ഹൈക്രോസ് അല്ല 'ഹൈ പ്രൈസ്' 23 KM മൈലേജുള്ള 8-സീറ്റർ ഇന്നോവയുടെ വില നിന്നനിൽപ്പിൽ കൂട്ടി ടൊയോട്ട
ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനമുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. ക്വാളീസിലൂടെ പടുത്തുയർത്ത ഇമേജ് ഇന്നോവ എത്തിയപ്പോഴേക്കും ഇരട്ടിയായി ഉയർന്നു. പിന്നെ ഫോർച്യൂണർ, എത്തിയോസ് എന്നിവയും കൂടിയായതോടെ സാധാരണക്കാർക്ക് മുതൽ പണക്കാർക്ക് വരെ ഒരേപോലെ ഇഷ്‌ടമുള്ള ബ്രാൻഡ് സെയിൽസിലും സർവീസിലും ഒരിക്കൽ പോലും പരാതി കേൾപ്പിച്ചിട്ടില്ലെന്നതാണ് രസകരമായ സംഗതി. കാർ വാങ്ങിക്കഴിഞ്ഞും കസ്റ്റമേഴ്‌സിനെ രാജാവിനെ പോലെ തന്നെയാണ് ടൊയോട്ട കൊണ്ടുനടക്കുന്നത്. മാരുതി സുസുക്കി കഴിഞ്ഞാൽ രാജ്യത്ത് ഇത്രയും ഗംഭീരമായ സർവീസ് സെൻ്ററുകളുള്ള മറ്റൊരു ബ്രാൻഡ് ഉണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാൽ ജനങ്ങളെ നിരാശരാക്കുന്നൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് കമ്പനിയിപ്പോൾ. പുതുവർഷം പിറന്നതോടെ വാഹന നിരയിൽ വില വർധനവ് നടപ്പിലാക്കുന്ന തിരക്കിലാണ് ടൊയോട്ടയും. ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ്, ഫോർച്യൂണർ ലെജൻഡർ ഉൾപ്പെടെയുള്ള മോഡലുകൾക്ക് വില ഗണ്യമായി വർധിപ്പിച്ചുകൊണ്ടാണ് ടൊയോട്ട ആളുകളെ സങ്കടത്തിലാക്കിയിരിക്കുന്നത്. പുത്തനൊരു ജാപ്പനീസ് കാർ വാങ്ങാൻ പദ്ധതിയിട്ടിരുന്നവരെല്ലാം ഇനി കൈയിൽ അധികം പണം കണ്ടത്തേണ്ട അവസ്ഥയിലാണ്.

ഇന്നോവ ഹൈക്രോസിൻ്റെ വിലയിൽ കാര്യമായ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്. ഒപ്പം ബേസ് മോഡൽ നിർത്തലാക്കാനും ടൊയോട്ട തീരുമാനിച്ചുവെന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഹൈക്രോസ് G വേരിയൻ്റാണ് കമ്പനി നിർത്തലാക്കിയിരിക്കുന്നത്. അതേസമയം GX(O) വേരിയൻ്റുകൾക്ക് ഇപ്പോൾ 31,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. എംപിവിയുടെ VX ട്രിമ്മിൽ ആരംഭിക്കുന്ന ഹൈക്രോസ് ഹൈബ്രിഡ് ശ്രേണിയുടെ വില ഏകദേശം 40,000 രൂപയാണ് കൂട്ടിയിരിക്കുന്നത്.
ടോപ്പ്-സ്പെക്ക് ഹൈക്രോസ് ZX(O) വേരിയൻ്റിന് മുമ്പത്തേക്കാൾ 48,000 രൂപ വില കൂടുതലാണിപ്പോൾ. 2026 ജനുവരിയിൽ ഏറ്റവും ഉയർന്ന വില വർധനവുള്ള വേരിയൻ്റാണിത് എന്നതും ശ്രദ്ധേയമാണ്. അങ്ങനെ ടൊയോട്ട ഇന്നോവ ഹൈക്രോസ് വാങ്ങാനിരിക്കുന്നവർ ഇനി മുതൽ 19.15 ലക്ഷം മുതൽ 32.38 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. വില കൂടിയെങ്കിലും ഇനിയും ആളുകളെ ഷോറൂമിലെത്തിക്കാൻ ടൊയോട്ടയ്ക്ക് സാധിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

വില കൂടിയെങ്കിലും പ്രീമിയം എംപിവിയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ നടപ്പിലാക്കിയിട്ടില്ല കേട്ടോ. 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് ഹൈക്രോസിന് തുടിപ്പേകാനായി എത്തുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 173 bhp പവറിൽ പരമവധി 209 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ മറുവശത്ത് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്കാണ് നൽകുന്നത്.
ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമാണ് വാങ്ങാനാവുക. വിശാലമായ 7-സീറ്റർ, 8- സീറ്റർ കോൺഫിഗറേഷനുകൾ, പ്രീമിയം ഫീച്ചറുകൾ എന്നിവ കാരണം ഹൈക്രോസ് ഇതിനകം തന്നെ ജനപ്രിയ ഫാമിലി കാറായി പേരെടുത്തിട്ടുണ്ട്.

പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം എംപിവിയിലേക്ക് മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ എക്കാലത്തേയും മിടുക്കനായ ഇന്നോവയാണ് ഹൈക്രോസ് എന്നതും ഏവരേയും ആകർഷിക്കുന്ന കാര്യമാണ്. 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം തുടങ്ങിയവയെല്ലാം ഹൈക്രോസിൽ ലഭ്യമാണ്.
തീർന്നില്ല, ഇതുകൂടാതെ ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റെ ക്ലസ്റ്റർ എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളും ഇന്നോവയുടെ മൂന്നാംതലമുറയിലുണ്ട്.
ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇന്നോവയിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം കമ്പനി ഒരുക്കുന്നത്. ഹൈബ്രിഡ് എഞ്ചിനുള്ളതിനാൽ ഹൈക്രോസിൻ്റെ ടോപ്പ് വേരിയൻ്റുകൾക്കാണ് ഉയർന്ന ഡിമാൻഡുള്ളത്. വില കൂടിയെങ്കിലും ഡിമാൻ്റിൽ ഇടിവൊന്നും ഉണ്ടാവാനുള്ള സാധ്യതയില്ല.


Click it and Unblock the Notifications








