ഫോർച്യൂണറും ഡീസൽ എഞ്ചിനോട് ഗുഡ്ബൈ പറയുന്നോ? ഒടുവിൽ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ടൊയോട്ട
ഇന്ത്യയിൽ പുതിയ CAFÉ 3 മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ വിപണിയിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങുകയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന ഇതിഹാസ എംപിവി 2027-ഓടെ വിടപറയുമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കളും ഇക്കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഫോർച്യൂണറിൻ്റെ ഭാവി എന്താവുമെന്ന് അറിയാനായി ആളുകളെല്ലാം കാത്തിരിക്കുകയാണ്. ക്രിസ്റ്റയ്ക്കൊപ്പം ഫുൾ-സൈസ് എസ്‌യുവിയുടെ ഹൃദയമിടിപ്പും നിൽക്കുമോയെന്നതാണ് ആരാധകർക്കെല്ലാം അറിയേണ്ടിയിരുന്നത്. മൂന്നാംതലമുറ ഇന്നോവയെ പോലെ ഫോർച്യൂണറും പെട്രോൾ ഓൺലി എസ്‌യുവിയായി മാറുന്നത് കാണാൻ ഇന്ത്യക്കാർക്ക് യാതൊരുവിധ താത്പര്യവുമുണ്ടാവില്ല.
ഇക്കാര്യം കൃത്യമായി മനസിലാക്കിയ ടൊയോട്ട കാര്യങ്ങൾ വേണ്ടവിധത്തിൽ പരിഹരിച്ചിട്ടുണ്ട്. 2027 ശേഷവും ഡീസൽ വാഹനങ്ങൾ തുടർന്നും വാഗ്‌ദാനം ചെയ്യുമെന്ന ഉറപ്പുമായി മുമ്പോട്ട് എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാണ കമ്പനി. വളരെ ജനപ്രിയമായ ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയും ഹൈലക്‌സ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കും 2027-ന് ശേഷവും ഡീസൽ എഞ്ചിനുകളിൽ തുടർന്നും വിപണിയിലെത്തും.

ഫോർച്യൂണർ പോലുള്ള വലിയ ഡീസൽ എസ്‌യുവികൾക്കുള്ള ഉയർന്ന ഡിമാൻ്റ് സ്ഥിരമായി തുടരുന്ന ട്രെൻഡാണ് കാണാനാവുന്നതെന്ന് ടൊയോട്ട കിർലോസ്ക്കർ മോട്ടോർസിൻ്റെ സെയിൽസ് ആൻഡ് സർവീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശബരി മനോഹർ ഓട്ടോകാർ വെബ്സൈറ്റിനോട് പറഞ്ഞു. ആയതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ ഓയിൽ ബർണറുകളോട് ഗുഡ്ബൈ പറയുന്നത് ശരിയായ സമീപനമല്ലെന്നാണ് കമ്പനിയുടെ വശം.
ആയതിനാൽ ഫോർച്യൂണർ എസ്‌യുവി ഡീസൽ എഞ്ചിനോടെ തന്നെ തുടർന്നും ലഭ്യമാക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം. ഫോർച്യൂണറും ഹൈലക്‌സും നിലവിലുള്ള അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഉപോഗിച്ച് വിപണിയിലെത്തും. അതേസമയം ഇന്നോവ ക്രിസ്റ്റയിലെ 2.4 ലിറ്റർ ഡീസൽ എഞ്ചിനാണ് നിരയിൽ നിന്നും കമ്പനി ഒഴിവാക്കുത്. അടുത്ത വർഷത്തോടെ CAFE ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നും പല ഡീസൽ കാറുകളും വിടപറയുമെന്നാണ് അഭ്യൂഹങ്ങൾ.

ടൊയോട്ടയുടെ കാര്യത്തിൽ ആശങ്ക വേണ്ടന്നത് ഇതോടെ തീരുമാനമാവുകയും ചെയ്‌തു. നിലവിൽ ഫോർച്യൂണറിൽ ഫോർ സിലിണ്ടർ, ഇൻലൈൻ DOHC ഡീസൽ എഞ്ചിനാണ് ജാപ്പനീസ് ബ്രാൻഡ് ഉപയോഗിക്കുന്നത്. മാനുവൽ ഗിയർബോക്‌സിനൊപ്പം എസ്‌യുവിക്ക് പരമാവധി 204 bhp കരുത്തും 420 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്സിൽ ടോർക്ക് 500 Nm ആയി ഉയരുന്നുണ്ട്.
ഡീസലിൽ 4x2 ഡീസൽ മാനുവൽ, 4x2 ഡീസൽ ഓട്ടോമാറ്റിക്, 4x4 ഡീസൽ മാനുവൽ, GR-S, 4x4 ഡീസൽ മാനുവൽ ലെജൻഡർ, 4x4 ഡീസൽ ഓട്ടോമാറ്റിക് എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളും ഫോർച്യൂണറിനുണ്ട്. ഓയിൽ ബർണർ കൂടാതെ ടൊയോട്ട ഫോർച്യൂണറിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും ലഭ്യമാണ് കേട്ടോ. മാനുവലിലും ഓട്ടോമാറ്റിക്കിലും വരുന്ന ഈ എഞ്ചിന് 164 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

പെട്രോൾ ഫോർച്യൂണറിൽ 2WD സിസ്റ്റം മാത്രമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. അടുത്തിടെ ഇന്ത്യയിൽ 3 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും ഈ ഫുൾ-സൈസ് എസ്‌യുവി പൂർത്തിയാക്കിയിരുന്നു. 2009-ൽ വിപണിയിലെത്തിയ എസ്‌യുവിക്ക് എക്കാലവും വലിയ സ്വീകാര്യതയാണ് നേടിയെടുക്കാനിയിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം മോഡലിന് ലഭിച്ച വില വർധനവ് പ്രകാരം നിലവിൽ 34.16 ലക്ഷം മുതൽ 49.59 ലക്ഷം വരെയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
കർശനമായ മലിനീകരണ ചട്ടങ്ങൾ പ്രകാരം പോയ വർഷം ഡീസൽ മോഡലുകളിൽ മൈൽഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ട ചേർത്തിരുന്നു. പുതിയ സ്മാർട്ട് ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷൻ ഫോർച്യൂണറിന്റെ മൈലേജ് കൂടുതൽ മെച്ചപ്പെടുത്തുകയും വണ്ടി നിൽക്കുമ്പോൾ എഞ്ചിൻ സ്വമേധയ ഓഫ് ചെയ്യുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെർഫോമൻസ്, കൂടുതൽ സുഖസൗകര്യങ്ങൾ എന്നിവയും ഇതിൻ്റെ സവിശേഷതയാണ്.


Click it and Unblock the Notifications








