ലക്ഷങ്ങൾ ഓഫറിട്ട് വിൽക്കുന്ന ടൊയോട്ടയ്ക്ക് വില കൂടി, ഇനി വാങ്ങണേൽ അരലക്ഷം രൂപയെങ്കിലും അധികം വേണ്ടിവരും
രാജ്യത്ത് അധികം പ്രചാരമില്ലാത്തൊരു സെഗ്മെന്റായ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് വിഭാഗത്തിലേക്ക് ഹൈലക്‌സുമായി ടൊയോട്ട എത്തിയത് പലർക്കും കൌതുകമായിരുന്നു. ജാപ്പനീസ് ബ്രാൻഡിന്റെ ഗ്ലോബൽ മോഡൽ രാജ്യത്ത് എത്തുമ്പോൾ ടൊയോട്ടയ്ക്ക് പ്രതീക്ഷകളും വാനോളമായിരുന്നു. എന്നാൽ വലിയ വിജയം ആയില്ലെങ്കിലും പലരുടേയും ഡ്രീം കാറായി മാറാൻ ഹൈലക്‌സിന് അധികം സമയമൊന്നും വേണ്ടി വന്നില്ലെന്നതാണ് സത്യം. ലോകവിപണി കീഴടക്കിയ ഹൈലക്‌സ് ഇന്ത്യയിലെത്തിയപ്പോൾ ചെറുതായൊന്ന് പതറിയെന്ന് വേണം പറയാൻ. എങ്കിലും അധികം നഷ്‌ടമൊന്നും ഉണ്ടാക്കാതെ ഓരോ മാസവും തരക്കേടില്ലാത്ത രീതിയിൽ പിക്കപ്പ് വിറ്റഴിയുന്നുമുണ്ട്.
അന്യായ വലിപ്പവും അതിനൊത്ത റോഡ് പ്രസൻസുമെല്ലാം ഉള്ള ഹൈലക്‌സ് വണ്ടിഭ്രാന്തൻമാരുടെയെല്ലാം മനസ് കീഴടക്കി കുതിക്കുകയാണിപ്പോൾ. ഇതിനിടയിൽ മോഡലിന്റെ വില വർധിപ്പിച്ച് ചെറിയൊരു നിരാശ സമ്മാനിച്ചിരിക്കുകയാണ് ടൊയോട്ട. പുതിയ സാമ്പത്തിക വർഷത്തോട് അനുബന്ധിച്ച് മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചതിനെ തുടർന്നാണ് ലൈഫ് സ്റ്റൈൽ പിക്കപ്പിനും ഇനി പുതിയ വില നൽകേണ്ടി വരുന്നത്.

ടൊയോട്ട ഹൈലക്‌സിന്റെ ഹൈ ഡീസൽ മാനുവൽ, ഹൈ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 62,700 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. ഇതിനു പിന്നാലെ ബേസ് STD വേരിയന്റിന് മുൻ വിലയേക്കാൾ 49,600 രൂപയും കൂടുതൽ നൽകേണ്ടി വരും. അതേസമയം പിക്കപ്പ് ട്രക്കിന്റെ ബ്ലാക്ക് എഡിഷൻ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിന്റെ വില വർധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇത് ഇപ്പോഴും 35.85 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ തുടർന്നും ലഭ്യമാവും.
പുതിയ വില പരിഷ്ക്കാരത്തോടെ ജാപ്പനീസ് വാഹന നിർമാതാക്കളിൽ നിന്നുള്ള പിക്കപ്പ് ട്രക്കിന്റെ വില ഇപ്പോൾ 28.52 ലക്ഷം മുതൽ 36 ലക്ഷം രൂപ വരെയായി മാറിയിട്ടുണ്ട്. ഹൈലക്‌സിന് പുറമെ അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ടൈസർ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മറ്റ് ടൊയോട്ട കാറുകളുടെ വിലയും കമ്പനി വർധിപ്പിച്ചിട്ടുണ്ട്. വില കൂടിയെങ്കിലും മോഡലുകൾക്ക് മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല കേട്ടോ. ഇടയ്ക്ക് ലക്ഷങ്ങൾ ഓഫറിട്ട് വിൽക്കുന്ന ടൊയോട്ടയായതിനാൽ ഈ വില വർധനവ് വിൽപ്പനയെ നേരിട്ട് ബാധിക്കാനിടയില്ല.

കുന്നും മലയും താണ്ടാൻ കഴിവുള്ള ഫോർച്യൂണർ എസ്‌യുവിയുടെ 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിന്റെ ഹൃദയം. മാനുവൽ ട്രാൻസ്മിഷനിൽ പരമാവധി 204 bhp പവറിൽ 420 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന വാഹനം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 500 Nm ടോർക്ക് വരെയും വികസിപ്പിക്കാൻ യോഗ്യമാണ്. ഫോർച്യൂണറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈലക്‌സിന് 4×4 ശേഷിയുമുണ്ട് കേട്ടോ.
ഹൈ-ലോ ട്രാൻസ്ഫർ കേസും ടൊയോട്ടയുടെ A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഡൗൺഹിൽ അസിസ്റ്റ് കൺട്രോളും ഹൈലക്‌സിന്റെ ഓഫ്-റോഡ് കഴിവുകളെ എടുത്തുകാണിക്കുന്ന സംഗതിയാണ്. വലിപ്പത്തിൽ ഭീമാകാരനായതിനാൽ അന്യയ റോഡ് പ്രസൻസാണ് മോഡലിനുള്ളത്. മൊത്തത്തിൽ 5325 mm നീളവും 1855 mm വീതിയും 1865 mm ഉയരവും 3085 mm വീൽബേസും 279 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് ലൈഫ് സ്റ്റൈൽ പിക്കപ്പിനുള്ളത്.

പിക്കപ്പ് ട്രക്ക് മോഡലാണെങ്കിലും യാത്രകൾ ആഡംബരമാക്കാവുമാനായുള്ള എല്ലാത്തരം മോഡേൺ ഫീച്ചറുകളും ടൊയോട്ട ഹൈലക്‌സിൽ കുത്തിനിറച്ചിട്ടുണ്ട്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID) ഉള്ള ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ഇതിലുണ്ട്.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ മിടുക്കനായി തന്നെയാണ് പിക്കപ്പ് ട്രക്കിനെ ടൊയോട്ട വിപണിയിലെത്തിക്കുന്നത്. 7 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ് ടൊയോട്ട ഹൈലക്‌സിൽ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ഇസൂസു വി-ക്രോസുമായാണ് ജാപ്പനീസ് സുന്ദരന്റെ മത്സരം.


Click it and Unblock the Notifications