സമയമായ് രഥത്തിൽ ഞാൻ... ഗുഡ്ബൈ പറഞ്ഞിറങ്ങാൻ സമയം കുറിച്ച് ഇന്നോവ ക്രിസ്റ്റ
ടൊയോട്ട ഇന്നോവ എന്ന വാഹനത്തിന് ഇന്ത്യക്കാർക്കിടയിലുള്ള സ്ഥാനം എത്രത്തോളം വലുതാണെന്ന് പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ. ഒരുകാലത്ത് അംബാസിഡര്‍ കാറുകളുടെ കുത്തകയായിരുന്ന നിരത്തുകൾ പിന്നീട് അത്തരത്തിലോ അല്ലെങ്കിൽ അതിൽ കേമമായിട്ടോ കീഴടക്കിട്ടുണ്ടെങ്കിൽ അത് ഇന്നോവ മാത്രമാണെന്ന് പറയേണ്ടി വരും. രാഷ്ട്രീയക്കാർ മുതൽ വലിയ വ്യവസായികളുടെ വരെ ഉറ്റതോഴനായി ഇന്നോവ പേരെടുക്കണമെങ്കിൽ റേഞ്ച് ചെറുതൊന്നും പോരല്ലോ... അമ്മാതിരി യാത്രാസുഖം തരുന്ന മറ്റൊരു എംപിവി ഇന്ത്യയിൽ പിറന്നിട്ടുണ്ടോയെന്ന് വരെ സംശയമാണ്. ക്രിസ്റ്റയായും ഹൈക്രോസായും ഇന്നും വിപണിയിൽ വിറ്റഴിക്കുന്ന എംപിവി യാത്രാസുഖത്തിലൂടെയാണ് ഇന്ത്യക്കാരുടെ പ്രിയങ്കരനായി മാറിയത്.
കൂടെ ഡീസൽ എഞ്ചിൻ്റെ സാന്നിധ്യവും തരക്കേടില്ലാത്ത മൈലേജും കുറഞ്ഞ മെയിൻ്റനെൻസും കൂടിയായപ്പോൾ ആളുകൾക്കെല്ലാം ഇന്നോവ മതി. ക്വാളിസിൽ നിന്ന് പരിണമിച്ച ടൊയോട്ട ഇന്നോവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയുടെ യഥാർഥ പ്രീമിയം എംപിവിയും പ്രീമിയം ടാക്സിയുമാണ്. ശരിക്കും മൂന്ന് തലമുറ ആവർത്തനങ്ങളിലാണുള്ളതെങ്കിലും രണ്ടാമനായ ക്രിസ്റ്റയ്ക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്.

മൂന്നാംതലമുറയിൽ ഇന്നോവ ഹൈക്രോസ് ആയി പിറവിയെടുത്തുവെങ്കിലും ഇന്നോവയെന്നാൽ ആളുകൾക്ക് ക്രിസ്റ്റയാണ് അവസാനവാക്ക്. പുതുമോഡലിനൊപ്പം ഇതുകൂടെ വിറ്റഴിക്കാൻ ടൊയോട്ട നിർബന്ധിതരായത് വെറുതേയല്ലല്ലോ. സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനെല്ലാമായി ഹൈക്രോസും വലിയ ഹിറ്റായെങ്കിലും ക്രിസ്റ്റയോട് ആളുകൾക്ക് വല്ലാത്തൊരു അടുപ്പമുണ്ട്. ഇപ്പോഴിതാ ഇന്നോവ ക്രിസ്റ്റയുടെ നിർമാണം അവസാനിപ്പിക്കാനുള്ള സമയം കുറിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട.
2025 ഓടെ ഇന്നോവ ക്രിസ്റ്റ നിർത്തലാക്കേണ്ടതായിരുന്നുവെങ്കിലും 2027 മാർച്ച് വരെ ഉത്പാദനം തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് അടുത്ത വർഷത്തോടെ 8-സീറ്റർ മോഡൽ ഇന്ത്യൻ വിപണിയോട് ഗുഡ്ബൈ പറയുമെന്ന് സാരം. ഓട്ടോകാർ ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 2016-ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഇന്നോവ ക്രിസ്റ്റ ഇതുവരെ വിൽപ്പനയുടെ കാര്യത്തിൽ കമ്പനിയെ നിരാശപ്പെടുത്തിയിട്ടില്ല.

അത്തരമൊരു സാഹചര്യത്തിൽ ടൊയോട്ട എന്തിന് ഇങ്ങനൊരു കടുംകൈ ചെയ്യുന്നുവെന്ന് പലർക്കും ആശങ്കയുണ്ടായേക്കാം. വരാനിരിക്കുന്ന CAFE 3 മാനദണ്ഡങ്ങളാണ് ടൊയോട്ട ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ നിർമാണം അവസാനിപ്പിക്കാൻ കാരണമാവുന്നത്. മുമ്പത്തേക്കാളും കർശനമായ മലിനീകരണച്ചട്ടമായിരിക്കും ഇതെന്നതിനാൽ ഇനിയൊരു അപ്ഡേറ്റ് വരുന്നത് ബ്രാൻഡിനെ സംബന്ധിച്ച് വലിയ തലവേദനയായിരിക്കും.
കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കണോമി എന്നതാണ് CAFE എന്നതുകൊണ്ട് അർഥമാക്കുന്നത്. എന്തായാലും അടുത്തവർഷം വരെ വാഹനത്തിൻ്റെ നിർമാണം തുടരാൻ ടൊയോട്ട തീരുമാനിച്ചത് എംപിവി പ്രേമികളെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന വിഷയമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ടൊയോട്ട ഇന്നോവ ക്രിസ്റ്റ 2027 മാർച്ച് വരെ വിൽപ്പനയിൽ തുടരും. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് വാഹനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനാൽ ടൊയോട്ടയിൽ നിന്ന് മറ്റൊരു ഡീസൽ എംപിവി ആരും പ്രതീക്ഷിക്കേണ്ടതുമില്ല.

നിലവിൽ 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp പവറിൽ പരമാവധി 343 Nm torque വരെ നൽകാനാവും. നിലവിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ വാഹനത്തിനൊപ്പം നൽകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി നിര്‍ത്തലാക്കിയത്.
റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും തരക്കേടില്ലാത്ത തരത്തിൽ എംപിവിയെ ഇപ്പോഴും വിപണിയിലെത്തിക്കാൻ കമ്പനിക്കാവുന്നുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. എന്തായാലും അടുത്ത വർഷത്തോടെ പടിയിറങ്ങുമ്പോൾ ഒരു യുഗത്തിന് കൂടിയാണ് തിരശീല വീഴുന്നത്.


Click it and Unblock the Notifications








