'ലൈഫ് ടൈം ബാറ്ററി വാറണ്ടി'യിൽ സിയറ ഇവി, വാങ്ങുന്നതിന് മുമ്പ് ഈ സത്യം നിങ്ങൾ മനസിലാക്കണം
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയെ കോരിത്തരിപ്പിച്ചുകൊണ്ട് പിറവിയെടുത്തിരിക്കുകയാണ് ടാറ്റ സിയറ ഇവി. മാരുതി ഇ വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര XEV 9e, എംജി വിൻഡ്‌സർ ഇവി പോലുള്ള വമ്പൻമാർക്കെല്ലാം മുട്ടൻപണിയാണ് ടാറ്റ മോട്ടോർസിന്റെ പുത്തൻ ഇലക്ട്രിക് എസ്‌യുവിയുടെ വരവ്. 18.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റിന് പോലും 25.99 ലക്ഷമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ ബജറ്റിൽ ലഭ്യമായ ഏറ്റവും നല്ല ഇവിയായി ഇതോടെ സിയറയുടെ വൈദ്യുത പതിപ്പ് മാറുകയാണ്. അതും ആജീവനാന്ത ബാറ്ററി വാറണ്ടിയും കൂടിയാവുമ്പോൾ ഏതൊരാൾക്കും കണ്ണുംപൂട്ടി വാങ്ങിക്കാനാവും.
ടാറ്റ മോട്ടോർസ് തങ്ങളുടെ പുതിയ സിയറ ഇവിക്ക് 'ലൈഫ് ടൈം ബാറ്ററി വാറണ്ടി' പ്രഖ്യാപിച്ചതിൽ അതിശയിക്കാൻ ഒന്നുമില്ല. പക്ഷേ ഇതൊരു ആജീവനാന്ത വാറണ്ടിയാവുന്നത് എങ്ങനെയാണെന്ന് പലർക്കും സംശയം ഉണ്ടാവും അല്ലേ. ഇത് പരിധിയില്ലാത്ത വാറണ്ടിയൊന്നുമല്ലെന്ന് ആദ്യമേ പറഞ്ഞുതരാം കേട്ടോ. കമ്പനി ഇതിനെ പ്രധാന ഉടമസ്ഥാവകാശ ആനുകൂല്യമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരവധി നിബന്ധനകൾക്ക് വിധേയമാണെന്നും വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരുന്നോ.

ഏറ്റവും വലിയ മുന്നറിയിപ്പ് വാഹനത്തിന്റെ മുഴുവൻ ആയുസിനും വാറണ്ടി സാധുതയുള്ളതല്ല എന്നതാണ്. പകരം ടാറ്റ 'ലൈഫ് ടൈം' എന്നത് ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷത്തേക്കാണ് നൽകുന്നത്. മാത്രമല്ല, ഇത് വാഹനത്തിന്റെ ആദ്യ ഉടമയ്ക്ക് മാത്രമേ ബാധകമാകൂവെന്നതും എല്ലാവരും ഓർമിക്കേണ്ട പ്രധാന വശമാണ്. തുടർന്നുള്ള ഉടമകൾക്ക് ലൈഫ് ടൈം കവറിന്റെ പ്രയോജനം ലഭിക്കില്ല എന്നാണ് ഇതിനർത്ഥം.
വാറണ്ടി 63kWh, 75kWh ബാറ്ററി പായ്ക്കുകൾ ഒരുപോലെ ലഭ്യമാണെന്ന കാര്യം ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉദാരമായ ബാറ്ററി കവറേജ് പ്രോഗ്രാമുകളിൽ ഒന്നാണ് ടാറ്റ മോട്ടോർസിന്റെ വാറണ്ടി പാക്കേജ് എന്നതിൽ സംശയമൊന്നും വേണ്ട. ഇത് വാങ്ങുന്നവർക്ക് ദീർഘകാല ബാറ്ററി ഡീഗ്രേഡേഷനെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കാൻ സഹായിക്കുന്ന കാര്യമാണ്.

