നിർത്തുവല്ലേ ഇനി എന്തുചെയ്യും, ഇന്നോവയ്ക്ക് പകരം വാങ്ങിക്കാൻ പറ്റിയ നല്ല 7-സീറ്റർ ഫാമിലി കാറുകൾ ഇതാ
ഇന്ത്യയിലെ സാധാരണക്കാരനും രാഷ്ട്രീയക്കാരും വലിയ വ്യവസായികളും വരെ ഒരു പോലെ സ്നേഹിക്കുന്നതും ഉപയോഗിക്കുന്നതുമായ വാഹനമാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ഇന്നോവ (Toyota Innova). ഒരുകാലത്ത് അംബാസിഡര്‍ കാറുകളുടെ കുത്തകയായിരുന്ന നിരത്തുകൾ പിന്നീട് അത്തരത്തിലോ അല്ലെങ്കിൽ അതിൽ കേമമായിട്ടോ കീഴടക്കിട്ടുണ്ടെങ്കിൽ അത് ഇന്നോവ മാത്രമാണെന്ന് പറയേണ്ടി വരും. പുതിയത് വാങ്ങുന്നതിലും ആളുകൾ സെക്കൻഡ് ഹാൻഡ് മോഡലുകൾ വാങ്ങുന്ന കാറും ഇതുതന്നെയാവും. യാത്രാസുഖത്തിന്റെ പേരിൽ പ്രശസ്‌തിയാർജിച്ച എംപിവിക്ക് ഉഗ്രനായൊരു ഡീസൽ എഞ്ചിൻ കൂടിയുണ്ടെങ്കിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ലെന്നതാണ് സത്യം.
മൂന്ന് തലമുറ ആവർത്തനങ്ങളിലാണുള്ളതെങ്കിലും രണ്ടാമനായ ക്രിസ്റ്റയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. മൂന്നാംതലമുറയിൽ ഇന്നോവ ഹൈക്രോസ് ആയി പിറവിയെടുത്തുവെങ്കിലും ഇന്നോവയെന്നാൽ ആളുകൾക്ക് ക്രിസ്റ്റ തന്നെ വേണം. എന്നാൽ അടുത്ത വർഷത്തോടെ മോഡൽ നിർത്തലാക്കാൻ പോവുകയാണെന്ന വാർത്തകളും ശക്തമാണ്. 2025 ഓടെ ഇന്നോവ ക്രിസ്റ്റ നിർത്തലാക്കേണ്ടതായിരുന്നുവെങ്കിലും 2027 മാർച്ച് വരെ ഉത്പാദനം തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന CAFE 3 മാനദണ്ഡങ്ങളാണ് ടൊയോട്ട ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ നിർമാണം അവസാനിപ്പിക്കാൻ കാരണമാവുന്നത്. മുമ്പത്തേക്കാളും കർശനമായ മലിനീകരണച്ചട്ടമായിരിക്കും ഇതെന്നതിനാൽ നിരത്തുകളോട് ഗുഡ്ബൈ പറയാൻ സമയമായെന്നതാണ് സത്യം. ആയതിനാൽ ഇനിയങ്ങോട്ട് ഇത്രയും ഉയർന്ന വില കൊടുത്ത് വാങ്ങുന്നതിൽ വലിയ അർഥം ഉണ്ടാവണമെന്നുമില്ല. കാരണം റീസെയിൽ വാല്യുവെല്ലാം കുത്തനെ കുറയാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്നോവയ്ക്ക് പകരം വാങ്ങാൻ പറ്റിയ ചില കിടിലൻ മോഡലുകളെ ഒന്ന് പരിചയപ്പെട്ടാലോ?
ടൊയോട്ട ഹൈക്രോസ്
ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പന ടൊയോട്ട നിർത്താൻ പോവുകയാണെങ്കിലും ഇന്നോവ സീരീസിലെ പുത്തൻ ആവർത്തനമായ ഹൈക്രോസ് വിപണിയിലുണ്ടാവും. ഇന്നോവ ക്രിസ്റ്റയിൽ നിന്ന് വ്യത്യസ്തമായി, ഹൈക്രോസ് ഒരു ഹൈബ്രിഡ് വാഹനമാണ്. തെരഞ്ഞെടുക്കാൻ നിരവധി വേരിയന്റുകളുമുള്ള ഈ പ്രീമിയം എംപിവിക്ക് ഇന്ത്യയിൽ 19.15 ലക്ഷം മുതൽ 32.38 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക.

