ലക്ഷങ്ങൾ പോക്കറ്റിലിരിക്കും, വാടക കൊടുത്താൽ മതി! ബാറ്ററി-ആസ്-എ-സർവീസ് വഴി വാങ്ങാൻ പറ്റുന്ന ഇവികൾ
ഇലക്ട്രിക് കാർ ഒന്ന് വാങ്ങിനോക്കിയാലോ എന്ന് ഒരുതവണയെങ്കിലും ആലോചിക്കാത്തവർ ഉണ്ടാവില്ലല്ലോ. എന്നാൽ പെട്രോൾ, ഡീസൽ വാഹനങ്ങളുമായി വില താരതമ്യം ചെയ്‌ത് നോക്കുമ്പോൾ പലരും ഇവി എന്ന സ്വപ്‌നം അവിടെ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഇത്തരക്കാരെയെല്ലാം ചാക്കിലാക്കുവാനായി വണ്ടിക്കമ്പനികൾ ഒരു വഴി കണ്ടുപിടിച്ചുവെച്ചിട്ടുണ്ട്. അതാണ് BaaS. ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗങ്ങളിലൊന്ന് ബാറ്ററി-ആസ്-എ-സർവീസ് എന്ന പേരിൽ അറിയപ്പെടുന്ന BaaS പ്രോഗ്രാം. തുടക്കത്തിൽ എംജി മോട്ടോർ ഇന്ത്യ മാത്രമാണ് ഇത്തരത്തിലൊരു ആശയം മുമ്പോട്ട് വെച്ചത്.
സംഭവം ക്ലച്ചുപിടിച്ചതോടെ ടാറ്റ മോട്ടോർസ്, മാരുതി സുസുക്കി പോലുള്ള വമ്പൻ കമ്പനികളും ബാസ് സംവിധാനം അവതരിപ്പിച്ചു. ഇന്ന് ഈയൊരു സേവനം വാഗ്ദാനം ചെയ്യുന്ന നിരവധി പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിൽപ്പനയിലുണ്ട്. താങ്ങാനാവുന്ന വിലയിൽ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ പദ്ധതിയിടുന്ന ആളുകൾക്ക് കണ്ണുംപൂട്ടി BaaS തെരഞ്ഞെടുക്കാം. ഇന്ത്യയിൽ ബാറ്ററി-ആസ്-എ-സർവീസ് വഴി വാങ്ങാനാവുന്ന ഇവികളെ ഒന്ന് പരിചയപ്പെടുത്തി തരാം.

അതിന് മുമ്പ് BaaS അല്ലെങ്കിൽ ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം എന്താണെന്ന് ഒന്ന് ചുരുക്കി പറയാം. ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ ബാറ്ററി ചെലവ് പൂർണമായും ഒഴിവാക്കി കാറിൻ്റെ പണം മാത്രം നൽകാൻ സഹായിക്കുന്ന സംഭവമാണിത്. പകരം ബാറ്ററി ഉപയോഗത്തിന് കിലോമീറ്ററിന് ഒരു സബ്സ്ക്രിപ്ഷൻ ഫീസ് മാത്രമേ നൽകേണ്ടതായി വരികയുള്ളൂ. ഈ സ്കീമിന്റെ പ്രധാന നേട്ടം ഇവി കൂടുതൽ താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവും എന്നതാണ്.
എംജി കോമെറ്റ് ഇവി
നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറാണ് എംജി കോമെറ്റ്. രൂപം കൊണ്ടും പ്രായോഗികത കൊണ്ടും നമ്മളെ വിസ്‌മയിപ്പിച്ച കാർ ബാറ്ററി സർവീസ് പ്രോഗ്രാമിലൂടെ വാങ്ങാനാവും. കോമെറ്റ് ഇവിയുടെ ബേസ് വേരിയൻ്റിന് 7.63 ലക്ഷം രൂപയാണ് വില വരുന്നത്. എന്നാൽ BaaS ഉപയോഗിക്കുമ്പോൾ വില 4.92 ലക്ഷം രൂപയായി കുറയുകയും കിലോമീറ്ററിന് 3.20 രൂപ വാടകയായി നൽകിയാലും മതിയാവും. അങ്ങനെ മൊത്തത്തിൽ ഇവി വാങ്ങുമ്പോഴുണ്ടാവുന്ന മുൻകൂർ ചെലവിൽ 2.71 ലക്ഷം രൂപ വരെ ലാഭിക്കാം.

