ഹൈബ്രിഡ് എസ്‌യുവിക്ക് 1 ലക്ഷത്തിൻ്റെ ഓഫറും 2.20 ലക്ഷം KM വാറണ്ടിയും തരാമെന്ന് ടൊയോട്ട, വാങ്ങിയാലോ?
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ജാപ്പനീസ് ബ്രാൻഡായ ടൊയോട്ടയും ഒന്നിച്ചപ്പോൾ പിറന്ന മിടുക്കൻ മിഡ്-സൈസ് എസ്‌യുവിയാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. അതേ മാരുതി ഗ്രാൻഡ് വിറ്റാരയുടെ അപരൻ എന്ന് പലരും സ്നേഹത്തോടെ വിളിക്കുന്ന ഹൈബ്രിഡ് സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ന് ടൊയോട്ടയ്ക്കായി ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന മോഡൽ കൂടിയാണ്. മാത്രമല്ല വാങ്ങിയവരാരും ഇതുവരെ കാര്യമായി കുറ്റം പറയാതെ തലവേദനയൊന്നുമില്ലാതെ കൊണ്ടുനടക്കാൻ പറ്റിയ എസ്‌യുവി കൂടിയാണ് ഹൈറൈഡർ. മൈലേജിലായാലും മെയിൻ്റനെൻസിലായാലും ആശാൻ പോക്കറ്റ് ഫ്രണ്ട്ലിയാണ്.
ഇപ്പോഴിതാ 5-സീറ്റർ മിഡ്-സൈസ് എസ്‌യുവിയുടെ തുടർച്ചയായ വിജയം ആഘോഷിക്കുന്നതിനായി ഈ മാസം നീണ്ടുനിൽക്കുന്ന "ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മന്ത്" എന്ന ക്യാമ്പയിൻ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. 2026 ഫെബ്രുവരി 16 മുതൽ മാർച്ച് അവസാനം വരെ നടക്കുന്ന ക്യാമ്പയിനിലൂടെ ആളുകൾക്ക് വലിയ ആനുകൂല്യങ്ങളോടെ വാഹനം സ്വന്തമാക്കാൻ അവസരം ലഭിക്കും.

എൻസിആർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു ആൻഡ് കശ്മീർ എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മന്ത് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയിലുടനീളം ബാധകമായ ഈ കാമ്പെയ്‌ൻ, ആകർഷകവും എക്‌സ്‌ക്ലൂസീവ് മൂല്യാധിഷ്ഠിതവുമായ ആനുകൂല്യങ്ങളാൽ പൂരകമാകുന്ന തരത്തിൽ ഇമ്മേഴ്‌സീവ് ടെസ്റ്റ്-ഡ്രൈവ് അനുഭവങ്ങളിലൂടെ ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കൂടാതെ ഈ ക്യാമ്പയിൻ കാലയളവിൽ ഉപഭോക്താക്കൾക്ക് 3 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറണ്ടിയും അതുമല്ലെങ്കിൽ 5 വർഷം അല്ലെങ്കിൽ 2.20 ലക്ഷം കിലോമീറ്റർ വരെ നീട്ടാവുന്ന എക്സ്റ്റൻഡഡ് വാറണ്ടിയും, 8 വർഷത്തെ/160,000 കിലോമീറ്റർ ഹൈബ്രിഡ് ബാറ്ററി വാറണ്ടിയും 1 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മന്തിൻ്റെ പ്രത്യേകത.

2022-ൽ പുറത്തിറക്കിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വലിയ ആരാധകവൃന്ദത്തെ തന്നെ നേടിയെടുത്തിട്ടുണ്ട്. 10.94 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മിടുക്കൻ സാധാരണക്കാരൻ്റെ വരെ പോക്കറ്റിൽ ഒതുങ്ങുന്നതാണ്. വിപുലമായ ഉൽപ്പന്ന ശ്രേണിയും ശക്തമായ ഹൈബ്രിഡ് വേരിയന്റ് വിപണിയിലെത്തിച്ച ലാഭവും കാരണം ഈ മോഡൽ അടുത്തിടെ 2 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.
ഇന്നോവ സീരീസ്, ഫോർച്യൂണർ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിൽ ജാപ്പനീസ് നിർമാതാക്കളുടെ നിരയിൽ നിന്നും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനങ്ങളിൽ ഒന്നാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് കരുത്ത് പകരുന്നത് നൂതന ഇ-ഡ്രൈവ് ട്രാൻസ്മിഷനോടുകൂടിയ ഒരു സെൽഫ്-ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണ്. എഞ്ചിൻ ഷട്ട്-ഓഫ് ചെയ്‌താൽ 40 ശതമാനം ദൂരവും 60 ശതമാനം സമയവും വൈദ്യുതിയിൽ ഓടാൻ ഇതിന് കഴിയും.

ഇത് സുഗമവും ശാന്തവുമായ ഡ്രൈവിംഗും 27.97 കി.മീ/ലിറ്റർ ഇന്ധനക്ഷമതയും നൽകുന്നുവെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോളിന് പുറമെ NA പെട്രോൾ, സിഎൻജി എന്നീ എഞ്ചിൻ തരങ്ങളും അർബൻ ക്രൂയിസർ ഹൈറൈഡറിലുണ്ട്. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ 135 Nm torque ഉത്പാദിപ്പിക്കാനാവും.
ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് വികസിപ്പിക്കാനാവുക. സിഎൻജിയിൽ ഓടുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm ടോർക്ക് എന്നിങ്ങനെയായി പെർഫോമൻസ് കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിൻ്റെ സിഎൻജി മോഡലുകൾക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. ടൊയോട്ട എസ്‌യുവിക്കായി അടുത്തിടെ പുതിയൊരു ടെക് പാക്കേജും പുറത്തിറക്കിയിരുന്നു.
അർബൻ ക്രൂയിസർ ഹൈറൈഡർ ടെക് പാക്കേജിൽ ബ്രാൻഡിൻ്റെ ഔദ്യോഗിക ആക്‌സസറികളുടെ പട്ടികയിൽ നിന്നുള്ള ചില ഫീച്ചറുകളും സേഫ്റ്റി കിറ്റുമാണ് വന്നെത്തിയിരിക്കുന്നത്. ബേസ് മോഡൽ മുതൽ എല്ലാ ഹൈറൈഡർ വേരിയൻ്റുകളിലും ടെക് പാക്കേജ് ലഭ്യമാണെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഇതിനായി തെരഞ്ഞെടുക്കുന്ന വേരിയൻ്റിനേക്കാൾ 29,499 രൂപ അധികമായി നൽകിയാൽ മതിയാവും.
ഓരോ വേരിയൻ്റിലും ലഭ്യമായ സവിശേഷതകൾ എന്തൊക്കെയാണെന്ന് പറഞ്ഞുതരാം. ടെക് പാക്കേജ് ഒരു കസ്റ്റമൈസബിൾ ആംബിയൻ്റ് ലൈറ്റിംഗ് സിസ്റ്റം, ഫ്രണ്ട് ഡാഷ് ക്യാം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD) എന്നീ ഗംഭീര ഫീച്ചറുകളാണ് ലഭ്യമാക്കുന്നത്. ടോപ്പ്-സ്പെക്ക് ഹൈറൈഡർ V വേരിയൻ്റിൽ ഇതിനകം തന്നെ HUD, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയുണ്ട്. എന്തായാലും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വിൽപ്പനയുമായി കുതിക്കുകയാണിപ്പോൾ.


Click it and Unblock the Notifications








