2026 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡീസൽ കാർ, ഗസ് ചെയ്യാമോ ഈ 13 ലക്ഷത്തിന്റെ എസ്‌യുവി
മലിനീകരണ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയതോടെ ഡീസൽ കാറുകളുടെ യുഗാന്ത്യമായെന്ന് വിധി എഴുതിയവരാണ് പലരും. ഒപ്പം ഇലക്‌ട്രിക് കാറുകൾ ജനപ്രീതിയാർജിക്കുകയും ചെയ്‌തതോടെ ഇക്കാര്യം പലരും ഏതാണ്ട് ഉറച്ചിരുന്നു. എന്നാൽ അഭ്യൂഹങ്ങളെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു ഡീസൽ കാറുകളുടെ വിൽപ്പന കണക്കുകൾ. അത്യാവിശ്യം മെയിന്റനെൻസ് ഉണ്ടെങ്കിലും തരുന്ന മൈലേജും പെർഫോമൻസും കാരണം ഇപ്പോഴും ഇന്ത്യക്കാർ ഓയിൽ ബർണറുകളെ അകമഴിഞ്ഞ് സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്. 2026 സാമ്പത്തിക വർഷത്തിൽ ഡീസൽ പാസഞ്ചർ വാഹന വിഭാഗത്തിൽ 8,63,277 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡീസൽ കാറുകളുടെ പട്ടികയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആധിപത്യമാണ് കാണാനാവുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം വിറ്റഴിഞ്ഞ 8,63,277 ഡീസൽ കാറുകളിൽ 4,40,420 യൂണിറ്റുകളും മഹീന്ദ്രയുടേതാണ്. അതായത് ടോപ്പ് 10 ലിസ്റ്റിൽ പകുതിയിലധികവും ബ്രാൻഡിന്റെ സംഭാവനായണെന്ന് സാരം. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മഹീന്ദ്ര സ്കോർപിയോ 1,70,372 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ടോപ്പ് സെല്ലിംഗ് ഡീസൽ കാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈവരിച്ചതും ശ്രദ്ധേയമായി.

മഹീന്ദ്രയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും ഇതുതന്നെയാണ്. അടിക്കടി എസ്‌യുവിയിൽ നിരവധി വേരിയന്റുകൾ അവതരിപ്പിക്കുന്നതും ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതുമെല്ലാം ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്. ഒപ്പം ഒന്നാന്തരം സേഫ്റ്റിയും നല്ല വിലയും കൂടിയാവുമ്പോൾ സ്കോർപിയോയ്ക്ക് പകരക്കാരനില്ലെന്ന് പറയാം. പുതുതലമുറ ആവർത്തനമായ N പതിപ്പിന് പുറമെ പഴയ മോഡലായ ക്ലാസിക്കിൻ്റേയും വിൽപ്പന തുടരാൻ തീരുമാനിച്ചതും കച്ചോടം കൂടാനുള്ള പ്രധാന കാരണമാണ്.
1,10,136 യൂണിറ്റുകൾ നിരത്തിലെത്തിച്ചുകൊണ്ട് മഹീന്ദ്ര ബൊലേറോ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ വർക്ക്ഹോഴ്‌സായി അറിയപ്പെടുന്ന മോഡൽ ഗ്രാമീണ മേഖലയിൽ വരെ ജനപ്രിയനായി കുതിക്കുകയാണ് ഇപ്പോഴും. ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള പുതിയ ഡീസൽ വാഹനമാണിത് എന്ന് കേട്ടാൽ പലരും അത്ഭുതപ്പെട്ടേക്കാം. മോഡലിൻ്റെ B4 ബേസ് വേരിയന്റിന് 7.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

91,907 യൂണിറ്റുകളും 10.6 ശതമാനം വിഹിതവും രേഖപ്പെടുത്തി ഹ്യുണ്ടായി ക്രെറ്റയാണ് 2026 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡീസൽ കാറുകളുടെ പട്ടികയിൽ മൂന്നാമനായത്. ഡിസൈൻ, ടെക്നോളജി, പെർഫോമൻസ് എന്നിവയെല്ലാം കുറഞ്ഞ വില എന്നിവയെല്ലാം മുഖമുന്ദ്രയാക്കിയാണ് ക്രെറ്റ ജനപ്രിയമായി മാറിയത്. ഡീസൽ എഞ്ചിന്റെ സാന്നിധ്യം കൂടിയാവുമ്പോൾ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ വേറിട്ടുനിൽക്കാനും വണ്ടിക്കാവുന്നുണ്ട്.
ആഭ്യന്തര വിപണിയിൽ 72,336 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഥാർ റോക്‌സ് നാലാം സ്ഥാനത്ത് എത്തിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ തന്നെ XUV700 എസ്‌യുവി 44,546 യൂണിറ്റുകൾ നിരത്തിലെത്തിച്ച് അഞ്ചാമനായി. അതേസമയം ഥാറിന്റെ ത്രീ-ഡോർ മോഡൽ 43,030 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ആറാം സ്ഥാനവും കൈവരിച്ചിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ 37,090 യൂണിറ്റുകളും ഫോർച്യൂണർ 34,157 യൂണിറ്റുകളും വിറ്റഴിച്ചുകൊണ്ട് ടൊയോട്ടയുടെ മാനവും കാത്തു.

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ എൻട്രികളായി രണ്ട് ജനപ്രിയർ ഇടംപിടിക്കുകയുണ്ടായി. ഇതിൽ 31,784 യൂണിറ്റുകളുമായി സെൽറ്റോസും 30,858 യൂണിറ്റുകളുമായി സോനെറ്റുമാണ് പട്ടികയിൽ ഇടംനേടിയത്. കിയയുടെ ചെറു എസ്‌യുവിയിലേക്ക് കൂടുതൽ ഡീസൽ വകഭേദങ്ങൾ ചേർത്ത് അടുത്തിടെ പുതുക്കി അവതരിപ്പിച്ചിരുന്നു. ഇതെല്ലാം വിജയം കണ്ടുവെന്ന് മനസിലാക്കിത്തരുന്ന കണക്കുകളാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications