ഒരു കിലോമീറ്റർ ഓടാൻ വെറും 0.47 രൂപ മതി, 5.59 ലക്ഷത്തിൻ്റെ ടാക്‌സി കാറുമായി ടാറ്റ; പണി മാരുതിക്ക്
പാസഞ്ചർ കാർ വിപണിയിൽ പണമുണ്ടാക്കുന്നത് പോലെ തന്നെ വാണിജ്യ വാഹന വിഭാഗത്തിൽ ടാക്‌സി കാറുകൾ വിറ്റ് നല്ലതുപോലെ കാശുവാരുന്നവരാണ് മാരുതി സുസുക്കി. ആൾട്ടോ മുതൽ എർട്ടിഗ വരെ ഇത്തരത്തിൽ ടാക്സിയാക്കി വിൽക്കുന്ന ഐഡിയ കടമെടുത്ത് ഹ്യുണ്ടായിയും ടാറ്റയും രംഗത്തിറങ്ങിയിട്ടുണ്ട്. അടുത്തിടെ പ്രൈം സീരീസ് പുറത്തിറക്കിക്കൊണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ മത്സരം കൂടുതൽ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയിതാ ടാറ്റ മോട്ടോർസ് ടിഗോറിൻ്റെ ഫ്ലീറ്റ് വേരിയൻ്റിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. എക്സ്പ്രസ് എന്ന പ്രത്യേക പേരിലാണ് സെഡാൻ രൂപത്തിലുള്ള ടാക്‌സി കാർ വിപണനത്തിന് എത്തുന്നതും.
പെട്രോൾ, ട്വിൻ സിലിണ്ടർ സിഎൻജി പതിപ്പുകളിൽ ടാറ്റ എക്സ്പ്രസ് ടാക്‌സി കാർ സ്വന്തമാക്കാനുമാവും. എക്സ്പ്രസ് ഇവിക്ക് ശേഷം ഈ നിരയിലേക്ക് എത്തുന്ന മോഡലിന് തരംഗമാവാനാവുമെന്നാണ് വിലയിരുത്തൽ. വിലയുടെ കാര്യത്തിലേക്ക് വന്നാൽ എക്സ്പ്രസ് പെട്രോളിന് 5.59 ലക്ഷം രൂപ മുതലും എക്സ്പ്രസ് സിഎൻജിക്ക് 6.59 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

ഈ വിലകൾ പുതിയ വകഭേദങ്ങളെ അതത് സെഗ്‌മെൻ്റുകളിലെ ഏറ്റവും താങ്ങാനാവുന്ന ഫ്ലീറ്റ് സെഡാനുകളായി മാറ്റുകയും ചെയ്യുന്നുണ്ട്. ടാറ്റ മോട്ടോർസിൻ്റെ അംഗീകൃത ഫ്ലീറ്റ്-ഒൺലി ഡീലർഷിപ്പുകളിലൂടെ രാജ്യവ്യാപകമായി വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രണ്ട് വകഭേദങ്ങളിലും 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് എക്‌സ്പ്രസ് സീരീസുകളിൽ വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ ദീർഘനേരം പ്രവർത്തിക്കുന്ന സൈക്കിളുകൾ, വിശ്വാസ്യത, തീവ്രമായ ഫ്ലീറ്റ് ഉപയോഗത്തിൽ ഈട് എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌താണ് വാഹനങ്ങൾ വിപണനത്തിന് എത്തിയിരിക്കുന്നത്. സെഗ്‌മെൻ്റിൽ ആദ്യമായി 70 ലിറ്റർ ഫ്യുവൽ കപ്പാസിറ്റിയും ടാറ്റ എക്സ്പ്രസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ട്വിൻ സിലിണ്ടർ ഫ്യുവൽ ടാങ്ക് ഉപയോഗിച്ചാണ് സിഎൻജി പതിപ്പ് ഈയൊരു കാര്യം സാധ്യമാക്കിയെടുത്തിരിക്കുന്നത്.

എക്സ്പ്രസ് സിഎൻജിയുടെ ഒരു പ്രധാന ഹൈലൈറ്റ് അതിൻ്റെ ഡ്യുവൽ സിലിണ്ടർ ലേഔട്ടാണ്. ഇതുവഴി കൂടുതൽ ബൂട്ട് സ്പേസ് സാധ്യമാക്കാനും സെഡാന് സാധിച്ചിട്ടുണ്ട്. മറുവശത്ത് എക്‌സ്പ്രസ് പെട്രോൾ വേരിയൻ്റ് പെട്രോൾ ഫ്ലീറ്റ് സെഡാൻ 419 ലിറ്റർ ബൂട്ട് സ്പേസാണ് നൽകുന്നത്. ഇതും സെഗ്മെൻ്റിലെ ഏറ്റവും വലിയ ബൂട്ട് ശേഷിയാണെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.
ഓണർഷിപ്പ് കോസ്റ്റ് കർശനമായി നിയന്ത്രിക്കുന്നതിന് ടാറ്റ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുപോരാത്തവർക്ക് 5 വർഷം വരെയോ 1,80,000 കിലോമീറ്റർ വരെയോ എക്സ്റ്റൻഡഡ് വാറണ്ടി ഓപ്ഷനും തെരഞ്ഞെടുക്കാനാവും. മെയിൻ്റനെൻസ് ചെലവുകൾ കിലോമീറ്ററിന് വെറും 0.47 രൂപ എന്ന നിരക്കിലാണെന്നതും വാങ്ങുന്നവർക്ക് ആശ്വാസം നൽകും.

ഇനി വാങ്ങാൻ എത്തുന്നവരെ സഹായിക്കാൻ കമ്പനി കിടിലൻ ഫിനാൻസ് ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. വാണിജ്യ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് തിരഞ്ഞെടുത്ത നഗരങ്ങളിലുടനീളം പ്രത്യേക ഫ്ലീറ്റ്-ഫോക്കസ്ഡ് ഡീലർഷിപ്പുകളും തുടങ്ങിയിട്ടുണ്ട്. അങ്ങനെ മാരുതി സുസുക്കിയെയും ഹ്യുണ്ടായിയെയും തരിപ്പണമാക്കാൻ വമ്പൻ നീക്കമാണ് ടാറ്റ നടത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








