ക്രെറ്റ ഇവിയെ ചവിട്ടി പുറത്താക്കാൻ വന്ന ടൊയോട്ടയുടെ ഇലക്‌ട്രിക് സുന്ദരി; മാറ്റുരച്ച് നോക്കിയാലോ?
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന യുദ്ധക്കളത്തിലേക്ക് സാക്ഷാൽ ടൊയോട്ടയും എത്തിയിരിക്കുകയാണ്. മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി നിരയിലേക്ക് ഹ്യുണ്ടായി ക്രെറ്റ ഇവി പോലുള്ള വമ്പൻമാരുമായി മത്സരിക്കാനായി കൊണ്ടുവന്നിരിക്കുന്നത് ഇബെല്ല എന്ന മോഡലിനെയാണ്. എല്ലാവർക്കും ഇതിനോടകം തന്നെ അറിയാവുന്നത് പോലെ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാറായ ഇവിറ്റാരയുടെ റീബാഡ്‌ജ് പതിപ്പാണ് ഇബെല്ല. 2026 ജനുവരി 20 മുതൽ ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന ഇവിക്കായുള്ള വില മാത്രമാണ് ഇനി അറിയാനുള്ളത്. അതുകൂടി അടിപൊളിയാക്കാൻ ടൊയോട്ടയ്ക്ക് സാധിച്ചാൽ ബാറ്ററി വണ്ടി ഹിറ്റടിക്കുമെന്ന കാര്യം ഉറപ്പാണ്.
ഹ്യുണ്ടായി 2025 ജനുവരിയിൽ പുറത്തിറക്കിയ ക്രെറ്റ ഇലക്ട്രിക്കിനെ വെല്ലാൻ ഇബെല്ലയ്ക്ക് സാധിക്കുമോയെന്നത് ഏവർക്കും അറിയാൻ ആകാംക്ഷയുണ്ടായിരിക്കും. അതറിയാൻ ടൊയോട്ടയുടെ ഇലക്ട്രിക് എസ്‌യുവിയും ഹ്യുണ്ടായിയുടെ ഇവിയും തമ്മിൽ ഒന്ന് മാറ്റുരയ്ച്ച് നോക്കിയാലോ? ഡിസൈനും ഫീച്ചറുകളും ബാറ്ററിയും റേഞ്ചും അങ്ങനെ എല്ലാക്കാര്യങ്ങളും നമുക്ക് വിശദമായി തന്നെ നോക്കാം. വാങ്ങാൻ പ്ലാനുണ്ടേൽ ഇതിൽ ഏത് വാങ്ങണമെന്ന കൺഫ്യൂഷനും ഇതോടെ അവസാനിപ്പിക്കാം.

ഡിസൈൻ
ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ല ഒരു സമർപ്പിത ഇലക്ട്രിക് ആർക്കിടെക്ച്ചറിൽ നിർമിച്ച വാഹനമാണ്. ഹാമർഹെഡ്-സ്റ്റൈൽ ഫ്രണ്ട് ഫാസിയ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എയറോ ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകൾ, ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽലാമ്പ് എന്നിവയുൾപ്പെടെ ഇതിൻ്റെ ഡിസൈൻ വൃത്തിയുള്ളതും മോഡേണുമാണ്. അതിനാൽ ആദ്യ കാഴ്ച്ചയിൽ ആർക്കും അങ്ങനെ കുറ്റംപറയാനൊന്നും കഴിയില്ല.
ഇനി ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ ഏവർക്കും പരിചിതമായ രൂപവുമായി വരുന്നതിനാൽ കാര്യങ്ങൾ വളരെ സിമ്പിളാണ്. ഹ്യുണ്ടായിയുടെ പിക്സൽ ഡിസൈൻ ഘടകങ്ങൾ, ഇൻ്റഗ്രേറ്റഡ് ചാർജിംഗ് പോർട്ടുള്ള ക്ലോസ്-ഓഫ് ഗ്രിൽ, ബമ്പറുകളിലെ പിക്സലേറ്റഡ് ഡീറ്റെയിലുകൾ, 17 ഇഞ്ച് എയറോ അലോയ് വീലുകൾ,. ആക്റ്റീവ് എയർ ഫ്ലാപ്പുകൾ എന്നിവയെല്ലാം എസ്‌യുവിക്ക് വല്ലാത്തൊരു ചേലാണ് സമ്മാനിക്കുന്നത്. കണ്ട് ശീലിച്ചിട്ടില്ലാത്ത രൂപമുള്ള ഇലക്ട്രിക് കാറാണ് നോക്കുന്നതെങ്കിൽ ടൊയോട്ട ഇബെല്ല തന്നെ വാങ്ങാം. അല്ലെങ്കിൽ ക്രെറ്റ ഇവി തന്നെയാവും നല്ലത്.

