ന കാര്യം.

ഇതോടെ ഹാരിയർ ഇവിയുടെ 75kWh ബാറ്ററി പായ്ക്കിനൊപ്പം QWD/AWD വേരിയന്റുകൾ വാഗ്ദാനം ചെയ്യുമെന്നുമാണ് അർഥമാക്കുന്നത്. ഹാരിയർ ഇവിയിലെ 65kWh ബാറ്ററി പായ്ക്ക് ഫുൾ ചാർജിൽ 538 കിലോമീറ്റർ MIDC സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹാരിയറിനെ അപേക്ഷിച്ച് ഭാരം കുറവായതിനാൽ സിയറ ഇവിയിൽ കൂടുതൽ റേഞ്ച് കിട്ടിയാലും അത്ഭുതപ്പെടാനില്ല. പെർഫോമൻസിലും ബേസ് വേരിയന്റുകൾ പുലിയായിരിക്കും.
അതായത് 238 bhp കരുത്തിൽ പരമാവധി 315 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന ഒരു RWD മോട്ടോറുമായിട്ടാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത് എന്നതിനാൽ ഓടിക്കാനും അന്യായ ഫീലായിരിക്കും. QWD/AWD പവർട്രെയിനിനായുള്ള 75kWh ബാറ്ററി പായ്ക്കിന്റെ കാര്യത്തിലേക്ക് വന്നാൽ ഇതിന് ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത MIDC റേഞ്ചാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. ഇത് 391 bhp പവറിൽ 504 Nm ടോർക്ക് നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഹാരിയർ ഇവിയെപ്പോലെ 3.3kW ചാർജറും കൂടുതൽ ശക്തമായ 7.2kW AC ഫാസ്റ്റ് ചാർജറും ഉപയോഗിച്ച് ടാറ്റ സിയറ ഇവിയും വാഗ്ദാനം ചെയ്യുമെന്നതിനാൽ ചാർജിംഗിനായി സമയം വെറുതേ പോവില്ലെന്ന് തന്നെ കരുതാം. ഇനി സിയറ ഇലക്ട്രിക്കിന്റെ ഡിസൈനിലേക്ക് നോക്കിയാൽ ICE പതിപ്പിൽ നിന്നും നിന്ന് വലിയ മാറ്റമൊന്നും വരുത്താതെയുള്ള രൂപം തന്നെയാണ് ഇവി മോഡലും സ്വീകരിച്ചിരിക്കുന്നത്. ആരുകണ്ടാലും കൊതിക്കുന്ന സുന്ദര രൂപത്തിൽ ഇവി നിർദിഷ്ട മാറ്റങ്ങൾ മാത്രമാവുമുണ്ടാവുക.
സിയറ ഇവിയിൽ സാധാരണ സിയറയുടെ ബ്ലാക്ക്ഡ്-ഔട്ട് ഫങ്ഷണൽ ഗ്രില്ലിന് പകരം ബോഡി-കളർ ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ നൽകിയിരിക്കുന്നത് മനോഹരമായിട്ടുണ്ട്. ലൈറ്റിംഗ് ഘടകങ്ങൾ അതേപടി തുടരുന്നതും കൈയടി നേടും. പെട്രോൾ, ഡീസൽ സിയറയിലുള്ള എൽഇഡി ലൈറ്റ് ബാറിന് തൊട്ടുതാഴെയുള്ള 'സിയറ' ബ്രാൻഡിംഗ് ഇവിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ബമ്പറിന് ഗ്ലോസ് ബ്ലാക്ക് ഫിനിഷും ഒരു ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റും മുൻവശത്തിന് ചെറിയ മാറ്റങ്ങളൊക്കെ നൽകുന്നുണ്ട്.
അതേസമയം 19 ഇഞ്ച് അലോയ് വീലുകളും ICE പതിപ്പിന് സമാനമാണ്. കാഴ്ച്ചയിൽ കൂടുതൽ പുതുമ കൊണ്ടുവരുവാനായി ആകർഷകമായ കളർ ഓപ്ഷനുകളും അവതരിപ്പിച്ചേക്കും. ഇന്റീരിയറിലേക്ക് കയറിയാൽ അകത്തളവും ഏറെക്കുറെ സമാനമായിരിക്കും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, 12.3 ഇഞ്ച് പാസഞ്ചർ സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം ഉയർന്ന ട്രിമ്മുകളിൽ നിലനിർത്തിയേക്കും.
അതേസമയം ലോവർ വേരിയന്റുകളിൽ ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണവും ഹെഡ്-അപ്പ് ഡിസ്‌പ്ലേയും (HUD) ലഭിക്കും. പനോരമിക് സൺറൂഫ്, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പ്രീമിയം ഓഡിയോ സിസ്റ്റം, ഡ്രൈവ് മോഡുകൾ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിൽ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ. വിപണിയിലെത്തുമ്പോൾ 18 ലക്ഷം മുതൽ 25 ലക്ഷം വരെ എക്സ്ഷോറൂം വിലയാവും ടാറ്റ സിയറ ഇവിക്കുണ്ടാവുകയെന്നാണ് അനുമാനം.


Click it and Unblock the Notifications