ബേസ് വേരിയൻ്റിൽ വരെ ഡ്യാഷ് ക്യാമറയും ഹെഡ്-അപ്പ് ഡിസ്പ്ലേയും, 29,499 രൂപ മതി ഹൈറൈഡർ 'ഹൈ'യാക്കാം
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളും ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളും തമ്മിൽ കൈകോർത്തപ്പോൾ പിറവിയെടുത്ത മിഡ്-സൈസ് എസ്‌യുവിയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. ഗ്രാൻഡ് വിറ്റാരയുടെ അപരൻ എന്നാണ് പലരും വിശേഷിപ്പിക്കുന്നതെങ്കിലും ഇപ്പോൾ മിക്കമാസങ്ങളിലും മാരുതിയുടെ കാറിനേക്കാൾ കൂടുതൽ കച്ചോടവുമായി ആശാൻ കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെൻ്റിൽ അടുത്തിടെ ടാറ്റ സിയറയും റെനോ ഡസ്റ്ററും പുനരവതരിച്ചിരുന്നു. ഈ മത്സരത്തെ മറികടക്കുവാനായി തങ്ങളുടെ മോഡലിലേക്ക് ചെറിയ പരിഷ്ക്കാരവുമായി കടന്നുവന്നിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട (Toyota).
ടൊയോട്ട ഇന്ത്യ തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിക്കായി പുതിയൊരു ടെക് പാക്കേജ് പുറത്തിറക്കിയിരിക്കുകയാണ്. അർബൻ ക്രൂയിസർ ഹൈറൈഡർ ടെക് പാക്കേജിൽ ബ്രാൻഡിൻ്റെ ഔദ്യോഗിക ആക്‌സസറികളുടെ പട്ടികയിൽ നിന്നുള്ള ചില ഫീച്ചറുകളും സേഫ്റ്റി കിറ്റുമാണ് വന്നെത്തിയിരിക്കുന്നത്. ബേസ് മോഡൽ മുതൽ എല്ലാ ഹൈറൈഡർ വേരിയൻ്റുകളിലും ടെക് പാക്കേജ് ലഭ്യമാണെന്നതാണ് ഹൈലൈറ്റ്.

ഇതിനായി തെരഞ്ഞെടുക്കുന്ന വേരിയൻ്റിനേക്കാൾ 29,499 രൂപ അധികമായി നൽകിയാൽ മതിയാവുമെന്നാണ് ടൊയോട്ട കിർലോസ്ക്കർ മോട്ടോർ അറിയിച്ചിരിക്കുന്നത്. ഓരോ വേരിയൻ്റിലും ലഭ്യമായ സവിശേഷതകൾ എന്തൊക്കെയാണെന്ന് പറഞ്ഞുതരാം. ടെക് പാക്കേജ് ഒരു കസ്റ്റമൈസബിൾ ആംബിയൻ്റ് ലൈറ്റിംഗ് സിസ്റ്റം, ഫ്രണ്ട് ഡാഷ് ക്യാം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD) എന്നീ ഗംഭീര ഫീച്ചറുകളാണ് ലഭ്യമാക്കുന്നത്.
ടോപ്പ്-സ്പെക്ക് ഹൈറൈഡർ V വേരിയൻ്റിൽ ഇതിനകം തന്നെ HUD, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയുണ്ട്. ഹൈറൈഡറിൽ അവതരിപ്പിച്ചിരിക്കുന്ന ടെക് പാക്കേജിൽ മറ്റ് മാറ്റങ്ങളൊന്നുമില്ലെന്നതും രസകരമായ കാര്യമാണ്. പെട്രോൾ, ഹൈബ്രിഡ്, സിഎൻജി പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം മിഡ്-സൈസ് എസ്‌യുവി തുടർന്നും ലഭ്യമാവും. എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പെട്രോളിൽ AWD ഓപ്ഷൻ ഉണ്ടെന്നതും രസകരമായ സംഗതിയാണ്.

ടാറ്റ സിയറയുടെ എതിരാളിയുടെ വിലയിലേക്ക് 29,499 രൂപ കൂടി ചേർക്കുമ്പോൾ ഹൈറൈഡർ ടെക് പാക്കേജിൻ്റെ എക്സ്ഷോറൂം വില 11.24 ലക്ഷം രൂപയിൽ ആരംഭിച്ച് 20.05 ലക്ഷം രൂപ വരെ ഉയരുന്നു. അതേസമയം ഹൈറൈഡർ സിഎൻജി ടെക് പാക്കേജ് വേരിയൻ്റുകൾക്ക് 13.62 ലക്ഷം മുതൽ 15.58 ലക്ഷം രൂപ വരെയും ഓൾവീൽ ഡ്രൈവ് മോഡലുകൾക്ക് 18.58 ലക്ഷം മുതൽ 18.7 ലക്ഷം രൂപ വരെയുമാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്.
മുകളിൽ പറഞ്ഞതുപോലെ NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ തരങ്ങളും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സ്വന്തമാക്കാനാവും. ഇതിൽ ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

രണ്ടാമത്തേത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് വികസിപ്പിക്കാനാവുക. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്. ഇനി മൂന്നാമത്തെ സിഎൻജി പതിപ്പിലേക്ക് വന്നാൽ മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, ഫോർ സിലിണ്ടർ, K12C എഞ്ചിനാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്നത്.
സിഎൻജിയിൽ ഓടുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm ടോർക്ക് എന്നിങ്ങനെയായി പെർഫോമൻസ് കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിൻ്റെ സിഎൻജി മോഡലുകൾക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജാണ് നൽകാനാവുക. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടാറ്റ സിയറ, ടാറ്റ കർവ്, റെനോ ഡസ്റ്റർ എന്നിവയോടാണ് ഹൈറൈഡർ മത്സരിക്കുന്നത്.


Click it and Unblock the Notifications








