4.69 ലക്ഷത്തിന് ടിയാഗോ ഇവി മുതലാളിയാവാം, കിലോമീറ്ററിന് 2.60 രൂപ വാടക കൊടുത്താൽ മതി! സംഭവം ഇങ്ങനെ
ഇലക്‌ട്രിക് വാഹന വിപണിയെ ഞെട്ടിക്കാൻ തീരുമാനിച്ചുറച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. കുറഞ്ഞ പൈസയ്ക്ക് പഞ്ച് ഇവി പുറത്തിറക്കിയ കമ്പനി ഇപ്പോഴിതാ പുതുപുത്തൻ ടിയാഗോ ഇവിയുടെ വിലയിലും വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. അതായത് 5 ലക്ഷം രൂപ പോലുമില്ലാതെ ഇലക്ട്രിക് കാർ മുതലാളിയാവാനുള്ള സുവർണാവസരമാണ് ഇന്ത്യക്കാരുടെ സ്വന്തം വാഹന നിർമാതാക്കളായ ടാറ്റ ഒരുക്കിതന്നിരിക്കുന്നത്. ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം വഴി നിങ്ങൾക്ക് 4.69 ലക്ഷത്തിന് ഇവി വീട്ടുമുറ്റത്ത് എത്തിക്കാനാവും. എംജി കൊണ്ടുവന്ന ഐഡിയ കാര്യമായ രീതിയിൽ ഉപയോഗിച്ച് വിജയം കൊയ്യുന്നതിപ്പോൾ ഇന്ത്യൻ ബ്രാൻഡ് ആണെന്ന് വേണം പറയാൻ.
ഇനി പുത്തൻ ടാറ്റ ടിയാവോ ഇവിയുടെ ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാമിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് വരാം. ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റിലാണ് BaaS പദ്ധതി ഇപ്പോൾ ലഭ്യമാവുക. അതിനാൽ 4.60 ലക്ഷം രൂപ കൊടുത്താൽ ഇവി സ്വന്തമാക്കാം. ഈ പ്രോഗ്രാമിലൂടെ വാഹനം വാങ്ങുമ്പോൾ കാർ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.60 രൂപ കമ്പനിക്ക് നൽകിയാൽ മതിയാവും. പുതിയൊരു ഇലക്ട്രിക് വണ്ടി വാങ്ങുമ്പോഴുണ്ടാവുന്ന അമിത ചെലവ് കുറയ്ക്കാൻ ഇത് സഹായകരമാവും.

ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം വഴി അല്ലാതെ വാങ്ങുകയാണെങ്കിൽ ബേസ് സ്മാർട്ട് 19 kWh വേരിയന്റിന് 6.99 ലക്ഷം രൂപയാണ് വില വരുന്നത്. മറ്റ് വകഭേദങ്ങളുടെ വില നോക്കിയാൽ പ്യുവർ പ്ലസ് 19 kWh മോഡലിന് 8.49 ലക്ഷം, പ്യുവർ പ്ലസ് 24 kWh പതിപ്പിന് 9.49 ലക്ഷം, ടോപ്പ് എൻഡ് ക്രീയേറ്റീവ് പ്ലസ് 24 kWh വേരിയന്റിന് 9.99 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
വേരിയന്റ് പേരുകൾ സൂചിപ്പിക്കുന്നത് പോലെ തന്നെ 19 kWh, 24 kWh ബാറ്ററി പായ്ക്കുകളിലാണ് പുതിയ ടാറ്റ ടിയാഗോ ഇവി വിപണിയിലെത്തുന്നത്. ഇതിൽ ചെറിയ ബാറ്ററി മോഡലുകൾ 62 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ യോഗ്യമാണ്. അതേസമയം ഫുൾ ചാർജിൽ 226 കിലോമീറ്റർ വരെ റേഞ്ചും നൽകുന്നതായിരിക്കും. വലിയ യൂണിറ്റ് 75 bhp കരുത്തിൽ 114 Nm വരെ നിർമിക്കുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ടിയാഗോ ഇവിയുടെ 24 kWh മോഡലുകൾ 285 കിലോമീറ്റർ റേഞ്ചാണ് സിംഗിൾ ചാർജിൽ അവകാശപ്പെടുന്നത്. ഇലക്ട്രിക് ഹാച്ച്ബാക്ക് ഇപ്പോൾ 40 ശതമാനം വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുമെന്നും 18 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ റേഞ്ച് ചേർക്കാമെന്നും ടാറ്റ പറയുന്നു. ഇത് DC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായാണ് വരുന്നത് എന്നതിനാൽ ചാർജിംഗിന് സമയം കളയേണ്ടി വരില്ല. ഇവിടെ രണ്ട് ബാറ്ററികളും 30 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 35 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
സ്റ്റാൻഡേർഡായി പുതിയ ടിയാഗോ ഇവിയിൽ 3.3kW, 7.2kW AC ചാർജിംഗ് ഓപ്ഷനുകൾ ലഭ്യമാണ്. 24 kWh പതിപ്പിനുള്ള ഹൈ-വോൾട്ടേജ് ബാറ്ററി പായ്ക്കിന് ആജീവനാന്ത അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് നൽകുന്നത്. 19. 2kWh പതിപ്പാണെങ്കിൽ 8 വർഷത്തെ അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയോടെയും സ്വന്തമാക്കാം. പുതുക്കിയ മോഡലിൽ നാല് ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗും സിറ്റി, സ്‌പോർട്, ഡ്രൈവ് മോഡുകളും ഉണ്ട്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 26.03 സെന്റീമീറ്റർ HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകളുള്ള iRA.ev കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗുള്ള ഡ്യുവൽ സ്മാർട്ട്‌ഫോൺ ഡെക്ക്, പാസീവ് എൻട്രി, പാസീവ് സ്റ്റാർട്ട്, ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, ക്രമീകരിക്കാവുന്ന ഔട്ട്‌പുട്ടുള്ള റിയർ എസി വെന്റുകൾ, തൈസ് സപ്പോർട്ടുള്ള പുതിയ സീറ്റ് എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും കാറിൽ കുത്തിനിറച്ചിട്ടുണ്ട്.
ഒപ്പം സ്റ്റോറേജുള്ള ഫാബ്രിക് ടച്ച് ആംറെസ്റ്റ്, ഓൾ ഡോർ സോഫ്റ്റ് ടച്ച് ഫാബ്രിക് ആംറെസ്റ്റുകൾ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, 65W ഫ്രണ്ട് ടൈപ്പ്-സി യുഎസ്ബി, ഓട്ടോ ഫോൾഡ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ക്രൂയിസ് കൺട്രോൾ, നാല് സ്പീക്കർ സറൗണ്ട് സിസ്റ്റം എന്നിവയും ലഭിക്കും. സേഫ്റ്റിയുടെ കാര്യത്തിൽ 6 എയർബാഗുകൾ, ഒന്നിലധികം 2D, 3D വ്യൂകളുള്ള 360 ഡിഗ്രി SVS HD ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360 ഡിഗ്രി ഇംപാക്ട് പ്രൊട്ടക്ഷൻ ബോഡി സ്ട്രക്ചർ, ട്രാക്ഷൻ കൺട്രോളുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ വമ്പൻ സംവിധാനങ്ങളെല്ലാം ഇവിയുടെ ഭാഗമാണ്.


Click it and Unblock the Notifications