സാധാരണക്കാരിൽ നിന്നും അകലുന്ന തീരുമാനവുമായി ടൊയോട്ട! ഗ്ലാൻസ, ടൈസർ, റൂമിയോൺ കാറുകൾക്ക് വില കൂട്ടി
മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരെ പോലെ തന്നെ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളിൽ ഒന്നായി ഉയർന്നുവന്നിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ക്വാളിസിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് മാരുതിയുടെ കാറുകൾ റീബാഡ്‌ജ് ചെയ്യുന്നത് വരെ എത്തി നിൽക്കുകയാണ്. നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാൻഡ് കൂടിയാണ് ടൊയോട്ട. ഗ്ലാൻസ, ടൈസർ, റൂമിയോൺ, അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, ഫോർച്യൂണർ, വെൽഫയർ അങ്ങനെ ജനകീയമായ മോഡലുകളാണ് ഇപ്പോൾ ബ്രാൻഡ് നിരയിലുള്ളത്.
2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ടൊയോട്ടയുടെ മുഖത്തൊരു പുഞ്ചിരിയെല്ലാം വന്നിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തിൽ കമ്പനി 28,441 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഇത് 7.52 ശതമാനം വാർഷിക വളർച്ചയിലേക്കാണ് ജാപ്പനീസ് വാഹന നിർമാതാക്കളെ നയിച്ചിരിക്കുന്നത്. എന്നാൽ പ്രതിമാസ കണക്കുകളിൽ 6.98 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയത് ആശങ്കയുയർത്തിയിട്ടുണ്ടാവാം.

ഇതിനിടയിൽ 2026 ജൂലൈ മാസം മുതൽ ടൊയോട്ട തങ്ങളുടെ മോഡൽ നിരയിൽ തെരഞ്ഞെടുത്ത കാറുകളുടെ വില വർധിപ്പിക്കുകയും ചെയ്‌തിരിക്കുകയാണ്. ഇൻപുട്ട് ചെലവുകൾ വർധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 33,000 രൂപ വരെ ഇനി അധികം മുടക്കേണ്ടി വന്നേക്കാം. നിലവിൽ ഹൈറൈഡർ, ഗ്ലാൻസ, ടൈസർ, റൂമിയോൺ എന്നിവയുടെ വില വർധനവ് എത്രത്തോളമാണെന്ന് ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്.
ഗ്ലാൻസ
ടൊയോട്ടയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ ഗ്ലാൻസയ്ക്കാണ് ഏറ്റവും ഉയർന്ന വില വർധനവ് ലഭിച്ചിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാനിരുന്നവർ ഇനി മുതൽ 33,000 രൂപ വരെയാണ് അധികം മുടക്കേണ്ടി വരിക. ഇത് തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് വിലയിൽ ഏകദേശം 4.1 ശതമാനം പരിഷ്ക്കാരമാണിത്. ഇതോടെ കാറിന്റെ പുതുക്കിയ വില 6.46 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയായി മാറിയിട്ടുണ്ട്.

ടൈസർ
2026 ജൂലൈ മാസത്തിൽ ഏറ്റവും കുറഞ്ഞ വില വർധനവ് ലഭിച്ച ടൊയോട്ട മോഡലാണ് മാരുതി ഫ്രോങ്ക്‌സിന്റെ റീബാഡ്‌ജ് പതിപ്പായ ടൈസർ. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെത്തുന്ന വാഹനത്തിന് 23,500 രൂപ വരെയാണ് പൈസ കൂട്ടിയിരിക്കുന്നത്. വാങ്ങുന്ന വേരിയന്റിനെ ആശ്രയിച്ച് ഇത് ഏകദേശം 2.5 ശതമാനത്തിന്റെ പരിഷ്ക്കാരമാണ് നേരിട്ടിരിക്കുന്നത്. ടൊയോട്ട വെബ്‌സൈറ്റ് അനുസരിച്ച് ടൈസറിന്റെ ഇന്നത്തെ ഔദ്യോഗിക വില 7.25 ലക്ഷം മുതൽ 12.63 ലക്ഷം രൂപ വരെയാണ്.
റൂമിയോൺ
ടൈസറിനെപ്പോലെ 2026 ജൂലൈ മാസത്തെ ടൊയോട്ട റൂമിയോണിന്റെ വില വർധനവും ഏകദേശം 2.5 ശതമാനം ആണ്. മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്‌ജ് 7-സീറ്റർ എംപിവിയാണിതെന്ന് ഏവർക്കും അറിയാമല്ലോ. വാങ്ങുന്ന വേരിയന്റിനെ ആശ്രയിച്ച് കാറിന്റെ വിലയിൽ 29,000 രൂപ വരെയാണ് അധികം മുടക്കേണ്ടതായി വരിക. വില വർധനവിന് ശേഷം റൂമിയോൺ വാങ്ങണമെങ്കിൽ 9.56 ലക്ഷം മുതൽ 13.86 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകേണ്ടി വരും.

ഹൈറൈഡർ
ടൊയോട്ടയുടെ ജനപ്രിയ സി സെഗ്മെന്റ് മിഡ് സൈസ് എസ്‌യുവിയായ ഹൈറൈഡറിന് 2026 ജൂലൈ മാസത്തിലും വില വർധനവ് ലഭിച്ചു. ഹൈറൈഡറിന്റെ വിലയിൽ 32,000 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്. തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടും. ഹൈറൈഡർ V സ്ട്രോങ്ങ് ഹൈബ്രിഡ് വേരിയന്റുകൾക്ക് വില വർധനവ് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതുക്കിയ വില വർധനവിന് ശേഷം എസ്‌യുവിക്ക് 10.99 ലക്ഷം മുതൽ 20.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications