അടുത്തത് ഇന്ത്യ! മിനി ഫോർച്യൂണറിനെ മറ്റൊരു ഏഷ്യൻ രാജ്യത്ത് അവതരിപ്പിച്ച് ടൊയോട്ട; വില 36.40 ലക്ഷം
ടൊയോട്ടയിൽ (Toyota) നിന്നും പുത്തനൊരു എസ്‌യുവിയുടെ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. പുതിയ ഫോർച്യൂണറിനേക്കാൾ ഹൈപ്പ് കേറിയിരിക്കുന്ന ആ വാഹനം മറ്റേതുമല്ല, ലാൻഡ് ക്രൂയിസർ FJ എന്ന മോഡലാണ്. മിനി ഫോർച്യൂണർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സുന്ദരക്കുട്ടപ്പനെ എപ്പോൾ തങ്ങൾക്ക് തരുമെന്ന ചോദ്യം നിരന്തരമായി ജാപ്പനീസ് വാഹന നിർമാതാക്കളോട് ചോദിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യക്കാർ. അൽപം കാത്തിരുത്തിയാലും ഇന്ത്യയിൽ പുറത്തിറക്കുമെന്ന സ്ഥിരീകരണം കമ്പനിയിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നതാണ് ആശ്വാസം നൽകുന്ന കാര്യം. ഇതിനിടയിൽ ലാൻഡ് ക്രൂയിസർ FJ മറ്റൊരു ഏഷ്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്.
2026 ബാങ്കോക്ക് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ (BIMS) ലാൻഡ് ക്രൂയിസർ FJ തായ്‌ലൻഡിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആദ്യമായി പ്രിവ്യൂ ചെയ്ത ഈ പുതിയ എസ്‌യുവി ഈ മാസം അവസാനത്തോടെ അവിടെ വിൽപ്പനയ്‌ക്കെത്തും. 1.269 ദശലക്ഷം ബാത്ത് അതായത് 36.40 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന വിലയിലാണ് എസ്‌യുവി തായ്‌ലൻഡിൽ വിപണനത്തിന് എത്തിയിരിക്കുന്നത്.

ലാൻഡ് ക്രൂയിസർ FJ 4WD 2.7 വേരിയന്റിൽ മാത്രമേ തായ്‌ലൻഡിൽ ലഭ്യമാകൂ. സാധാരണ കാറുകളുടെ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ നിർമിക്കപ്പെടുന്ന മിക്ക കോംപാക്‌ട് എസ്‌യുവികളിൽ നിന്നും വ്യത്യസ്തമായി ലാൻഡ് ക്രൂയിസർ FJ ടൊയോട്ടയുടെ IMV0 ലാഡർ-ഫ്രെയിം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലും ആള് മിടുക്കനാണെന്ന കാര്യം ടൊയോട്ട ഉറപ്പുവരുത്തിയിട്ടുണ്ട്.
മിനി ഫോർച്യൂണറിന് 4,610 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,890 മില്ലീമീറ്റർ ഉയരവും 2,580 മില്ലിമീറ്റർ വീൽബേസും 215 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് നൽകിയിരിക്കുന്നത്. ഒരു ലാൻഡ് ക്രൂയിസറിന് യോഗ്യമായ വീൽ ആർട്ടിക്കുലേഷനും അപ്രോച്ച് ആംഗിളും ഉള്ള മികച്ച ഓഫ്-റോഡ് ശേഷിയും FJ മോഡലിനുണ്ട്. ഡിസൈനിലേക്ക് നോക്കിയാലും ആരേയും മോഹിപ്പിക്കുന്ന രീതിയിലാണ് എസ്‌യുവി ഒരുങ്ങിയിറങ്ങിയിരിക്കുന്നത്.

പഴയ FJ ക്രൂയിസറിനെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ ഇതിനോടകം വലിയ ഹിറ്റായിട്ടുണ്ട്. ദീർഘചതുരാകൃതിയിലുള്ള ഗ്രിൽ, വശങ്ങളിലായിസി-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, വൃത്താകൃതിയിലുള്ള റെട്രോ-സ്റ്റൈൽ ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണങ്ങൾ. വശക്കാഴ്ച്ചയിലേക്ക് വന്നാൽ സ്റ്റെപ്പ്ഡ് ഗ്ലാസ്ഹൗസും കട്ടിയുള്ള C-പില്ലറും ഇതിന് പരുക്കൻ ലുക്ക് സമ്മാനിക്കുന്നതായി കാണാം.
സൈഡ്-ഓപ്പണിംഗായിട്ടുള്ള ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഓവർഹാങ്ങുകൾ, സ്പെയർ വീൽ തുടങ്ങിയ ഘടകങ്ങളാണ് എസ്‌യുവിയുടെ പിന്നിലെ ആകർഷണം. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും മിനിമലിസ്റ്റിക്കും ഫ്യൂച്ചറിസ്റ്റിക്കുമായാണ് ടൊയോട്ട ഒരുക്കിയെടുത്തിരിക്കുന്നത്. 7 ഇഞ്ച് കളർ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയിലൂടെ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഉപഭോക്താക്കൾക്ക് ലഭിക്കും.

ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, PM2.5 ഫിൽട്രേഷൻ സജ്ജീകരണമുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കറുത്ത സിന്തറ്റിക് ലെതർ അപ്ഹോൾസ്റ്ററി, എട്ട് തരത്തിൽ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, നാല്-വേ മാനുവൽ പാസഞ്ചർ സീറ്റ്, മൂന്ന് യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ എന്നിവയാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ FJ എസ്‌യുവിയുടെ മറ്റ് ശ്രദ്ധേയമായ ഉപകരണങ്ങൾ. തായ്‌ലൻഡ് മോഡലിന് കരുത്ത് പകരുന്നത് പരിചിതമായ 2TR-FE 2.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്.
ഫോർച്യൂണറിന് സമാനമായ ഈ ഫോർ സിലിണ്ടർ എഞ്ചിന് 5,200 ആർപിഎമ്മിൽ 166 bhp കരുത്തും 4,000 ആർപിഎമ്മിൽ 245 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. തുടർച്ചയായ ഷിഫ്റ്റ് ഫംഗ്ഷനോടുകൂടിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. മെക്കാനിക്കൽ പാക്കേജിലാണ് ലാൻഡ് ക്രൂയിസർ FJ സാധാരണ മിഡ്-സൈസ് എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമാവുന്നത്.
പാർട്ട് ടൈം ഫോർ-വീൽ-ഡ്രൈവ് സജ്ജീകരണവും ഹൈലക്സിൽ നിന്ന് കടമെടുത്ത കൺട്രോൾ ഹാർഡ്‌വെയറുള്ള ലോ-റേഞ്ച് ട്രാൻസ്ഫർ കേസും ഇതിലുണ്ട്. ടൊയോട്ട ലാൻഡ് ക്രൂയിസർ FJ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. എസ്‌യുവി വലിയതോതിൽ പ്രാദേശികവൽക്കരിക്കപ്പെടുന്നതിനാൽ ഇതിന് വില ഏകദേശം 30 ലക്ഷം രൂപയിൽ നിന്നായിരിക്കും ആരംഭിക്കുകയെന്നാണ് അനുമാനം.


Click it and Unblock the Notifications








