വില 5 ലക്ഷത്തിൽ താഴെ, രണ്ട് ഇലക്‌ട്രിക് കാറുകളിലും ഏറ്റവും മിടുക്കൻ ആരാണെന്ന് അറിയാമോ?
ബജറ്റ് വിലയിൽ പുത്തൻ ഒരു ഇലക്ട്രിക് കാർ തിരയുന്നവർക്കുള്ള ഉത്തരമാണ് ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റ് ഇവിയും. രണ്ടും 7 ലക്ഷം രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന മിടുക്കൻമാരാണ്. പെട്രോൾ കാറുകളെ അപേക്ഷിച്ച് സിറ്റി യാത്രകൾ കുറഞ്ഞ ചെലവിൽ സാധ്യമാക്കാനും ഇവർക്കാവും. 6.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുതുക്കിയ ടിയാഗോ ഇവി എത്തിയതോടെ വിപണിയിലെ മത്സരം കനത്തിരിക്കുകയാണ്. കുറഞ്ഞ വിലയും അടിപൊളി ഡിസൈനും മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചാണ് ടാറ്റ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഇന്ത്യയിലേക്കുള്ള വരവ്.
എങ്കിലും കോമെറ്റ് ഇപ്പോഴും നല്ലൊരു ഓപ്ഷനായി തുടരുന്നുണ്ട്. അതോടൊപ്പം ബാറ്ററി ആസ്-എ-സർവീസ് വഴി 5 ലക്ഷത്തിന് താഴെ വിലയിൽ ഇരുവരേയും മുറ്റത്തെത്തിക്കാനും സാധിക്കുന്നതാണ്. ചെറിയ ബജറ്റിൽ ഇവി വാങ്ങാനിരിക്കുന്നവർക്കായി രണ്ട് കാറുകളും തമ്മിൽ ഒന്ന് മാറ്റുരയ്ച്ച് നോക്കിയാലോ? വിലയും ഫീച്ചറും ഡസൈനും എല്ലാം കാര്യമായി തന്നെ താരതമ്യം ചെയ്‌ത് നിങ്ങൾക്ക് അനുയോജ്യമായ വാഹനം തെരഞ്ഞെടുക്കാൻ ഇത് ചിലപ്പോൾ ഉപകാരപ്പെട്ടേക്കും.

വില
ആദ്യം വിലയിൽ നിന്നും തുടങ്ങുന്നതാവും ഉചിതം. ടാറ്റ മോട്ടോർസ് ടിയാഗോ ഇവി നാല് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ബേസ് സ്മാർട്ട് 19.2 kWh വേരിയന്റിന് 6.99 ലക്ഷം രൂപയും, പ്യുവർ പ്ലസ് 19.2 kWh വേരിയന്റിന് 8.49 ലക്ഷം രൂപയും, പ്യുവർ പ്ലസ് 24 kWh വേരിയന്റിന് 9.49 ലക്ഷം രൂപയും, ടോപ്പ്-എൻഡ് ക്രിയേറ്റീവ് പ്ലസ് 24 kWh വേരിയന്റിന് 9.99 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായിരുന്ന എംജി നിലവിൽ ഒന്നിലധികം വില വർധനവുകൾക്ക് ശേഷം 7.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വിപണിയിലെത്തുന്നത്. ഇനി ടോപ്പ് എൻഡാണ് നോക്കുന്നതെങ്കിൽ 9.56 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നതാണ്. വിലയുടെ കാര്യത്തിൽ ഇരുവരും ഏറെക്കുറെ സമാനമായതിനാൽ ഇക്കാര്യത്തിൽ വിജയി ആരാണെന്ന കാര്യം അത്രവേഗം ഉറപ്പിക്കുക എളുപ്പമല്ല.

