താങ്ക്സ് BaaS, 15.25 ലക്ഷത്തിന് ടൊയോട്ട ഇവി; കിലോമീറ്ററിന് വാടകയായി വേണ്ടത് നിസാര പൈസ മാത്രം
വലിയ അഭ്യൂഹങ്ങൾക്കിടയിൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് കാറായ അർബൻ ക്രൂയിസർ ഇബെല്ലയെ ഇക്കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. രാജ്യത്തിനായി സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വില പ്രഖ്യാപത്തതിൽ ആളുകൾ കുറ്റം പറഞ്ഞുകൊണ്ടിരുന്നതിനിടെ വണ്ടി അവതരിപ്പിക്കാനുള്ള നീക്കം ജാപ്പനീസ് വാഹന നിർമാതാക്കൾ ഉപേക്ഷിച്ചുവെന്ന വാർത്തകളെല്ലാം പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് വിമർശകരുടെ വായടപ്പിക്കുവാനായി ഇവിയുടെ വില കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവർക്കും അറിയാവുന്നതു പോലെ മാരുതി സുസുക്കി ഇവിറ്റാരയുടെ റീബാഡ്‌ജ് മോഡലാണ് ഇബെല്ല. എന്നാൽ മാരുതിയുടെ മോഡലിൽ നിന്നും വ്യത്യസ്‌തമായി ഒരു സിംഗിൾ വേരിയന്റിലാണ് ഇവി വിപണിയിലെത്തിയിരിക്കുന്നത്.
തുടക്കത്തിലെ പ്രതികരണം അറിഞ്ഞതിന് ശേഷമായിരിക്കും കമ്പനി ലോവർ-സ്പെക്ക് E1, E2 വേരിയന്റുകളുടെ വില കമ്പനി പ്രഖ്യാപിക്കുക. നിലവിലെ E3 എന്ന് വിളിക്കപ്പെടുന്ന ഈ ടോപ്പ്-സ്പെക്ക് വേരിയന്റിന് 23.60 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വില കേട്ട് പലരും ഞെട്ടിയെങ്കിലും ടൊയോട്ട ഇബെല്ല ബാറ്ററി ആസ്-എ-സർവീസ് പ്രോഗ്രാം വഴി സ്വന്തമാക്കാനാവുമെന്ന് അവതരണവേളയിൽ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ BaaS സർവീസിന്റെ വിലയും മറ്റ് വിവരങ്ങളും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ബാറ്ററി ആസ്-എ-സർവീസ് പ്രോഗ്രാം വഴി ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ല E3 വേരിയന്റ് 15.25 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കാനാവുക. ഒപ്പം കാർ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 4.99 രൂപ ബാറ്ററി വാടകയായും നൽകേണ്ടി വരുന്നതാണ്. നിലവിൽ ഇവി വാങ്ങാൻ പ്ലാനിടുന്നവർക്ക് വാഹനത്തിനായി മുടക്കേണ്ടി വരുന്ന പ്രാരംഭ ചെലവ് കുറയ്ക്കാൻ BaaS സഹായിക്കും.
ടൊയോട്ട ഇബെല്ലയുടെ E3 വേരിയന്റിന് 61 kWh പായ്ക്കാണ് ഹൃദയം. ഫ്രണ്ട് വീൽ ഡ്രൈവ് സെറ്റപ്പുമായി വരുന്ന ഇതിന് ഫുൾ ചാർജിൽ ARAI റേഞ്ച് 543 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ 174 bhp പവറിൽ പരമാവധി 189 Nm ടോർക്കാണ് അർബൻ ക്രൂയിസർ ഇബെല്ലയുടെ ഈ വേരിയന്റിന് നൽകാനാവുന്നത്. 49 kWh പായ്ക്കിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 440 കിലോമീറ്ററാണ്.

ചാർജിംഗിലായാലും വളരെ കാര്യക്ഷമമാണ് കക്ഷി. ഫാസ്റ്റ് DC ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ വേഗത്തിൽ റീചാർജ് ചെയ്യാനാവും. ഇതുവഴി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് വെറും 45 മിനിറ്റിനുള്ളിൽ നിറയ്ക്കാൻ കഴിയും. ഡിസൈനിൽ തനതായ ശൈലി ഉൾക്കൊണ്ടാണ് ടൊയോട്ട ഇബെല്ല പണികഴിപ്പിച്ചിരിക്കുന്നത്. ഇവിറ്റാരയിൽ നിന്നും വേർതിരിച്ചറിയാൻ വൈവിധ്യമാർന്ന കളർ ഓപ്ഷനുകളുടെ പിൻബലവും ഇലക്ട്രിക് എസ്‌യുവിയിലുണ്ട്.
കഫേ വൈറ്റ്, ലാൻഡ് ബ്രീസ് ഗ്രീൻ, സ്പോർട്ടിൻ റെഡ്, എന്റൈസിംഗ് സിൽവർ എന്നീ നിറങ്ങളിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഇന്ത്യക്കായുള്ള ആദ്യ ഇലക്ട്രിക് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഇബെല്ലക്ക് ടൊയോട്ടയുടെ 'ഹാമർഹെഡ്' ഫ്രണ്ട് ഡിസൈൻ ശൈലിയാണ് നൽകിയിരിക്കുന്നത്. എയർ വെൻ്റുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ബമ്പറും ഇവി കാറുകൾക്ക് അനുയോജ്യമായ ക്ലോസ്‌ഡ് ഗ്രില്ലും ഇബെല്ലയെ വ്യത്യസ്തമാക്കുന്നു. ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ മാരുതി ഇവിറ്റാരയിൽ നിന്നും വ്യത്യസ്‌തമായ രൂപം ആവാഹിക്കാനും കഴിഞ്ഞിട്ടുണ്ട്.

10.1 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12-കളർ ആംബിയന്റ് ലൈറ്റിംഗ്, JBL സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകളെല്ലാം കാറിലുണ്ട്. സുരക്ഷാ സവിശേഷതകളിലേക്ക് വന്നാൽ ടൊയോട്ട ഇബെല്ലയുടെ എല്ലാ വേരിയന്റുകളിലും 7 എയർബാഗുകളും നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളും സ്റ്റാൻഡേർഡാണ്.
ഇതോടൊപ്പം 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അക്കൗസ്റ്റിക് വെഹിക്കിൾ അലേർട്ട് സിസ്റ്റം (AVAS) തുടങ്ങിയ ലഭ്യമായ മറ്റ് ഫീച്ചറുകളും ജാപ്പനീസ് ബ്രാൻഡിന്റെ ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമാണ്. ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ ലെയ്ൻ കീപ്പ് അസിസ്റ്റും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഉള്ള ലെവൽ 2 ADAS സ്യൂട്ടും കൂട്ടിച്ചേർത്തിട്ടുണ്ടേ. 500-ലധികം സർവീസ് ടച്ച് പോയിൻ്റുകൾ, 8 വർഷത്തെ ബാറ്ററി വാറണ്ടി എന്നിവയും ഇബെല്ലയുടെ പ്രത്യേകതകളാണ്.


Click it and Unblock the Notifications