ബേസ് മോഡലിൽ കൈവെക്കാതെ സാധാരണക്കാർക്ക് ഒപ്പം നിന്ന് ടൊയോട്ട, ഈ വേരിയന്റുകൾക്ക് പുതിയ വില കൊടുക്കണം
രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് കുതിക്കുകയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ (Toyota Urban Cruiser Hyryder). മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമായി (Maruti Suzuki Grand Vitara) എല്ലാക്കാര്യങ്ങളും പങ്കിടുന്ന മോഡലായിട്ട് പോലും ഇപ്പോൾ കൂടുതൽ ആളുകളും ഇഷ്‌ടപ്പെടുന്നത് ടൊയോട്ടയുടെ ബാഡ്‌ജ് വഹിക്കുന്ന ഹൈറൈഡറിനെയാണ്. നല്ല യാത്രാസുഖവും, നല്ല മൈലേജും പെർഫോമൻസുമുള്ള എഞ്ചിനുമെല്ലാം കൂടി ഒത്തുചേരുമ്പോൾ വാങ്ങിക്കാൻ എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. എന്നാൽ ഇനി വാങ്ങാനിരിക്കുന്നവരെ സങ്കടപ്പെടുത്തുന്ന വാർത്തയുമായാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ രംഗത്തുവന്നിരുന്നു.
ഏപ്രിൽ മുതൽ തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന കമ്പനി ഇപ്പോൾ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ പുതുക്കിയ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഫോർച്യൂണർ, ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഹൈലക്സ്, അർബൻ ക്രൂയിസർ ടൈസർ, ലാൻഡ് ക്രൂയിസർ എന്നിവയുൾപ്പെടെയുള്ള മോഡലുകളുടെ വിലയിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് മിഡ്-സൈസ് എസ്‌യുവിക്കും പുതിയ വിലകൾ ബാധകമാവുന്നത്.

ഹൈറൈഡറിന്റെ വിലയിൽ 5,000 രൂപ വരെ വർധനവ് ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് ഇത് ബാധകമാണെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. E 1.5 പെട്രോൾ മാനുവൽ, S 1.5 പെട്രോൾ മാനുവൽ, S 1.5 പെട്രോൾ ഓട്ടോമാറ്റിക്, S 1.5 സിഎൻജി മാനുവൽ, G 1.5 സിഎൻജി മാനുവൽ, V ഹൈബ്രിഡ് 1.5 e-CVT, V ഹൈബ്രിഡ് 1.5 e-CVT ഡ്യുവൽ-ടോൺ എന്നിവയുടെ വിലയിൽ മാറ്റമില്ല. ഈ വേരിയന്റുകൾ പഴയ വിലയ്ക്ക് തന്നെ സ്വന്തമാക്കാനാവുന്നതാണ്.
ടൊയോട്ട ഹൈറൈഡർ ശ്രേണിയിലെ മറ്റെല്ലാ വകഭേദങ്ങളുടെയും വിലയിൽ 5,000 രൂപ വീതം ഏകീകൃത വില വർധനവ് ഉണ്ടായിട്ടുണ്ട്. എൻട്രി ലെവൽ, ടോപ്പ്-സ്പെക്ക് വകഭേദങ്ങളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലാത്തതിനാൽ എസ്‌യുവിയുടെ എക്സ്ഷോറൂം വില ഇപ്പോഴും 10.99 ലക്ഷം രൂപ മുതൽ 20.19 ലക്ഷം രൂപ വരെയാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. വില വർധനവ് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഹൈറൈഡറിൽ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെൻ്റിൽ അടുത്തിടെ ടാറ്റ സിയറയും റെനോ ഡസ്റ്ററും പോലുള്ള എതിരാളികൾ എത്തിയിട്ടുള്ളതും ഇപ്പോൾ വില വർധനവ് നടപ്പിലാക്കിയതും വിൽപ്പനയെ ബാധിക്കുമോയെന്നത് കണ്ടറിയണം. എങ്കിലും ടൊയോട്ടയുടെ വിശ്വാസവും സർവീസ് മികവും മറ്റ് ബ്രാൻഡുകൾക്ക് അവകാശപ്പെടാനില്ലാത്തതിനാൽ ഹൈറൈഡറിന് അത്രമാത്രം പേടിക്കേണ്ട ആവശ്യമില്ലെന്ന് തന്നെ കരുതാം.
NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

രണ്ടാമത്തേത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് അവകാശപ്പെടുന്നത്. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്. ഇനി മൂന്നാമത്തെ സിഎൻജി പതിപ്പിലേക്ക് വന്നാൽ മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, ഫോർ സിലിണ്ടർ, K12C എഞ്ചിനാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്നത്.
സിഎൻജിയിൽ ഓടുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm ടോർക്ക് എന്നിങ്ങനെയായി പെർഫോമൻസ് കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിൻ്റെ സിഎൻജി മോഡലുകൾക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജ് ലഭിക്കും. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടാറ്റ സിയറ, ടാറ്റ കർവ്, റെനോ ഡസ്റ്റർ എന്നിവയോടാണ് ഹൈറൈഡർ മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications