നിർത്താൻ പോവുന്നുവെന്ന് പറഞ്ഞിട്ടും വില കൂട്ടി, എംപിവികളിലെ തലൈവരിന് ഇനി കാശ് കൂടുതൽ കൊടുക്കണം
എല്ലാവരും ഒരേപോലെ വാങ്ങാൻ ആഗ്രഹിക്കുന്നൊരു വാഹനമായിരിക്കും ടൊയോട്ട ഇന്നോവ (Toyota Innova). ഒരു സെക്കൻഡ് ഹാൻഡ് എങ്കിലും വാങ്ങണമെന്ന മോഹവുമായി നടക്കുന്ന ഏറെപ്പേരെ നമുക്ക് ചുറ്റിനും കാണാനാവും. പുതിയ മൂന്നാംതലമുറ ആവർത്തനം വന്നിട്ടും പഴയ ക്രിസ്റ്റയുടെ പുതിയ മോഡലിന് വരെ ഇപ്പോഴും വൻ ഡിമാൻ്റാണ് ലഭിക്കുന്നത്. ഹൈക്രോസിനൊപ്പം ചൂടപ്പം പോലെ തന്നെ ഡീസൽ പതിപ്പും വിറ്റഴിയുന്നത് ജാപ്പനീസ് വാഹന നിർമാതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള കാര്യമാണ്. എന്നിരുന്നാലും ഇന്ത്യൻ വിപണിയോട് 2027-ൽ വിടപറയാൻ ഒരുങ്ങുകയാണ് എംപിവികളിലെ തലൈവർ.
അതിന് മുന്നോടിയായി ഇന്നോവ ക്രിസ്റ്റയുടെ വില ഒന്നു കൂടി വർധിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ടൊയോട്ട. പുതുവർഷത്തോട് അനുബന്ധിച്ച് മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയ മറ്റ് ബ്രാൻഡുകളോടൊപ്പം ജാപ്പനീസ് ഇതിഹാസവും ചേരുന്നത് ആളുകൾക്ക് നിരാശ നൽകുന്നുണ്ട്. എങ്കിലും നിർമാണ ചെലവ് വർധിച്ച കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി വിലക്കയറ്റം ഒഴിവാക്കാനാവാതെ കടുംകൈ ചെയ്‌തിരിക്കുന്നത്.

ഓട്ടോകാർ റിപ്പോർട്ട് പ്രകാരം ടൊയോട്ടയുടെ ഡീസൽ ലാഡർ ഫ്രെയിം എംപിവിയുടെ വില 33,000 രൂപ വരെയാണ് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ലോവർ സ്പെക്ക് GX വേരിയൻ്റുകളിലാണ് ഏറ്റവും കൂടുതൽ വിലക്കയറ്റം സംഭവിച്ചിരിക്കുന്നത്. മിഡ്-സ്പെക്ക് GX പ്ലസ് പതിപ്പുകൾക്ക് ഇപ്പോൾ 21,000 രൂപ വരെ വില കൂടുതലാണ്. അതേസമയം ഉയർന്ന സ്പെക്ക് VX, ടോപ്പ്-സ്പെക്ക് ZX വേരിയന്റുകൾക്ക് 25,000 രൂപ വരെയും 26,000 രൂപ വരെയും വില കൂടിയിട്ടുണ്ട്.
ഇന്നോവ ക്രിസ്റ്റയുടെ പുതുക്കിയ എക്സ്ഷോറൂം വില നിലവിൽ 18.99 ലക്ഷം മുതൽ 25.53 ലക്ഷം രൂപ വരെയാണ്. വില പരിഷ്ക്കാരത്തിന് പുറമെ ജനപ്രിയ ഡീസൽ എംപിവിയിൽ യാതൊരു വിധ മാറ്റങ്ങളും വരുത്തിയിട്ടില്ല. 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp പവറിൽ പരമാവധി 343 Nm torque വരെ നൽകാനാവും.

നിലവിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതിൽ ലഭ്യമല്ലെന്നത് ചിലർക്കെങ്കിലും നിരാശയുളവാക്കുന്നുണ്ട്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തോടെയാണ് ക്രിസ്റ്റയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി നിര്‍ത്തലാക്കിയത്. എങ്കിലും ക്രിസ്റ്റ വാങ്ങുന്നവരിൽ ഭൂരിഭാഗവും മാനുവലിനാണ് പണ്ടേ കൂടുതൽ പരിഗണന നൽകിയിരുന്നത്. റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.
മോഡേൺ ഗിമ്മിക് ഫീച്ചറുകളൊന്നുമില്ലാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ കൊടുത്തിട്ടുള്ളത്. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്നോവ ക്രിസ്റ്റയ്ക്ക് സ്റ്റാൻഡേർഡായി ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റ്, 7 എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലഭിക്കും.

ഡിസൈൻ നോക്കിയാൽ മുമ്പുണ്ടായിരുന്ന അതേ മോഡലിന്റെ രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും ഗ്രില്ലിലും മറ്റും ചില പരിഷ്ക്കാരങ്ങളുമായാണ് വണ്ടി ഇപ്പോൾ പുറത്തിറക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ പഴയ ക്രിസ്റ്റകൾക്ക് സമാനമായ ശൈലി തന്നെയാണ് പിന്തുടരുന്നത്. സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ഇന്നോവ ക്രിസ്റ്റ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്.
2016-ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഇന്നോവ ക്രിസ്റ്റ ഇതുവരെ വിൽപ്പനയുടെ കാര്യത്തിൽ കമ്പനിയെ നിരാശപ്പെടുത്തിയിട്ടില്ല. വിലകൂടിയെങ്കിലും വാങ്ങാനെത്തുന്നവർ ഇതൊന്നും കാര്യമാക്കില്ലെന്ന് വേണം കരുതാൻ. പ്രത്യേകിച്ച് അടുത്ത വർഷത്തോടെ നിർത്തലാക്കാൻ പോവുന്നുവെന്ന് കൂടി അറിഞ്ഞതോടെ വാഹനം വാങ്ങാൻ ആളുകൾ കൂട്ടത്തോടെ ഷോറൂമിലെത്തുമെന്നാണ് വിവരം. ഒപ്പം സെക്കൻഡ് ഹാൻഡിന് പോലും ഡിമാൻ്റ് കുത്തനെ ഉയർന്നേക്കാം.


Click it and Unblock the Notifications








