ടാറ്റയുടെ ബിൽഡ് ക്വാളിറ്റി അറിയാല്ലോ... ഇടിച്ചാലും ഉരുക്ക് പോലെ നിൽക്കും; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാറായി സിയറ

പുത്തനൊരു ടാറ്റ കാർ വാങ്ങുമ്പോൾ ആളുകൾക്ക് സർവീസുമായി ബന്ധപ്പെട്ട തലവേദനയുണ്ടാവുമോയെന്ന ആശങ്കകൾ മാത്രമാണ് മുമ്പോട്ടുവെക്കാനുള്ളത്. അതല്ലാതെ സേഫ്റ്റിയോ മറ്റ് ഗുണനിലവാര പ്രശ്‌നങ്ങളോ ഇതുവരെ ബ്രാൻഡിൽ നിന്നും ഉണ്ടായിട്ടില്ലെന്ന് വളരെ ശ്രദ്ധേയമായ കാര്യമാണ്. ടിയാഗോ മുതൽ സഫാരി വരെ നീളുന്ന മോഡൽ നിര സുരക്ഷയുടെ കാര്യത്തിൽ ഒന്നാന്തരമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പുതുതായി കൊണ്ടുവന്ന ന്യൂജെൻ ടാറ്റ സിയറ എസ്‌യുവിയും ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഇടിച്ചിട്ടിരിക്കുകയാണ്. ഭാരത് NCAP ഇടിപ്പരീക്ഷയിലാണ് വാഹനത്തിന് ഫുൾ മാർക്ക് നേടാനായിരിക്കുന്നത്.

ഏജൻസി നടത്തിയ പരിശോധനകളിൽ മുതിർന്നവരുടെ സംരക്ഷണത്തിലും കുട്ടികളുടെ സംരക്ഷണത്തിലും സിയറ പൂർണ വിജയം നേടി. മുതിർന്നവരുടെ സേഫ്റ്റിയിൽ എസ്‌യുവി 32 പോയിന്റുകളിൽ 31.14 പോയിന്റുകൾ നേടിയപ്പോൾ ചൈൽഡ് സേഫ്റ്റിയിൽ 49 പോയിന്റുകളിൽ 44.73 പോയിന്റുകളും എസ്‌യുവി സ്വന്തമാക്കുകയുണ്ടായി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ടെസ്റ്റിൽ 16-ൽ 16 എന്ന മികച്ച സ്കോറും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 15.14 സ്കോറും വാഹനം നേടി.

Tata Sierra SUV Scores 5-Star Safety Rating In Bharat NCAP Crash Tests

സൈഡ് പോൾ ഇംപാക്റ്റ് ടെസ്റ്റിലും ടാറ്റ സിയറ വിജയിച്ചുവെന്ന് ഭാരത് NCAP വ്യക്തമാക്കി. ലെവൽ 2 ADAS സ്യൂട്ട്, 7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയുൾപ്പെടെ ആക്‌ടിവ്, പാസീവ് സവിശേഷതകളോടെയാണ് ടാറ്റ സിയറ പണിതിറക്കിയിരിക്കുന്നത്.

സിയറയുടെ എല്ലാ വേരിയന്റുകൾക്കും ഭാരത് NCAP ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗ് ബാധകമാണെന്നതും ശ്രദ്ധേയമാണ്. സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളോടെയാണ് ന്യൂജെൻ മോഡൽ വിപണനത്തിന് എത്തുന്നത്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിൽ വരുന്ന എസ്‌യുവിക്ക് 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Tata Sierra SUV Scores 5-Star Safety Rating In Bharat NCAP Crash Tests

ഡിസംബർ 17 മുതൽ ബുക്കിംഗ് തുടങ്ങിയപ്പോൾ ആദ്യ ദിവസം തന്നെ 70,000-ത്തിലധികം കൺഫോം ബുക്കിംഗുകളും സിയറയ്ക്കായി നേടിയെടുക്കാൻ ടാറ്റയ്ക്ക് സാധിച്ചിരുന്നു. നിലവിൽ മൊത്തത്തിൽ 1.35 ലക്ഷം യൂണിറ്റ് ബുക്കിംഗുകളോളമാണ് തീർപ്പാക്കാനായി കാത്തിരിക്കുന്നത്. ഇതിനോടകം 1 ലക്ഷം ബുക്കിംഗുകൾ വാരിക്കൂട്ടിയാണ് സിയറ കുതിക്കുന്നത്. ജനുവരി പകുതിയോടെ ഡെലിവറികൾ ആരംഭിച്ച ടാറ്റയ്ക്ക് 2026 ഫെബ്രുവരി വരെ സിയറയുടെ 14,000 യൂണിറ്റുകൾ വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ട്.

സെഗ്‌മെന്റ്-ഫസ്റ്റ്, മികച്ച ഇൻ-ക്ലാസ് ഫീച്ചറുകൾ എന്നിവയെല്ലാം കുത്തിനിറച്ചെത്തുന്ന മിഡ്-സൈസ് എസ്‌യുവി എന്തായാലും ആളുകളുടെ കണ്ണിലുണ്ണിയായിട്ടുണ്ട്. ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് പുതുതലമുറ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിക്കുവാനായി ബോക്സി രൂപഘടന, ഉയർന്ന ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബി-പില്ലർ, വിൻഡോ ലൈനിൽ ഒരു കിങ്ക് എന്നിവ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്.

Tata Sierra SUV Scores 5-Star Safety Rating In Bharat NCAP Crash Tests

1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സിയറ തെരഞ്ഞെടുക്കാനാവുന്നത്. ബേസ് വേരിയൻ്റുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിന് 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്.

116 bhp പവറിൽ 260 Nm ടോർക്ക് നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഏറ്റവും പവർഫുൾ യൂണിറ്റ്. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രം ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 160 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

ഫീച്ചറുകളുടെ കാര്യത്തിലായാലും ആരും നിരാശപ്പെടേണ്ടി വരില്ലെന്നതാണ് സത്യം. മോഡേൺ സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് ഇതിഹാസത്തിനെ കമ്പനി തിരികെ കൊണ്ടുവന്നിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവ ഉൾപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളോടാണ് ടാറ്റ സിയറ ഇപ്പോൾ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 18, 2026, 9:20 [IST]
English summary
Tata sierra suv scores 5 star safety rating in bharat ncap crash tests details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X