വിശ്വസിച്ച് വാങ്ങിയ ടൊയോട്ട എസ്‌യുവിക്കും പണികിട്ടി, വേഗം തിരികെയെത്തിക്കാൻ അറിയിച്ച് കമ്പനി
എസ്‌യുവികളിലെ വല്യേട്ടൻ എന്നറിയപ്പെടുന്ന മോഡലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. ഇന്ത്യയിൽ ഏറ്റവും വിലയുള്ള ടൊയോട്ടയുടെ വാഹനമാണെങ്കിലും ഇവിടെ കൊണ്ടുവരുന്ന പരിമിതമായ യൂണിറ്റുകൾ വാങ്ങാൻ ആളുകൾ അടികൂടുന്നത് രസകരമായൊരു കാഴ്ച്ചയാണ്. ZX, GR-S എന്നീ രണ്ട് വ്യത്യസ്ത വേരിയന്റുകളിലെത്തുന്ന 2025 മോഡൽ ലാൻഡ് ക്രൂയിസർ 300 എസ്‌യുവിക്ക് 2.31 കോടി മുതൽ 2.41 കോടി രൂപ വരെ വില വരുമ്പോഴാണ് വാങ്ങിക്കൂട്ടാൻ ആളുകൾ ഷോറൂമിലേക്ക് ഓടിയെത്തുന്നത്. പലരുടേയും സ്വപ്‌നങ്ങൾക്ക് അതീതമായ എസ്‌യുവിയാണെങ്കിലും ആരാധകവൃന്ദത്തിന് യാതൊരു കുറവുമില്ലെന്ന് പറയുന്നതാവും ശരി.
ഇത്രയും വില കൊടുത്ത് വാങ്ങുന്ന എസ്‌യുവിക്ക് പക്ഷേ ചെറിയൊരു പണികിട്ടിയിരിക്കുകയാണ് കേട്ടോ. ഇന്ത്യയിൽ വിറ്റഴിച്ച ലാൻഡ് ക്രൂയിസർ 300 എസ്‌യുവിയുടെ 969 യൂണിറ്റുകളാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. നിർമാണ തകരാർ കാരണം 2024 സെപ്റ്റംബർ നാലിനും 2025 സെപ്റ്റംബർ 30-നും ഇടയിൽ നിർമിച്ച വാഹനങ്ങൾക്കാണ് ഈ തിരിച്ചുവിളിക്കൽ ബാധകമാകുക.

ട്രാൻസ്മിഷൻ കൺട്രോൾ സോഫ്റ്റ്‌വെയർ ഉൾപ്പെടുന്ന ഭാഗത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ലാൻഡ് ക്രൂയിസർ 300 എസ്‌യുവിയുടെ ഇത്രയധികം യൂണിറ്റുകൾ തിരികെവിളിച്ചിരിക്കുന്നത്. എസ്‌യുവിയുടെ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലെ ഗിയർ ഷിഫ്റ്റുകൾ കൈകാര്യം ചെയ്യുന്ന ട്രാൻസ്മിഷൻ കൺട്രോൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിലാണ് തകരാർ ബാധിച്ചിരിക്കുന്നത്. എന്തായാലും കംപ്ലയിൻ്റ് ഫ്രീയായി തന്നെ ടൊയോട്ട പരിഹരിച്ച് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലാൻഡ് ക്രൂയിസർ 300 മോഡലിലെ അതേ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന ലെക്സസ് LX എസ്‌യുവിയും സമാനമായ രീതിയിൽ തിരിച്ചുവിളിച്ചിട്ടുണ്ട്. കംപ്ലീറ്റ്ലി-ബിൽറ്റ് അപ്പ് യൂണിറ്റായി അതായത് പൂർണമായും വിദേശത്ത് നിർമിച്ചാണ് ലാൻഡ് ക്രൂയിസർ എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. 3.3 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനാണ് ടൊയോട്ടയുടെ ഫ്ലാഗ്ഷിപ്പ് മോഡലിന് തുടിപ്പേകാനായി എത്തിയിരിക്കുന്ത്.

10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫുൾ-ടൈം 4WD സിസ്റ്റവും സ്റ്റാൻഡേർഡായി ലഭിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 4,000 ആർപിഎമ്മിൽ പരമാവധി 304 bhp കരുത്തും 1,600-2,600 ആർപിഎമ്മിൽ 700 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിവുണ്ട്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ മോഡുലാർ TNGA-F പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ലാൻഡ് ക്രൂയിസർ 300 ഭാരം കുറഞ്ഞതും എന്നാൽ കർക്കശവുമായ ലാഡർ-ഫ്രെയിം ഷാസിയിലാണ് വരുന്നത്.
ലെതർ അപ്ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ഉയർന്ന ട്രിം ഡീറ്റെയിലിംഗ് എന്നിവയാൽ സമ്പന്നമായ എസ്‌യുവിയിൽ ഫീച്ചറുകളുടെ വലിയ നിരയും ഒരുക്കിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ സ്യൂട്ട് എന്നിവ സംയോജിപ്പിക്കുന്ന 31.24 സെന്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഡാഷ്ബോർഡിലെ സവശേഷതകൾ.

ഫോർ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഫ്രണ്ട് സീറ്റിന് മെമ്മറി ഫംഗ്ഷനോട് കൂടിയ 8-വേ പവർ-അഡ്ജസ്റ്റബിൾ സംവിധാനവുമുണ്ട്. റിയൽ-ടൈം വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ്, റിമോട്ട് ലോക്ക്/അൺലോക്ക് ഫംഗ്ഷനുകൾ, ലൈവ് ട്രാക്കിംഗ്, 14-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ഒന്നിലധികം USB പോർട്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയുടെ ഐ-കണക്റ്റ് ടെലിമാറ്റിക്സ് സിസ്റ്റവും എസ്‌യുവികളിലെ വല്യേട്ടന് അകമ്പടിയേകുന്നുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ പ്രീ-കൊളിഷൻ സിസ്റ്റം (PCS), ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ് (LTA), ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട് (LDA), ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ (DRCC) എന്നിവ ഉൾക്കൊള്ളുന്ന ടൊയോട്ട സേഫ്റ്റി സെൻസ് 3.0 എന്ന ADAS ടെക്കും പുത്തൻ ലാൻഡ് ക്രൂയിസറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ 10 SRS എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയും ടൊയോട്ട ലാൻഡ് ക്രൂയിസർ 300 എസ്‌യുവിയുടെ ഭാഗമാണ്.


Click it and Unblock the Notifications








