ഗ്രാൻഡ് വിറ്റാരയല്ല, ഹൈറൈഡറുമല്ല! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹൈബ്രിഡ് കാർ ഇതാണ്
സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ കാറുകൾ ഇന്ത്യയിൽ ജനകീയരാക്കിയവരാണ് മാരുതി സുസുക്കിയും ടൊയോട്ടയും. ഹോണ്ട സിറ്റിയിലൂടെ മറ്റൊരു ജാപ്പനീസ് ബ്രാൻഡും ഇതേ ടെക്നോളജി അവതരിപ്പിച്ചുവെങ്കിലും കൂടുതൽ പണമുണ്ടാക്കുന്നത് ആദ്യം പറഞ്ഞ കമ്പനികളാണ്. ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ എന്നീ രണ്ട് മോഡലുകളിലൂടെ മാരുതിയും അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ് എന്നിവയിലൂടെ ടൊയോട്ടയും വെന്നിക്കൊടി പാറിക്കുകയാണ്. എന്നാൽ 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹൈബ്രിഡ് കാർ എന്ന പദവി സ്വന്തമാക്കിയത് ഏത് മോഡലാണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?
പലരും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ അല്ലെങ്കിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നോ ആയിരിക്കും. പക്ഷേ ഇതൊന്നുമല്ല, ഏകദേശം 41 ലക്ഷം രൂപ ഓൺ-റോഡ് വില വരുന്ന ഇന്നോവ ഹൈക്രോസാണ് പോയ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹൈബ്രിഡ് കാർ. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ എംപിവിയുടെ 62,586 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.

അതേസമയം ഹൈബ്രിഡ് സെഗ്മെന്റിൽ 50.7 ശതമാനം വിപണി വിഹിതവും ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കുകയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട ഓരോ രണ്ട് ഹൈബ്രിഡ് കാറുകളിലും ഒന്ന് ഇന്നോവ ഹൈക്രോസ് ആയിരുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. മോഡലിന്റെ കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ, മൂന്ന്-വരി സീറ്റിംഗ് കപ്പാസിറ്റി, പ്രീമിയം പൊസിഷനിംഗ് എന്നിവ ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്.
ഒപ്പം ഫുള്ളി ഇലക്ട്രിക് കാറുകൾക്ക് കൈ കൊടുക്കാതെ പലരും ഇന്നോവ കാരണമാണ് സ്ട്രോംഗ് ഹൈബ്രിഡിലേക്ക് എത്തുന്നത്. അടുത്തിടെ ഹൈക്രോസ് 2 ലക്ഷം യൂണിറ്റ് വിൽപ്പനയും ഇന്ത്യയിൽ പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ 19.15 ലക്ഷം മുതൽ 32.38 ലക്ഷം രൂപ വരെയാണ് ടൊയോട്ടയുടെ 8 സീറ്റർ എംപിവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഒപ്പം 7-സീറ്റർ കോൺഫിഗറേഷനിലും ഹൈക്രോസ് തെരഞ്ഞെടുക്കാനാവുന്നതാണ്.

ഡീസൽ എഞ്ചിനോട് പൂർണമായും വിട പറഞ്ഞ് ടൊയോട്ട ഇന്നോവ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലേക്ക് ചേക്കേറുമ്പോൾ വലിയ വിജയം ഉണ്ടാവില്ലെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാൽ അത്തരം ആശങ്കകളെല്ലാം തച്ചുടച്ചാണ് ഇന്നോവ ഹൈക്രോസ് വിൽപ്പനയിൽ മാജിക് തുടരുന്നത്. സ്വയം ചാർജ് ചെയ്യുന്ന ഹൈബ്രിഡ് സിസ്റ്റം മോഡലിന് അനുകൂലമായി പ്രവർത്തിച്ച കാഴ്ച്ച ടൊയോട്ടയെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
2.0 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്നോവ ഹൈക്രോസ് വിപണനത്തിന് എത്തുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എംപിവിയിലെ ആദയത്തെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 173 bhp കരുത്തിൽ പരമവധി 209 Nm ടോർക്ക് നൽകുമ്പോൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ 188 Nm ടോർക്ക് വരെ വികസിപ്പിക്കും.

ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വാങ്ങാനാവുകയെന്നത്. ഇൻ്റീരിയറിലേക്ക് കയറിയാലും വലിയൊരു പ്രീമിയം എംപിവി പോലെ തോന്നിക്കുന്ന വിധത്തിലുള്ള രൂപകൽപ്പന ഏവർക്കും പെരുത്തിഷ്ടാണ്.
10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റെ ക്ലസ്റ്റർ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളെല്ലാം ഇതിലുണ്ട്.


Click it and Unblock the Notifications