7.21 ലക്ഷത്തിൻ്റെ ടൊയോട്ട എസ്‌യുവിക്ക് കച്ചോടം കൂടി, 29 KM മൈലേജും 6 എയർബാഗും കിട്ടിയാൽ ആരേലും വിടുമോ
ക്വാളിസ്, ഇന്നോവ, ഫോച്യൂണർ, എത്തിയോസ് തുടങ്ങിയ ജനകീയ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവരായി മാറിയ വാഹന നിർമാതാക്കളാണ് ടൊയോട്ട. എന്നാൽ ചെറുകാർ നിരയിൽ നിന്നും പടിയിറങ്ങിപ്പോയ കമ്പനി പിന്നീട് തിരിച്ചെത്തിയത് മാരുതി സുസുക്കിയുടെ ബജറ്റ് മോഡലുകളെ റീബാഡ്‌ജ് ചെയ്‌തുകൊണ്ടാണ്. തുടക്കത്തിൽ കല്ലുകടിയുണ്ടായെങ്കിലും പിന്നീട് ആളുകൾ കാര്യം മനസിലാക്കി ടൊയോട്ടയോടൊപ്പം കൂടി. ബലേനോ ഗ്ലാൻസയായും ഫ്രോങ്ക്സ് ടൈസറായും എർട്ടിഗ റൂമിയോണായും ഇപ്പോൾ പൊടിപൊടിക്കുകയാണ് കച്ചോടം. ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2025 ഡിസംബർ മാസം 34,159 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ടൊയോട്ട ടൈസറിൻ്റെ കച്ചോടമായിരുന്നു. ഡിസംബറിൽ സബ്-4 മീറ്റർ എസ്‌യുവിക്ക് മൊത്തം 4,457 യൂണിറ്റ് വിൽപ്പനയാണ് നേടാനായത്. കഴിഞ്ഞ 2024 ഡിസംബറിലെ 2,628 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് ഒരു വർഷത്തിനിപ്പുറം 70 ശതമാനം വാർഷിക വളർച്ചയാണ് മോഡലിന് നേടിയെടുക്കാനായിരിക്കുന്നത്. സെഗ്മെൻ്റിലെ മറ്റ് ചില ഒറിജിനൽ കാറുകൾ നേടുന്നതിനേക്കാൾ കച്ചോടമാണ് ടൈസറിന് സ്വന്തമാക്കാനാവുന്നത്.

മാരുതി സുസുക്കി ഫ്രോങ്ക്‌സിലുള്ള അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ടൈസറും വിപണിയിലെത്തുന്നത്. 1.2 NA മോഡലുകൾ 89 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ടർബോചാർജ്ഡ് എഞ്ചിൻ 99 bhp പവറിൽ 148 Nm ടോർക്ക് വരെ വികസിപ്പിക്കാൻ യോഗ്യമാണ് 5-സ്പീഡ് മാനുവൽ 5-സ്പീഡ് എഎംടി, ടർബോ പെട്രോളിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയാണ് ഗിയർബോക്‌സ് കോമ്പിനേഷനുകൾ.
മാരുതിയുടെ എഞ്ചിനായതിനാൽ പിന്നെ മൈലേജിൻ്റെ കാര്യത്തിൽ ടൈസറിനെ സംശയിക്കേണ്ടതില്ല. ഫ്രോങ്ക്‌സിൻ്റെ റീബാഡ്‌ജ് മോഡലിലെ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോളിന് 21.7 മുതല്‍ 22.8 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാനാവും. അതേസമയം മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ പതിപ്പുകൾ ലിറ്ററിന് 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അതേസമയം ഈ എഞ്ചിനുമായി വരുന്ന ഓട്ടോമാറ്റിക് വേരിയൻ്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. സിഎൻജി 28.51 കിലോമീറ്ററും നൽകുമെന്നും ടൊയോട്ട അവകാശപ്പെടുന്നുണ്ട്. ടൈസറിന് 3 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറണ്ടിയാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഇത് 5 വർഷം അല്ലെങ്കിൽ 220,000 കിലോമീറ്റർ വരെ നീട്ടാനുമാവും. 24x7 റോഡ്‌സൈഡ് അസിസ്റ്റൻസും ടൊയോട്ടയുടെ എക്‌സ്‌പ്രസ് മെയിന്റനൻസ് പ്രോഗ്രാമും ടൈസറിനൊപ്പം തെരഞ്ഞെടുക്കാനാവും.
ഡിസൈനിലേക്ക് വന്നാൽ അർബൻ ക്രൂയിസർ ടൈസറിൻ്റെ അടിസ്ഥാന രൂപം ഫ്രോങ്ക്സിന് സമാനമാണ്. എങ്കിലും ടൊയോട്ടയുടെ അഡ്രസ് നൽകുവാനായി ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ പുതിയതും ബോൾഡുമായ ഹണികോമ്പ് ഗ്രിൽ, അതിന് മധ്യഭാഗത്ത് ടൊയോട്ട ലോഗോ, പുതിയ ഡ്യുവൽ എൽഇഡി ഡിആർഎൽ, ബൂട്ടിൽ എൽഇഡി ടെയിൽലൈറ്റുകൾ, റീസ്റ്റൈൽ ചെയ്ത അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിന് അഴക് സമ്മാനിക്കുന്നത്.

എക്സ്റ്റീരിയറിലേത് പോലെ കാര്യമായ മാറ്റങ്ങളൊന്നും ടൊയോട്ട ടൈസറിന് ലഭിക്കുന്നില്ല. ഫ്രോങ്ക്‌സിലെ അതേ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, MID യൂണിറ്റുള്ള ട്വിൻ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോൾ, പുതിയ ഡ്യുവൽ-ടോൺ തീം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കണക്റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ,6 സ്പീക്കർ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, പിൻ എസി വെൻ്റുകൾ തുടങ്ങിയ ഫീച്ചറുകളും അതേപടി കോപ്പിയടിച്ചിട്ടുണ്ട്.
അർബൻ ക്രൂയിസർ ടൈസറിൻ്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ഉൾപ്പെടുത്തി ടൊയോട്ട അടുത്തിടെ പരിഷ്ക്കരിച്ചിരുന്നു. സേഫ്റ്റിയെ കുറിച്ച് ആശങ്കയുള്ളവർക്കുള്ള ഉത്തരമാണ് ഈയൊരു നീക്കം. ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകളാണ് ഈ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 7.21 ലക്ഷം രൂപ മുതൽ 12.06 ലക്ഷം രൂപ വരെയാണ് ടൊയോട്ടയുടെ ഫ്രോങ്ക്‌സിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