ടാറ്റ പഞ്ച് ഇവി
അടുത്തിടെ പുറത്തിറക്കിയ ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റും ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം വഴി വാങ്ങാനാവും. 30 kWh ബാറ്ററി പായ്ക്കിനൊപ്പം വരുന്ന ഈ എസ്‌യുവിയുടെ ബേസ് സ്മാർട്ട് വേരിയൻ്റിൽ മാത്രമാണ് നിലവിൽ BaaS അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററിയുള്ള പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന് 9.69 ലക്ഷം മുതലാണ് വില വരുന്നത്. അതേയസമയം ബാറ്ററി സർവീസ് പ്രോഗ്രാം തെരഞ്ഞെടുക്കുകയാണെങ്കിൽ 6.49 ലക്ഷം രൂപ മുടക്കിയാൽ മതിയാവും. പകരം കിലോമീറ്ററിന് 2.60 രൂപ വാടകയും കൊടുത്താൽ മതിയാവും. അങ്ങനെ 3.2 ലക്ഷം രൂപ വരെ ലാഭിക്കാനുമാവും.
മാരുതി ഇ വിറ്റാര
ബാറ്ററി സർവീസ് പ്രോഗ്രാമിലൂടെ പുറത്തിറക്കിയ മറ്റൊരു ഇലക്ട്രിക് വാഹനമാണ് മാരുതി സുസുക്കി ഇ വിറ്റാര. ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനം ബേസ് ഡെൽറ്റ വേരിയന്റിന് 15.99 ലക്ഷം രൂപ പ്രാരംഭ വിലയാണ് മുടക്കേണ്ടത്. പക്ഷേ BaaS സംവിധാനത്തിലൂടെ വാങ്ങുകയാണെങ്കിൽ 10.99 ലക്ഷത്തിന് വണ്ടി വീട്ടിലെത്തിക്കാനാവും. ബാറ്ററി വാടക ഫീസായി 3.99 ലക്ഷം രൂപയാണ് മാരുതി ഈടാക്കുക. ഇ വിറ്റാരയുടെ പ്രാരംഭ വാങ്ങൽ വിലയിൽ നിന്ന് 5 ലക്ഷം രൂപ ലാഭിക്കാൻ ഈ പ്രോഗ്രാം സഹായിക്കുന്നു.

എംജി വിൻഡ്‌സർ
നിലവിൽ രാജ്യത്തെ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായ എംജി വിൻഡ്‌സർ ഇവിയിൽ ബാറ്ററി സർവീസ് ലഭിക്കുന്നതാണ്. വിലയുടെ കാര്യം വരുമ്പോൾ, ബേസ് എക്‌സൈറ്റ് വേരിയന്റിന് 14 ലക്ഷം രൂപയാണ് വില. ബാസ് വഴി വാങ്ങിക്കുകയാണെങ്കിൽ 9.99 ലക്ഷം രൂപ മാത്രം മതിയാവും. ഒപ്പം ബാറ്ററി വാടകയായി കിലോമീറ്ററിന് 3.9 രൂപയും നൽകേണ്ടി വരും. അതായത് ലാഭം 5.01 ലക്ഷം രൂപയോളമാണെന്ന് സാരം.
എംജി ZS ഇവി
കോമെറ്റ് ഇവിയും വിൻഡ്‌സർ ഇവിയും കൂടാതെ ബാറ്ററി-ആസ്-എ-സർവീസ് വഴി എംജി മോട്ടോർസ് ZS ഇവിയും വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്‌യുവിയുടെ ബേസ് എക്‌സിക്യൂട്ടീവ് വേരിയന്റിന് 17.99 ലക്ഷം രൂപ വിലയാണുള്ളത്. ബാറ്ററി സർവീസ് പ്രോഗ്രാം വഴി വാങ്ങിക്കുകയാണെങ്കിൽ 13 ലക്ഷം രൂപയ്ക്ക് ഇവി മുറ്റത്തെത്തും. പകരം 4.50 രൂപയാണ് കിലോമീറ്ററിന് വാടകയായി നൽകേണ്ടതായി വരുന്നത്. ഇത് 4.99 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് നൽകുന്നത്.


Click it and Unblock the Notifications








