ഏറ്റവും കുറഞ്ഞ വിലയുള്ള ടൊയോട്ട കാറിന്റെ കച്ചോടം നഷ്‌ടത്തിൽ, എല്ലാത്തിനും കാരണം മാരുതിയുടെ കാർ
ടൊയോട്ടയെന്ന (Toyota) ബ്രാൻഡിനോട് ഏല്ലാവർക്കും പ്രത്യേക മതിപ്പും ഇഷ്‌ടവുമാണ്. വണ്ടി വാങ്ങിപ്പോയിക്കഴിഞ്ഞാലും കമ്പനി നമ്മളെ അത്രത്തോളം തിരിച്ച് സ്നേഹിക്കുന്നതും സർവീസിന് ചെന്നാൽ നല്ല പരിഗണന തരുന്നതുമെല്ലാമാണ് ഈ ജാപ്പനീസ് വാഹന നിർമാതാക്കളെ മറ്റ് കമ്പനികളിൽ നിന്നും വേറിട്ടുനിർത്തുന്ന കാര്യങ്ങൾ. മാരുതി സുസുക്കിയുമായുള്ള കൂട്ടുകച്ചവടം കൂടിയായതോടെ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാനും ടൊയോട്ടയ്ക്ക് എളുപ്പത്തിൽ സാധിച്ചു. ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായി പ്രവർത്തിക്കുന്ന ഗ്ലാൻസ (Toyota Glanza Premium Hatchback) എന്ന പ്രീമിയം ഹാച്ച്ബാക്ക് പോലും വാങ്ങാൻ പലമാസങ്ങളിലും ആളുകളുടെ അടിപിടിയാണ്.
എന്നാൽ ഏപ്രിൽ മാസത്തിൽ ഗ്ലാൻസയുടെ അപ്രതീക്ഷിതമായി വിൽപ്പന വൻതോതിൽ ഇടിഞ്ഞത് കണ്ട് സാക്ഷാൽ ടൊയോട്ട വരെ ഞെട്ടിയിരിക്കുകയാണ്. പോയമാസം ബലേനോയുടെ റീബാഡ്‌ജ് മോഡൽ വാങ്ങാനെത്തിയത് ആകെ 3,360 പേരാണ്. 2025 ഏപ്രിൽ മാസത്തിൽ നിരത്തിലെത്തിയ 4,132 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 19 ശതമാനത്തിന്റെ വമ്പൻ നഷ്ടമാണ് വാഹനം നേരിട്ടിരിക്കുന്നത്. അതേസമയം ബലേനോയുടെ വിൽപ്പന കഴിഞ്ഞ മാസം നേട്ടത്തോടെയാണ് അവസാനിപ്പിച്ചത്.

അതായത് എല്ലാത്തിനും കാരണം മാരുതിയുടെ കാറിന്റെ സാന്നിധ്യമാണെന്ന് പറയാം. മാരുതിയുടെ മോഡലിനേക്കാള്‍ വില കൂടുതലാണെങ്കിലും വാറണ്ടിയിലും സര്‍വീസിലുമെല്ലാം ഗ്ലാന്‍സയ്ക്ക് മുന്‍തൂക്കമുണ്ടായിട്ടും വിൽപ്പന കാര്യമായി നേടാനാവാത്തത് ടൊയോട്ടയ്ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ടാവാം. വാർഷിക കണക്കുകളിൽ മാത്രമല്ല, പ്രതിമാസ വിൽപ്പനയിലും കാറിന് നഷ്‌ടം സഹിക്കേണ്ടി വന്നിട്ടുണ്ട്. 2026 മാർച്ചിൽ നിരത്തിലെത്തിച്ച 3,470 യൂണിറ്റുകളെ അപേക്ഷിച്ച് ഏപ്രിലിൽ 3.17 ശതമാനത്തിന്റെ ഇടിവാണ് മോഡൽ നേരിട്ടിരിക്കുന്നത്.
അടുത്തിടെ ചില കാരണങ്ങളാൽ ടൊയോട്ട മോഡൽ നിരയിൽ വലിയ വില വർധനവും നടപ്പിലാക്കിയിരുന്നു. ചിലപ്പോൾ ഇതുകൊണ്ടാവാം കഴിഞ്ഞ മാസത്തിൽ വിൽപ്പന ചെറുതായൊന്ന് ഇടിഞ്ഞത് പെട്ടന്നുള്ള വിലക്കയറ്റം പലരിലും നിരാശയുണ്ടാക്കിയേക്കാം ഇതൊന്ന് കെട്ടടങ്ങി വരുമ്പോഴേക്കും വീണ്ടും ഗ്ലാൻസ വാങ്ങാൻ ആളുകൾ ഷോറൂമിലേക്ക് ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. E, S, G, V ട്രിമ്മുകളിൽ വിൽക്കുന്ന ഗ്ലാൻസയ്ക്ക് നിലവിൽ 6.46 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

