കൂട്ടിയിടിച്ചാലും യാത്രക്കാർ സുരക്ഷിതർ, ടാറ്റയുടെ ഇടിപ്പരീക്ഷയിൽ ഞെട്ടിച്ച് പുത്തൻ ടിയാഗോ; മാരുതിക്ക് പണിയാവും
ഹാച്ച്ബാക്ക് വിപണിയെ കൈയിലെടുക്കാനായി ടാറ്റ മോട്ടോർസ് (Tata Motors) പുതുപുത്തൻ ടിയാഗോയെ (Tata Tiago Facelift) വിപണിയിലെത്തിച്ചിരിക്കുകയാണ്. എസ്‌യുവി സ്റ്റൈലിലുള്ള ഡിസൈനും പ്രീമിയം ഫീച്ചറുകൾ കുത്തിനിറച്ച ഇന്റീരിയറും മാത്രമല്ല, സേഫ്റ്റിയുടെ (Safety) കാര്യത്തിലും കരുത്തനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിലും ടിയാഗോയുടെ സുരക്ഷ ഉറപ്പാക്കുവാനായി ടാറ്റ അടുത്തിടെ ഒരു ഇന്റേണൽ ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നു. കാറിന്റെ ഈ സേഫ്റ്റി ടെസ്റ്റിംഗിന്റെ വീഡിയോയും കമ്പനി യൂട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട് ഇപ്പോൾ. അതും സേഫ്റ്റി തെളിയിക്കാൻ രണ്ട് വ്യത്യസ്‌ത രീതികളാണ് ടിയാഗോ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്.
രണ്ട് കൂട്ടിയിടി അപകടങ്ങളാണ് ടാറ്റ പുനരാവിഷ്ക്കരിച്ചത്. ഒന്ന് ബലമുള്ളൊരു തൂണിലും മറ്റൊന്ന് വേറൊരു കാറിലും കൂട്ടിയിടിപ്പിച്ചുള്ള പരീക്ഷണമാണ് ടിയാഗോ നടത്തിയത്. അതായത് ഫ്രണ്ടൽ റിജിഡ് പോൾ ഇംപാക്റ്റും മറ്റൊരു ടിയാഗോയിൽ നിന്നുള്ള സെക്കൻഡ് സൈഡ് ഇംപാക്റ്റുമാണ് ഇവിടെ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്. ഈ ക്രാഷ് ടെസ്റ്റിൽ കഴിയുന്നത്ര ഒറിജിനാലിറ്റി കൊണ്ടുവരാനാണ് കമ്പനി ഇത്തരത്തിലൊരു സാഹസത്തിന് മുതിർന്നത്.

ഈ രണ്ട് പരീക്ഷണങ്ങളിലും പുതിയ ടിയാഗോ വിജയിച്ചുവെന്നതാണ് ശ്രദ്ധേയം. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്നതിനാൽ സൈഡ് ഇംപാക്‌ടിലും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വീഡിയോയിൽ കാണാം. രണ്ട് ഗുരുതരമായ അപകടങ്ങളിലൂടെ കടന്നുപോയെങ്കിലും ടിയാഗോയിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും കാറിലെ ഡോറുകൾ യാന്ത്രികമായി അൺലോക്ക് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
താരതമ്യേന സുരക്ഷിതമല്ലാത്ത കാറുകളിൽ, വാതിലുകൾ ജാം ചെയ്യപ്പെടുകയോ ലോക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത് രക്ഷാപ്രവർത്തനം ദുസഹമാക്കുന്ന കാര്യമാണ്. അപകടത്തിന് ശേഷവും ഡോറുകൾ തുറക്കാൻ കഴിയുന്നത് ടിയാഗോയുടെ മികച്ച നിർമാണ നിലവാരത്തേയാണ് എടുത്ത് കാണിക്കുന്നത്. പുതുക്കിയ ഹാച്ച്ബാക്കിൽ ഇപ്പോൾ 90-ലധികം സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടാറ്റ പറയുന്നു.

ഇതിൽ 6 എയർബാഗുകൾ, ESP, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ്, 360 ഡിഗ്രി സറൗണ്ട് ക്യാമറ സിസ്റ്റം പോലുള്ള സവിശേഷതകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം കൂടിയാവുമ്പോൾ യാത്രകൾ മനോഹരമാവും. ഫ്ലോട്ടിംഗ് 26.03 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം ടിയാഗോയ്ക്ക് പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്.
കണക്റ്റഡ് കാർ ഫംഗ്ഷനുകൾ, വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകൾ, കൂൾഡ് ഗ്ലൗബോക്സ് ഫങ്ഷണാലിറ്റി, സോഫ്റ്റ് ടച്ച് ഡോർ ആംറെസ്റ്റുകൾ, ടൈപ്പ് സി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ, പുതുക്കിയ സ്റ്റിയറിംഗ് വീൽ എന്നിവയും കമ്പനി പുതിയ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിൽ ചേർത്തിട്ടുണ്ട്. ഉയർന്ന ട്രിമ്മുകൾക്ക് പാസീവ് എൻട്രി, ഇലക്ട്രിക്കലി ഫോൾഡിംഗ് മിററുകൾ, ഫാബ്രിക് ഫിനിഷ്ഡ് ഡാഷ്‌ബോർഡ് ട്രീറ്റ്‌മെന്റ് പോലുള്ളവയും കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസ വസൂലാവും.

മുമ്പുണ്ടായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകളാണ് പുതിയ ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിൻ 86 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. സിഎൻജിയിലും കാർ വാങ്ങാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പവർ കണക്കുകൾ 75.5 bhp പവറിൽ 96.5 Nm ടോർക്കായി കുറയുന്നതാണ്.
സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് A, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് എന്നീ ആറ് വേരിയന്റുകളിലായാണ് ടാറ്റ ടിയാഗോ വിപണിയിലെത്തുന്നത്. ഇതിൽ സ്മാർട്ട് പെട്രോൾ മാനുവൽ ട്രിമിന് 4.69 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം എല്ലാ ഫീച്ചറുകളും സൌകര്യങ്ങളുമുള്ള ടോപ്പ് വേരിയന്റിന് 7.99 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില വരും. മാരുതി സ്വിഫ്റ്റ്, മാരുതി സെലേറിയോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എന്നിവയോടാണ് ടിയാഗോയുടെ മത്സരം.


Click it and Unblock the Notifications