ഡീസൽ അല്ല, 500 കി.മീ. റേഞ്ചുള്ള പുതിയ ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കാൻ ടൊയോട്ട
ഇന്നോവ, ഫോർച്യൂണർ, ക്വാളിസ്, എത്തിയോസ് എന്നിങ്ങനെ ഒരുപാട് ഡീസൽ എഞ്ചിൻ കാറുകളിലൂടെ ഇന്ത്യക്കാരുടെ മനസിളക്കിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. നിലവിൽ ചെറുകാർ നിരയിൽ നിന്നും ഡീസൽ എഞ്ചിനുകൾ ഒഴിവാക്കിയ കമ്പനി ഇപ്പോൾ ഇന്നോവ ക്രിസ്റ്റയിൽ മാത്രമാണ് ഡീസൽ എഞ്ചിൻ ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്നുള്ളൂ. 2027-ൽ ക്രിസ്റ്റ പടിയിറങ്ങുന്നതോടെ ഓയിൽ ബർണർ എഞ്ചിനുകൾ ടൊയോട്ടയുടെ നിരയിൽ നിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമാവുകയും ചെയ്യും. ബാറ്ററി വാഹനങ്ങളിൽ പന്തയം വെക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിൻ്റെ ഭാഗമായി പുതിയ ബാറ്ററി ഇലക്ട്രിക് കാർ അവതരിപ്പിക്കും.
ഇന്ത്യൻ വിപണിയിലേക്ക് എത്താനിരിക്കുന്ന അർബൻ ക്രൂയിസർ ഇവിയുടെ ഔദ്യോഗിക ടീസർ പങ്കുവെച്ച് ആകാംക്ഷയുയർത്തുകയാണ് ടൊയോട്ട ഇപ്പോൾ. ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇവിയായിരിക്കും ഇത്. കൂടാതെ ബ്രാൻഡിൻ്റെ ആഗോള ഇലക്ട്രിക് വാഹന നിരയിൽ bZ4X മോഡലിന് താഴെയായും ഈ ഇലക്ട്രിക് എസ്‌യുവി സ്ഥാനം പിടിച്ചിരിക്കും. ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാരയുമായി അർബൻ ക്രൂയിസറിന് അടുത്ത ബന്ധമുണ്ടെന്നതും കാഴ്ച്ചക്കാരെ അമ്പരപ്പിച്ചേക്കും.

ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിന് അന്താരാഷ്ട്ര പതിപ്പിൽ നിന്ന് ഏറെ വ്യത്യസ്തമാവുന്ന നിരവധി ശ്രദ്ധേയമായ ദൃശ്യ വിശദാംശങ്ങളുണ്ടെന്ന് ടീസർ വെളിപ്പെടുത്തുന്നുണ്ട്. മുന്നിൽ എസ്‌യുവിക്ക് എൽഇഡി ഡിആർഎല്ലുകളുള്ള സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകളാണ് ഇവിടെ ലഭിക്കുക. പക്ഷേ ആഗോള മോഡലിൽ നിലവിലുള്ള ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ ഇവിടെ ദൃശ്യമാവുന്നില്ല. ഫ്രണ്ട് ഫെൻഡറിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു BEV ബാഡ്ജ് ചാർജിംഗ് പോർട്ടിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നു.
ടൊയോട്ട അർബൻ ക്രൂയിസർ ഇവിയുടെ വശങ്ങളിലേക്ക് നോക്കുമ്പോൾ രൂപഘടന മാരുതി സുസുക്കി ഇ വിറ്റാരയോട് ഏതാണ്ട് സമാനമായി കാണപ്പെടുന്നു. സുസുക്കിയുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുകയാണ് ഇതിലൂടെ ടൊയോട്ട ഉദ്ദേശിക്കുന്നത്. ഇ വിറ്റാരയുടെ അതേ ഹാർട്ടെക്റ്റ് ഇ ആർക്കിടെക്ചർ പങ്കിടുന്ന സുസുക്കിയുടെ ഗുജറാത്തിലെ പ്ലാൻ്റിലാണ് അർബൻ ക്രൂയിസർ ഇവിയും നിർമിക്കുക.

അതായത് രണ്ട് എസ്‌യുവികളും പൊതുവായ ഘടകങ്ങൾ, സിസ്റ്റങ്ങൾ, ബാറ്ററി ലേഔട്ടുകൾ എന്നിവ ഉപയോഗിക്കുമെന്ന് സാരം. ഇത് ടൊയോട്ടയെ ചെലവ് നിയന്ത്രിക്കാനും ഇവിയുടെ നിർമാണം വേഗത്തിലാക്കാനും സഹായിക്കും. ഇ വിറ്റാര ഉടൻ വിൽപ്പനയ്‌ക്കെത്താനിരിക്കെ ടൊയോട്ടയുടെ ഇലക്ട്രിക് എസ്‌യുവി അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ആഗോളതലത്തിൽ അർബൻ ക്രൂയിസർ BEV 49 kWh, 61.1 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.
പെർഫോമൻസ് കണക്കുകളിൽ 172 bhp പവറിൽ 192 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് വിപണനത്തിന് എത്തുന്നത്. ഇ വിറ്റാരയെപ്പോലെ സിംഗിൾ ചാർജിൽ അർബൻ ക്രൂയിസർ ഇവിയുടെ 49 kWh ബാറ്ററി പായ്ക്ക് മോഡലിന് 550 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും. ആധുനിക ടൊയോട്ട ഇലക്ട്രിക് വാഹനങ്ങളെപ്പോലെ വെഹിക്കിൾ ഡാറ്റ, ചാർജിംഗ് സ്റ്റാറ്റസ്, റിമോട്ട് ഫംഗ്ഷനുകൾ എന്നിവ നൽകുന്ന ടി ഇൻ്റച്ച് കണക്റ്റഡ് ടെക്‌നോളജി സ്യൂട്ടും വാഹനത്തിലുണ്ടാവും.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS പാക്കേജ് എന്നിവയായിരിക്കും ടൊയോട്ടയുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയിലുണ്ടാവാൻ പോവുന്ന മറ്റ് പ്രധാന ഫീച്ചറുകൾ.
മൊത്തത്തിലുള്ള വലിപ്പത്തിൻ്റെ കാര്യത്തിലേക്ക് വന്നാൽ ഇലക്ട്രിക് എസ്‌യുവിക്ക് 4,285 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,640 മില്ലീമീറ്റർ ഉയരവുമുണ്ടാവും. അതേസമയം 2,700 മില്ലീമീറ്റർ വീൽബേസാണ് ടൊയോട്ട അർബൻ ക്രൂസിയർ ഇവിയിൽ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യയും കുത്തിനിറച്ചെത്തുന്ന മോഡൽ ഡീസൽ മോഡലുകൾക്ക് പകരക്കാരനാവുമോയെന്നത് കണ്ടറിയണം.


Click it and Unblock the Notifications