2.0 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ, 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് ഹൈക്രോസിലുള്ളത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വാങ്ങാനാവുക. വിശാലമായ 7-സീറ്റർ, 8- സീറ്റർ കോൺഫിഗറേഷനുകൾ, പ്രീമിയം ഫീച്ചറുകൾ എന്നിവ കാരണം ഹൈക്രോസ് ഇതിനകം തന്നെ ജനപ്രിയ ഫാമിലി കാറായി പേരെടുത്തിട്ടുണ്ട്.
മഹീന്ദ്ര XUV 7XO
മുമ്പ് ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടിരുന്ന XUV700 മോഡലിന്റെ പുതുമോഡലാണ് XUV 7XO. ശക്തമായ ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി വാങ്ങാനാവുമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്, കൂടാതെ ഓൾ-വീൽ-ഡ്രൈവ് (AWD) കോൺഫിഗറേഷനും ഇതിൽ ലഭ്യമാണ്. തൽഫലമായി ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു മികച്ച ബദലായി ഇത് പ്രവർത്തിക്കുന്നു. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഈ 7 സീറ്റർ എസ്‌യുവിക്ക് 13.66 ലക്ഷം മുതൽ 24.92 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

കിയ കാരെൻസ് ക്ലാവിസ്
ഇന്നോവ ക്രിസ്റ്റയുടെ വില കൊടുക്കാനില്ലാത്തവർക്ക് ചെറിയ ബജറ്റിൽ വാങ്ങാനാവുന്ന മിടുക്കൻ 7 സീറ്റർ എംപിവിയാണ് കിയ കാരെൻസ് ക്ലാവിസ്. താങ്ങാനാവുന്ന വിലയുള്ള ഒരു എംപിവി ആയിട്ടാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കുറഞ്ഞ വിലയാണെങ്കിലും ആറ് എയർബാഗുകളും നിരവധി സങ്കീർണമായ സാങ്കേതിക സവിശേഷതകൾ ഇതിൽ കുത്തിനിറച്ചിട്ടുണ്ട്. ഒപ്പം ഡീസൽ എഞ്ചിന്റെ സാന്നിധ്യവും ഇതിലുണ്ടെന്നത് കൂടുതൽ ആളുകളെ ആകർഷിക്കുന്ന കാര്യമാണ്. 11.21 ലക്ഷം മുതൽ 21.57 ലക്ഷം വരെയാണ് ഇതിന് വില വരുന്നത്.
മഹീന്ദ്ര സ്കോർപിയോ N
ലാഡർ-ഫ്രെയിം ഷാസിയിൽ നിർമിച്ച ഇന്ത്യയിലെ ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണ് സ്കോർപിയോ N. 20 വർഷത്തിലേറെയായി വിൽപ്പനയിലുള്ള മോഡൽ അന്നും ഇന്നും ഇന്നോവയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താറുണ്ട്. കിടിലൻ ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനും 7-സീറ്റർ കോൺഫിഗറേഷനും എല്ലാം തികഞ്ഞൊരു ഫാമിലി കാറായി ഇതിനെ മാറ്റുന്നു. ഇന്നോവ ക്രിസ്റ്റയുടേതിന് സമാനമായ ശക്തമായ ഡീസൽ എഞ്ചിൻ തേടുന്നവർക്ക് നല്ലൊരു ഓപ്ഷനാണിത്. 13.49 ലക്ഷം മുതൽ 24.34 ലക്ഷം വരെയാണ് വില വരുന്നത്.
മാരുതി സുസുക്കി ഇൻവിക്റ്റോ
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ റീബാഡ്‌ജ് പതിപ്പാണ് ഇൻവിക്റ്റോ. ഇതിനർഥം ഇന്നോവ ഹൈക്രോസിൽ ലഭ്യമായ നിരവധി സവിശേഷതകൾ ഈ മോഡലിലും ലഭ്യമാണ് എന്നാണ്. എന്നിരുന്നാലും ഹൈക്രോസിനേക്കാൾ താങ്ങാനാവുന്ന വിലയിൽ വാങ്ങാമെന്നതാണ് ഹൈലൈറ്റ്. കൂടാതെ, മാരുതി സുസുക്കിയുടെ വിപുലമായ സേവന ശൃംഖലയിൽ നിന്ന് വാങ്ങുന്നവർക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. 24.97 ലക്ഷം മുതൽ 28.61 ലക്ഷം വരെയാണ് ഇതിന് വില വരിക.


Click it and Unblock the Notifications








