കണ്ണിൽച്ചോരയില്ലാതെ ടൊയോട്ടയുടെ തീരുമാനം, ഫോർച്യൂണർ സ്വപ്‌നങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും
ഇന്നോവയെ പോല, അല്ലെങ്കിൽ അതിനേക്കാൾ ഫാൻബേസുള്ള ടൊയോട്ടയുടെ വാഹനമാണ് ഫോർച്യൂണർ. സെഗ്മെൻ്റിലെ മറ്റ് മോഡലുകളെ പോലെ അൾട്രാ മോഡേൺ ഫീച്ചറുകളൊന്നുമില്ലെങ്കിലും ഇന്ത്യക്കാർ ചങ്കുപറിച്ചാണ് ഫോർച്യൂണറിനെ സ്നേഹിക്കുന്നത്. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും ഡിമാന്റും റീസെയിൽ വാല്യുവുമുള്ള ഫോർച്യൂണറിന് പകരം വെക്കാൻ മറ്റൊരു സ്പോർട് യൂട്ടിലിറ്റി വാഹനം ഇല്ലെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. പല വണ്ടിഭ്രാന്തൻമാരും എന്നും സ്വപ്‌നം കണ്ടുകൊണ്ട് കിടക്കുന്ന എസ്‌യുവി വാങ്ങാൻ ഇനി കൂടുതൽ ചെലവ് വരും. പുതുവർഷത്തോട് അനുബന്ധിച്ച് ഫോർച്യൂണറിൻ്റെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് ടൊയോട്ട.
ഒപ്പം എസ്‌യുവിയുടെ ചില വേരിയൻ്റുകളും കമ്പനി ആരോടും പറയാതെ നിർത്തലാക്കിയിട്ടുണ്ടെന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ലിമിറ്റഡ് എഡിഷൻ മോഡലായിരുന്ന ലീഡർ എഡിഷനുകളാണ് വിപണിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങിയിരിക്കുന്നത്. ഇവ നിർത്തലാക്കിയതിനൊപ്പം, ഫോർച്യൂണറിൻ്റെയും ലെജൻഡറിൻ്റെയും വില യഥാക്രമം 74,000 രൂപയും 71,000 രൂപയും വർധിപ്പിച്ചു. എൻട്രി ലെവൽ പെട്രോൾ മാനുവൽ വേരിയൻ്റുകളുടെ വില 51,000 രൂപയും 4x4 വേരിയന്റുകളുടെ വില 50,000 രൂപയിലധികം ഉയർത്തിയിട്ടുണ്ട്.

അങ്ങനെ ഇനി ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിൽ സ്വന്തമാക്കണമെങ്കിൽ 34.16 ലക്ഷം മുതൽ 49.59 ലക്ഷം വരെ എക്സ്ഷോറൂം വിലയായി കൈയിൽ നിന്നു ഇറക്കേണ്ടി വരും. 2025 ഓഗസ്റ്റ് മാസമായിരുന്നു ഫോർച്യൂണറിൻ്റെ ലീഡർ എഡിഷൻ വിപണനത്തിന് എത്തുന്നത്. റീഡിസൈൻ ചെയ്ത ഗ്രിൽ, ഫ്രണ്ട്, റിയർ ബമ്പർ സ്‌പോയിലറുകൾ, ക്രോം ആക്‌സന്റുകൾ എന്നിവയാൽ സമ്പന്നമായ സ്‌പോർട്ടിയർ ലുക്കുമായാണ് മോഡൽ അണിയിച്ചൊരുക്കിയത്.
അതോടൊപ്പം ഡ്യുവൽ-ടോൺ ബ്ലാക്ക് റൂഫ് ഗ്ലോസി ബ്ലാക്ക് അലോയ് വീലുകൾ, ഹുഡ് എംബ്ലം എന്നിവ കൂടിയായപ്പോൾ ഫോർച്യൂണർ ലീഡർ എഡിഷൻ വേറെ ലെവലായി. ആറ്റിറ്റ്യൂഡ് ബ്ലാക്ക്, സൂപ്പർ വൈറ്റ്, പേൾ വൈറ്റ്, സിൽവർ എന്നീ നാല് കളർ ഓപ്ഷനുകളിലും ലീഡർ എഡിഷൻ തെരഞ്ഞെടുക്കാം.4×2 മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റ് ലെവലുകളിൽ ലഭ്യമായിരുന്നു. എന്തായാലും വേരിയൻ്റ് നിർത്തലാക്കിയത് ഫോർച്യൂണറിൻ്റെ വിൽപ്പനയെ നേരിട്ട് ബാധിക്കാനിടയില്ല.

വില വർധനവിന് പുറമെ ഫോർച്യൂണറിൽ മറ്റ് മാറ്റങ്ങളും കമ്പനി അവതരിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് എസ്‌യുവിയുടെ ഹൃദയം. 4x4 സിസ്റ്റവും ലെജൻഡർ ഡെറിവേറ്റീവും ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. ഡീസൽ ഒരു ടർബോചാർജ്ഡ് ഇൻ്റർകൂളർ യൂണിറ്റാണ്.
ഇത് ട്രാൻസ്മിഷനെ ആശ്രയിച്ച് 201 bhp പവറിൽ പരമാവധി 420 Nm മുതൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ടൊയോട്ട പറയുന്നു. ടൊയോട്ട ഫോർച്യൂണറിന്റെ പെട്രോളിന് 164 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. പെട്രോൾ ഫോർച്യൂണറിൽ 2WD സിസ്റ്റം മാത്രമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. അടുത്തിടെ ഇന്ത്യയിൽ 3 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും ഈ ഫുൾ-സൈസ് എസ്‌യുവി പൂർത്തിയാക്കിയിരുന്നു.

2009-ൽ വിപണിയിലെത്തിയ എസ്‌യുവിക്ക് എക്കാലവും വലിയ സ്വീകാര്യതയാണ് നേടിയെടുക്കാനിയിട്ടുള്ളത്. ഇത്രയും ലക്ഷങ്ങൾ മുടക്കുന്ന വാഹനത്തിൽ അന്യായ സവിശേഷതകളൊന്നുമില്ല. എന്നിട്ടും ആവശ്യക്കാർ എത്തുന്നത് വിശ്വാസ യോഗ്യമായ എഞ്ചിനും ഫോർച്യൂണറിൻ്റെ കഴിവുകളും കണ്ടാണ്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉൾക്കൊള്ളുന്ന 8 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, പെട്രോൾ പതിപ്പുകളിൽ 6 സ്പീക്കർ ഓഡിയോ സിസ്റ്റവും ഡീസൽ പതിപ്പുകളിൽ ജെബിഎല്ലിൻ്റെ 11 സ്പീക്കർ സജ്ജീകരണം എന്നിവ ഇൻ്റീരിയറിൻ്റെ ആകർഷണം കൂട്ടുന്നതാണ്.
അതോടൊപ്പം വയർലെസ് ചാർജിംഗ്, കൂൾഡ് അപ്പർ ഗ്ലൗബോക്സ് തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. ഫോർച്യൂണറിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. 7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ടൊയോട്ട ഫോർച്യൂണറിൽ ഒരുക്കിയിട്ടുണ്ടെന്നതിനാൽ അക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.


Click it and Unblock the Notifications








