പേര് പോലെ വിൽപ്പനയും 'ഹൈ'; 23 KM മൈലേജുള്ള 8 സീറ്റർ എംപിവി ഇതുവരെ വാങ്ങിയത് 2 ലക്ഷം മനുഷ്യർ
ഹേറ്റേഴ്‌സില്ലാത്തൊരു കാർ പറയാൻ പറഞ്ഞാൽ പലരും ആദ്യം പറയുന്നത് ടൊയോട്ട ഇന്നോവയും (Toyota Innova MPV) പേരാവും. മൂന്ന് തലമുറ ആവർത്തനത്തിൽ പുറത്തിറങ്ങിയിട്ടും ആരാധകവൃന്ദം കൂടുന്നതല്ലാതെ യാതൊരു കുറവും സംഭവിച്ചിട്ടില്ല. വില എത്രത്തോളം കൂടിയാലും ആളുകൾ വാങ്ങാനായി ഇടിച്ചുനിൽക്കുകയാണ്. ആദ്യത്തെ ഇന്നോവയും രണ്ടാമത്തെ ക്രിസ്റ്റയും മൂന്നാമനായ ഹൈക്രോസുമെല്ലാം ഇന്ത്യക്കാരുടെ മനസിൽ പ്രത്യേക സ്ഥാനമുള്ളവരാണെന്ന് തെളിയിക്കുന്നതാണ് അവയുടെ വിൽപ്പന കണക്കുകൾ. യാത്ര സുഖത്തിന്റെ കാര്യത്തിലായാലും റീസെയിൽ വാല്യുവിന്റെ കാര്യത്തിലായാലും ഇന്നോവയെ കടത്തിവെട്ടാൻ വേറൊരു 7-സീറ്റർ ഉണ്ടോയെന്ന് വരെ സംശയമാണ്.
ഇപ്പോഴിതാ വിൽപ്പനയുടെ കാര്യത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്ന മൂന്നാംതലമുറ മോഡൽ. 2022 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ പ്രീമിയം എംപിവി 2 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് മറികടന്നിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിലാണ് ഹൈക്രോസ് ഈ മാജിക് നമ്പറിൽ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉയർന്ന വിലയുണ്ടായിട്ട് പോലും ആളുകൾ ഇത്തരത്തിൽ വാങ്ങുന്നത് പല കമ്പനികളും അസൂയയോടെയാണ് നോക്കിക്കാണുന്നത്.

ഡീസൽ എഞ്ചിനോട് പൂർണമായും ഗുഡ്ബൈ പറഞ്ഞ് സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലേക്ക് ചേക്കേറുമ്പോൾ വലിയ വിജയം ഉണ്ടാവില്ലെന്ന് പലരും വിധിയെഴുതിയിരുന്നുവെങ്കിലും അത്തരം ആശങ്കകളെല്ലാം തച്ചുടച്ചാണ് ഇന്നോവ ഹൈക്രോസ് വിൽപ്പനയിൽ മാജിക് കാട്ടിയത്. സ്വയം ചാർജ് ചെയ്യുന്ന ഹൈബ്രിഡ് സിസ്റ്റം മോഡലിന് അനുകൂലമായി പ്രവർത്തിച്ച കാഴ്ച്ച ടൊയോട്ടയെ പോലും വിസ്മയിപ്പിക്കുന്നതായിരുന്നു.
2.0 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൃദയം. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 173 bhp കരുത്തിൽ പരമവധി 209 Nm ടോർക്ക് നൽകുമ്പോൾ മറുവശത്ത് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ 188 Nm ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വാങ്ങാനാവുക. വിശാലമായ 7-സീറ്റർ, 8- സീറ്റർ കോൺഫിഗറേഷനുകൾ, പ്രീമിയം ഫീച്ചറുകൾ എന്നിവ കാരണം ഹൈക്രോസ് ഇതിനകം തന്നെ ജനപ്രിയ ഫാമിലി കാറായി പേരെടുത്തിട്ടുണ്ട്.
മൂന്ന് വരിയിലും ന്യായം സ്പേസുള്ളതിനാൽ ആളുകൾക്ക് മടുപ്പില്ലാതെ യാത്ര ചെയ്യാനാവും. ഡിസൈനിലേക്ക് നോക്കിയാലും അടിപൊളിയാണ് കക്ഷി. ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നീ വൈവിധ്യമാർന്ന കളർ ഓപ്ഷനുകളിലാണ് ഹൈക്രോസ് വിപണനത്തിന് എത്തുന്നത്.

10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റെ ക്ലസ്റ്റർ എന്നീ മോഡേൺ ഫീച്ചറുകളുടെ സപ്പോർട്ടും ന്യൂജെൻ ഇന്നോവയിലുണ്ട്.
ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇന്നോവയിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം കമ്പനി ഒരുക്കുന്നത്. ഒപ്പം ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഇന്നോവ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടിയിട്ടുണ്ട്. പിന്നെ എംപിവിക്ക് 8 വർഷം വരെ വാറണ്ടിയും ടൊയോട്ട വാഗ്ദാനം ചെയ്യുമ്പോൾ എങ്ങനെ വാങ്ങാതിരിക്കും.


Click it and Unblock the Notifications