ഇൻ്റീരിയറും ഫീച്ചറുകളും
ടൊയോട്ട ഇബെല്ല ഇലക്ട്രിക് എസ്‌യുവിയുടെ കാര്യത്തിലേക്ക് വന്നാൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഉള്ള ഒരു ആധുനിക ഡ്യുവൽ സ്‌ക്രീൻ ലേഔട്ടാണ് ഇതിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ ഉപയോഗിച്ചിരിക്കുനന്ത്. പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ഫ്ലാറ്റ്-ഫ്ലോർ ഇവി പ്ലാറ്റ്‌ഫോം സാധ്യമാക്കുന്ന ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ എന്നിവയും ടൊയോട്ടയുടെ ഇവിയിലെ ഹൈലൈറ്റുകളാണ്
ക്രെറ്റ ഇലക്ട്രിക് സ്റ്റാൻഡേർഡ് ക്രെറ്റയുടെ കൂടുതൽ പ്രീമിയം പതിപ്പാണെന്ന് പറാം. ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, അയോണിക് 5 ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റീഡിസൈൻ ചെയ്ത സ്റ്റിയറിംഗ് വീൽ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സിറ്റി ഫ്രണ്ട്ലിയാക്കുവാനായി ഇവിയിൽ ഐ-പെഡൽ സാങ്കേതികവിദ്യയും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.

സേഫ്റ്റി
സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് രണ്ട് ഇലക്ട്രിക് എസ്‌യുവികളും പണികഴിപ്പിച്ചിരിക്കുന്നത്. ടൊയോട്ട ഇബെല്ലയിൽ 7 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, 360-ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ലെവൽ-2 ADAS സ്യൂട്ടും ഇബെല്ലയിൽ ഒരുക്കിയിട്ടുണ്ട്.
ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സവിശേഷതകൾ, 360 ഡിഗ്രി ക്യാമറ, ഡിജിറ്റൽ കീ എന്നിവയുൾപ്പെടെ സമഗ്രമായ സുരക്ഷാ പാക്കേജ് ക്രെറ്റ ഇലക്ട്രിക്കിലും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ രണ്ട് ഇലക്ട്രിക് എസ്‌യുവികളും യാതൊരു ആശങ്കളും കൂടാതെ വാങ്ങി മുറ്റത്തിടാം. 2 മോഡലുകളും ക്രാഷ് ടെസ്റ്റിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ബാറ്ററി പായ്ക്ക്
റേഞ്ചും പെർഫോമൻസും സന്തുലിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഒന്നിലധികം ബാറ്ററി ഓപ്ഷനുകൾ രണ്ട് എസ്‌യുവികളും വാഗ്ദാനം ചെയ്യുന്നു. ടൊയോട്ടയുടെ ഇബെല്ലയ്ക്ക് അൽപ്പം ഉയർന്ന റേഞ്ച് കണക്കുകൾ പേപ്പറിൽ ലഭിക്കുമ്പോൾ ഹ്യുണ്ടായി ശക്തമായ ടോർക്ക് ഔട്ട്‌പുട്ടിലും ദൈനംദിന ഉപയോഗക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ട് ഇലക്ട്രിക് വാഹനങ്ങളും എസി, ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
8 വർഷത്തെ ബാറ്ററി വാറണ്ടി, ഉറപ്പായ ബൈബാക്ക്, ദീർഘകാല ആശങ്കകൾ ലഘൂകരിക്കുന്നതിനായി ബാറ്ററി-ആസ്-എ-സർവീസ് പ്ലാനുകൾ ടൊയോട്ടയിൽ ലഭിക്കുന്നുണ്ടെന്നത് മേൽകൈ നൽകും. പുതിയ ടൊയോട്ട ഇവിയിൽ സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 49 kWh, 61kWh എന്നിങ്ങനെ രണ്ട് LFP ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കൊടുത്തിരിക്കുന്നത്. ഇതിൽ ആദ്യത്തെ ചെറിയ യൂണിറ്റ് 142 bhp കരുത്തിൽ പരമാവധി 189 Nm ടോർക്ക് ഉത്പാദിപ്പിക്കും.
വലിയ ബാറ്ററി വകഭേദങ്ങൾ 172 bhp പവറിൽ 189 Nm ടോർക്കാണ് നൽകുക. ഒറ്റ ചാർജിൽ 543 കിലോമീറ്റർ ദൂരം വരെ ഇബെല്ല ഇവിക്ക് സഞ്ചരിക്കാൻ കഴിയുമെന്നാണ് കാർ നിർമ്മാതാവ് അവകാശപ്പെടുന്നു. അതേസമയം 42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി ഓപഷനുകളാണ് ഹ്യുണ്ടായി ക്രെറ്റ ഇവിയിലുള്ളത്. ചെറിയ ബാറ്ററി സിംഗിൾ ചാർജിൽ 390 കിലോമീറ്റർ വരെ റേഞ്ച് നൽകും.
അതേസമയം ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്‌യുവിയുടെ 51.4 kWh ബാറ്ററി വേരിയൻ്റുകൾക്ക് ഫുൾ ചാർജിൽ 473 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യാനാവുക. ചെറിയ ബാറ്ററി മോഡലുകൾക്ക് 135 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമ്പോൾ വലുത് 171 bhp പവർ വരെ നിർമിക്കാൻ ശേഷിയുള്ള സിംഗിൾ-മോട്ടോർ സജ്ജീകരണവുമായിട്ടാണ് വരുന്നത്. ഇബെല്ലയുടെ വില കൂടി പ്രഖ്യാപിക്കുമ്പോൾ മത്സരം എത്രമാത്രം മുറുകുമെന്ന് അറിയാം.


Click it and Unblock the Notifications