ഹാരിയർ ഇവിയുടെ അതേ ആക്‌ടി ഡോട്ട് ഇവി പ്ലസ് (Acti.ev+) ആർക്കിടെക്ചറിൽ നിർമിച്ചിരിക്കുന്ന സിയറ ഇവയിൽ വലിയ എസ്‌യുവിയുടെ TiDAL E&E ആർക്കിടെക്ച്ചർ ഉൾപ്പെടുന്നുണ്ട്. ബാറ്ററി ഓപ്ഷനുകളിൽ 63kWh, 75kWh യൂണിറ്റുകൾ ഉൾപ്പെടുന്നുത്. ഇവ രണ്ടിലും സ്റ്റാൻഡേർഡായി ഒരു 315 Nm റിയർ-മൗണ്ടഡ് മോട്ടോർ (RWD) ലഭിക്കും. 63kWh വേരിയന്റുകൾ 238 bhp വികസിപ്പിക്കാനും യോഗ്യമാണെന്നതിനാൽ പെർഫോമൻസിന്റെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ട.
അതേസമയം 75kWh വേരിയന്റുകൾ 209 bhp പവറും ഉത്പാദിപ്പിക്കാൻ കഴിവുളള്ളതാണ്. വലിയ പായ്ക്ക് ഒരു ഡ്യുവൽ-മോട്ടോർ AWD ലേഔട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സംയോജിതമായി 504 Nm ടോർക്ക് വരെ നിർമിക്കും. ബൂസ്റ്റ് മോഡ് പ്രവർത്തനക്ഷമമാക്കിയാൽ സിയറ ഇവി AWD പതിപ്പ് വെറും 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വരെ കൈവരിക്കുമെന്നും ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു.

നോർമൽ, ഗ്രാസ്/സ്നോ, മഡ്/ഗ്രാവെൽ, സാൻഡ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ 6 ടെറൈൻ മോഡുകൾ, ലോ-സ്പീഡ് ക്രൂയിസ് കൺട്രോൾ, 540-ഡിഗ്രി ക്യാമറ (അണ്ടർഫ്ലോർ വ്യൂവുള്ള 360-ഡിഗ്രി സറൗണ്ട്) തുടങ്ങിയ ഓഫ്-റോഡ്-കേന്ദ്രീകൃത സവിശേഷതകളോടെയാണ് സിയറ ഇവി AWD മോഡൽ വിപണിയിലെത്തിയിരിക്കുന്നത് എന്നതും ഏവരേയും അമ്പരപ്പിക്കുന്ന കാര്യമാണ്. റേഞ്ചിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 63kWh, 75kWh എന്നിവ യഥാക്രമം 565 കിലോമീറ്റർ, 665 കിലോമീറ്റർ റേഞ്ചാണ് പറയുന്നത്.
120kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 15 മിനിറ്റിനുള്ളിൽ 263 കിലോമീറ്റർ വരെ റേഞ്ച് ടോപ്പ്-അപ്പ് ചെയ്യാനാവുമെന്നത് വലിയ കാര്യമാണ്. 20-80 ശതമാനം ചാർജ് ചെയ്യാൻ ഏകദേശം 26 മിനിറ്റ് എടുക്കും. 7.2kW AC ചാർജിംഗിലേക്ക് വന്നാൽ 63kWh ബാറ്ററിക്ക് 10-100 ശതമാനം റീചാർജ് ചെയ്യാൻ 8.9 മണിക്കൂറും 75kWh യൂണിറ്റിന് 10.5 മണിക്കൂറും എടുക്കും. എന്തായാലും ലൈഫ് ടൈം വാറണ്ടിയും മറ്റ് ഫീച്ചറുകളുമെല്ലാം കണക്കിലെടുക്കുമ്പോൾ സിയറ ഇവി ശരിക്കും രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളിൽ ഒന്നായി മാറുന്നുണ്ട്.


Click it and Unblock the Notifications