മാരുതി സുസുക്കി ബലേനോയുടെ റീബാഡ്‌ജ് മോഡലാണെങ്കിലും ടൊയോട്ടയുടെ രീതിയിൽ ഗ്ലാൻസയെ റീഡിസൈൻ ചെയ്‌താണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. മുൻവശത്തെ വലിയ ഗ്രില്ലാണ് ബലേനോയിൽ നിന്നുമുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം. പിന്നെ അലോയ് വീലിന്റെ രൂപകൽപ്പനയിലും വ്യത്യസ്തമാണെന്നതും ഹൈലൈറ്റാണ്. ബാക്കിയെല്ലാം മാരുതി കാറിലേത് പോലെ തന്നെയാണ്. ഇൻസ്റ്റാ ബ്ലൂ, ഗെയിമിംഗ് ഗ്രേ, എന്റൈസിംഗ് സിൽവർ, സ്പോർട്ടിംഗ് റെഡ്, കഫേ വൈറ്റ് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാനുണ്ട്.
മാരുതി കാറിൽ കാണുന്ന അതേ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഗ്ലാൻസയുടേയും ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കിൽ എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ ഫോർ സിലിണ്ടർ എഞ്ചിന് 90 bhp പവറിൽ പരമാവധി 113 Nm ടോര്‍ക്ക് വരെയും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെട്രോളിന് പുറമെ, ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിന്റെ ഓപ്ഷനിലും ടൊയോട്ടയുടെ പ്രീമിയം ഹാച്ച് വാങ്ങാനാവും.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന്റെ പവര്‍ കുറയുമെങ്കിലും കിടിലൻ ഇന്ധനക്ഷമത നൽകുന്നതാണ് പ്രത്യേകത. സിഎൻജിയിൽ ഓടുമ്പോൾ കാറിന് 77.5 bhp പവറാണ് നൽകാനാവുക. ഗ്ലാന്‍സ സിഎന്‍ജിക്ക് കിലോഗ്രാമിന് 30.61 കിലോമീറ്റർ മൈലേജാണ് കമ്പനി പറയുന്നത്. പെട്രോളിലേക്ക് വന്നാൽ ഗ്ലാന്‍സ ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെയാണ് മൈലേജ് നൽകുക.
ഐഡില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ഫീച്ചറും ഗ്ലാൻസയിലുണ്ട്. പ്രീമിയം സവിശേഷതകളുള്ള ഒരു വിശ്വസനീയമായ ഹാച്ച്ബാക്ക് തേടുന്നവര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ ഒരു മികച്ച ഓപ്ഷനാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടൊയോട്ട ഐ-കണക്റ്റ് സപ്പോര്‍ട്ട്, ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമാണ് ഇന്റീരിയർ.
ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗ്ലാന്‍സയ്ക്ക് ലഭിക്കുന്നതിനാൽ ഡ്രൈവിംഗ് സുഖകരമായിരിക്കും. 6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍, 360 ഡിഗ്രി ക്യാമററ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും മാരുതി സുസുക്കി ബലേനോയുടെ റീബാഡ്‌ജ് മോഡലായ ടൊയോട്ട ഗ്ലാൻസയ്ക്ക് ലഭിക്കുന്നുണ്ട്. അതിനാൽ മിഡിൽ ക്ലാസിന് പറ്റിയ ഫാമിലി കാറായി ഇത് മാറുന്നു.


Click it and Unblock the Notifications