ടാറ്റ മോട്ടോർസ് ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനോടുകൂടിയ ടിയാഗോ ഇവിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്കീം ഉപയോഗിച്ച് ബാറ്ററി ചെലവില്ലാതെ 4.69 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ഹാച്ച്ബാക്ക് വാങ്ങാം. കൂടാതെ ബാറ്ററി വാടക ചാർജായി ഉപഭോക്താക്കൾ കിലോമീറ്ററിന് 2.60 രൂപ നൽകേണ്ടിവരും. മറുവശത്ത് ഇതേ പദ്ധതി ഉപയോഗിച്ച് എംജി കോമറ്റ് ഇവി 4.99 ലക്ഷം രൂപയിൽ നിന്ന് വാങ്ങാനാവും. അതിന്റെ ബാറ്ററി വാടക ചാർജ് കിലോമീറ്ററിന് ഏകദേശം 3.10 മുതൽ 3.20 രൂപ വരെയാണ്.
പ്രായോഗികത
ഇങ്ങനെ നോക്കുമ്പോൾ എന്തായാലും ടാറ്റ ടിയാഗോ ഇവി വാങ്ങുന്നതാവും പ്രായോഗികമായി ഉചിതം. പരമ്പരാഗത വാഹനങ്ങളെ പോലെ 5 പേർക്ക് സുഖമായി യാത്ര ചെയ്യാം, 3-ഡോർ കോമെറ്റ് ഇവിയെ അപേക്ഷിച്ച് ടാറ്റ ഇവിയുടെ പിന്നിലെ യാത്രക്കാർക്ക് വേഗത്തിൽ അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും റിയർ ഡോറുകൾ നൽകുന്നുണ്ട്. ഒപ്പം മാന്യമായ ബൂട്ട് സ്പേസും ലഭിക്കുന്നതിനാൽ കാർ എന്നതിന്റെ അർഥം ടിയാഗോ ഇവിക്കാണ് ചേരുക.

ദീർഘദൂര യാത്രകൾക്ക് ആവശ്യമായ മികച്ച ലെഗ്‌റൂം, കൂടുതൽ ഹെഡ്‌റൂം, മികച്ച മൊത്തത്തിലുള്ള സുഖസൗകര്യങ്ങളും ടിയാഗോ ഇവി വാഗ്ദാനം ചെയ്യുന്നുണ്ട്. എംജി കോമറ്റ് ഇവി വളരെ പ്രായോഗികമായ ഒരു സിറ്റി ഇവി ആണെന്നതിൽ തർക്കമൊന്നുമില്ല കേട്ടോ. ഒതുക്കമുള്ള രൂപവും സിറ്റി യാത്രകളും അടിപൊളയായി തന്നെ മൈക്രോ ഇലക്ട്രിക് കാറിന് സാധ്യമാക്കി തരാനാവും. എന്നാൽ 2 മുതിർന്നവർക്ക് യാത്ര ചെയ്യാനാവും ഇത് അനുയോജ്യം.
ബാറ്ററി പായ്ക്കും റേഞ്ചും
19 kWh, 24 kWh ബാറ്ററി പായ്ക്കുകളിലാണ് പുതിയ ടാറ്റ ടിയാഗോ ഇവി വിപണിയിലെത്തുന്നത്. ഇതിൽ ചെറിയ ബാറ്ററി മോഡലുകൾ 62 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ യോഗ്യമാണ്. അതേസമയം ഫുൾ ചാർജിൽ 226 കിലോമീറ്റർ വരെ റേഞ്ചും നൽകുന്നതായിരിക്കും. വലിയ യൂണിറ്റ് 75 bhp കരുത്തിൽ 114 Nm വരെ നിർമിക്കുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. കാറിന്റെ ടിയാഗോ ഇവിയുടെ 24 kWh മോഡലുകൾ 285 കിലോമീറ്റർ റേഞ്ചാണ് സിംഗിൾ ചാർജിൽ അവകാശപ്പെടുന്നത്.
എംജി കോമെറ്റ് ഇവി 17.3 kWh ചെറിയ ബാറ്ററി പായ്ക്കോടെയാണ് വിപണിയിലെത്തുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ ഇതിന് 42 bhp കരുത്തിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിംഗിൾ ചാർജിൽ ഇവിക്ക് 230 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനർത്ഥം ടിയാഗോ ഇവി മികച്ച പെർഫോമൻസും ശക്തമായ ഹൈവേ ശേഷിയും വാഗ്ദാനം ചെയ്യുന്നു എന്നാണ്. മൊത്തിൽ ഒരു ഫാമിലി കാറായി ഉപയോഗിക്കാനാണ് ഇവി വാങ്ങുന്നതെങ്കിൽ ടിയാഗോ തന്നെയാവും മികച്ച ഓപ്ഷൻ.


Click it and Unblock the Notifications