ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന ടൊയോട്ടയിലേക്ക് പുതിയ മാറ്റം, ഇനി കക്കാൻ കുറച്ച് വിയർക്കും
ടൊയോട്ടയിൽ നിന്നും ഇന്ത്യക്കാർ കാത്തിരിക്കുന്ന മോഡലാണ് ലാൻഡ് ക്രൂയിസർ പ്രാഡോ. അങ്ങ് ഗൾഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലുമെല്ലാം ചെത്തിനടക്കുന്നത് കാണുമ്പോൾ മലയാളികൾക്ക് ഉൾപ്പടെയുള്ള പ്രവാസികൾ ഇവനെ നമ്മുടെ ഇന്ത്യൻ നിരത്തുകൾക്കും ലഭിച്ചിരുന്നുവെങ്കിൽ എന്ന് ആശിക്കാറുണ്ട്. എന്തായാലും പ്രാഡോ അവതരിപ്പിക്കാനുള്ള പദ്ധതികൾ ജാപ്പനീസ് വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. ഇതിനിടയിൽ പ്രാഡോയുടെ പിൻഗാമിയായ ലാൻഡ് ക്രൂയിസർ 250 പതിപ്പിലേക്ക് ചില പുത്തൻ പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. പുത്തൻ ഫീച്ചറുകൾ കൂട്ടിച്ചേർത്തുകൊണ്ടാണ് ഇത്തവണ എസ്‌യുവിയുടെ വരവ്.
ഇനി പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ 250 എസ്‌യുവിയിലേക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. എക്സ്റ്റീരിയർ ഏറെക്കുറെ മുമ്പത്തേതിന് സമാനമാണ്. എങ്കിലും ഒരു റെട്രോ ഫ്ലേവർ ഇഷ്ടപ്പെടുന്നവർക്കായി വൃത്താകൃതിയിലുള്ള ബൈ-ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് നേരത്തെ ലാൻഡ് ക്രൂയിസറിന്റെ ഫസ്റ്റ് എഡിഷൻ മോഡലിനൊപ്പം നൽകിയിരുന്ന ഫീച്ചറായിരുന്നു.

ലാൻഡ് ക്രൂയിസറിന്റെ 250 VX വേരിയന്റിൽ മാത്രമാണ് ഈ സവിശേഷത നൽകിയിരിക്കുന്നത്. മറ്റ് വകഭേദങ്ങൾ ദീർഘചതുരാകൃതിയിലുള്ള ട്രിപ്പിൾ-ബീം എൽഇഡികളിലാണ് തുടരുന്നത്. കൂടുതൽ ഫ്രഷ്നെസ് തോന്നിപ്പിക്കുവാനായി എസ്‌യുവിയിലേക്ക് പുത്തൻ കളർ ഓപ്ഷനുകളും ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. മുമ്പത്തെ ബ്ലാക്ക് നിറത്തിന് പകരമായി ഒരു പുതിയ ന്യൂട്രൽ ബ്ലാക്ക് കളർ ഓപ്ഷൻ ഇപ്പോൾ ലഭ്യമാണ്.
പ്ലാറ്റിനം വൈറ്റ് പേൾ മൈക്ക, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, സാന്റ് എന്നീ നിലവിലുള്ള കളർ ഓപ്ഷനുകൾ പഴയപടി തന്നെ തുടർന്നും വാങ്ങിക്കാനാവും. എക്സ്റ്റീരിയറിലെ മാറ്റങ്ങൾക്ക് പുറമെ ഇന്റീരിയറിലും കമ്പനി ചില നവീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ ഇപ്പോൾ അകത്തളത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്.

ലാൻഡ് ക്രൂയിസറിന്റെ 250 VX വേരിയന്റിൽ ടൊയോട്ട ടീമേറ്റ് അഡ്വാൻസ്ഡ് ഡ്രൈവ് സിസ്റ്റവും ചേർത്തിട്ടുണ്ട്. ട്രാഫിക് ജാം അസിസ്റ്റന്റ്, ലെയ്ൻ ചേഞ്ച് അസിസ്റ്റന്റ്, ഫോർവേഡ് ക്രോസ്-ട്രാഫിക് അലേർട്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുന്നത്. VX ട്രിമ്മിൽ ഇപ്പോൾ ഒരു എമർജൻസി സ്റ്റിയറിംഗ് ഫംഗ്ഷനും ഡ്രൈവറെ തുടർച്ചയായി നിരീക്ഷിക്കുന്ന ഒരു ക്യാമറയും ഉണ്ടെന്നത് സേഫ്റ്റിയുടെ ആശങ്ക അകറ്റും.
നിലവിൽ ജപ്പാനിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെടുന്ന വാഹനം ലാൻഡ് ക്രൂയിസർ 250 ആയതിനാൽ ആന്റി-തെഫ്റ്റ് ഫീച്ചറുകളും ടൊയോട്ട അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ മൊത്തം വാഹന മോഷണങ്ങളുടെ ഏകദേശം 30 ശതമാനവും ടൊയോട്ടയുടെ ഈ എസ്‌യുവിയാണ്. അപ്ഡേറ്റ് ചെയ്ത ആന്റി-തെഫ്റ്റ് ഫീച്ചറുകളിൽ കീ-ടു-കീ വെഹിക്കിൾ പ്രോക്സിമിറ്റി ഡിറ്റക്ഷൻ സിസ്റ്റം ഉൾപ്പെടുന്നു. എസ്‌യുവിയുടെ അടുത്ത് ഒരു താക്കോൽ ഇല്ലെങ്കിൽ ഇത് എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കില്ല.

ലാൻഡ് ക്രൂയിസറിനൊപ്പം ടൊയോട്ട ടി-കണക്റ്റ് മൈ സ്റ്റാർട്ട് ലോക്ക് സവിശേഷതയും ചേർത്തിട്ടുണ്ട്. ഇത് ഉടമകൾക്ക് എഞ്ചിൻ റിമോട്ട് വഴി പ്രവർത്തനരഹിതമാക്കാൻ സഹായകരമാവും. നിലവിൽ ലാൻഡ് ക്രൂയിസറിന്റെ പെട്രോൾ വേരിയന്റുകളിൽ മാത്രമേ ഈ അപ്‌ഡേറ്റുകൾ ലഭ്യമാകൂ എന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. 2026 ഡിസംബറിന് ശേഷം ഡീസൽ വേരിയന്റുകൾക്ക് ഈ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ടൊയോട്ട ലാൻഡ് ക്രൂയിസർ 250 നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തുടരും. 6 സൂപ്പർ ECT (6-സ്പീഡ് ഓട്ടോമാറ്റിക്) ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 2.7 ലിറ്റർ ഇൻലൈൻ-4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്. ഇതുകൂടാതെ ഡയറക്ട് ഷിഫ്റ്റ് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നുണ്ട്. ഫുൾടൈം 4WD, മൾട്ടി-ടെറൈൻ സെലക്ട്, ക്രാൾ കൺട്രോൾ ഓഫ്-റോഡ് സംവിധാനങ്ങളും ബേബി ലാൻഡ് ക്രൂയിസറിലുണ്ട്.


Click it and Unblock the Notifications








